Connect with us

Gulf

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ പ്രവാസികള്‍ക്ക് താത്പര്യമില്ല

Published

|

Last Updated

ദുബൈ: പ്രവാസികള്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ വലിയ താത്പര്യമില്ല. കേരളത്തിലെ വോട്ടര്‍പ്പട്ടികയനുസരിച്ച് ഇതുവരെ 11,174 പ്രവാസികള്‍ മാത്രമാണ് വോട്ടവകാശം നേടിയത്. ഇതില്‍ സ്ത്രീകള്‍ വെറും 570 മാത്രം. 15 ലക്ഷത്തിലേറെ മലയാളികള്‍ വിദേശത്ത് ജോലിചെയ്യുമ്പോഴാണ് ഈ അവസ്ഥ. നാട്ടിലുണ്ടെങ്കില്‍ മാത്രമേ വോട്ടുരേഖപ്പെടുത്താനാവൂ എന്നതാണ് പ്രവാസികള്‍ക്ക് ഇതിനോട് താത്പര്യം കുറയാന്‍ കാരണം.
ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലപ്പുറം മണ്ഡലത്തില്‍നിന്നുപോലും 736 പേരേ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളൂ. ഈ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വോട്ടവകാശം നേടിയത് വടകര ലോക്‌സഭാ മണ്ഡലത്തിലാണ് 3,196 പേര്‍. ഇതില്‍ 42 പേര്‍ സ്ത്രീകളാണ്. തൊട്ടുപിന്നില്‍ പൊന്നാനിയാണ് 1,558 (സ്ത്രീകള്‍ 25). കണ്ണൂരില്‍ 1,538 പേര്‍. സ്ത്രീകള്‍ 40.
നാട്ടില്‍നിന്നകന്ന് പഠനത്തിനോ ജോലിക്കോ വിദേശത്ത് കഴിയുന്നവര്‍ക്കാണ് പ്രവാസി വോട്ടറാവാന്‍ അവസരം നല്‍കിയത്. ഇവര്‍ക്ക് മറ്റുരാഷ്ട്രങ്ങളുടെ പൗരത്വം പാടില്ല. 2011 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. പട്ടികയില്‍ പേര് ചേര്‍ത്താല്‍ ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വോട്ടിടാം.
വോട്ടവകാശം കിട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പാസ്‌പോര്‍ട്ട് രേഖകള്‍ സഹിതം അതത് രാജ്യത്തെ ഇന്ത്യന്‍ കമ്മീഷന്‍ ഓഫീസില്‍ നല്‍കണം. ഈ ഓഫീസ് അംഗീകരിച്ചാല്‍ മാത്രമേ പേര് ചേര്‍ക്കാനാവൂ. ഇതിന് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടില്ല. നാട്ടില്‍ വോട്ടിടാനെത്തുമ്പോള്‍ പാസ്‌പോര്‍ട്ടാണ് ഹാജരാക്കേണ്ടത്.
മറ്റ് മണ്ഡലങ്ങളിലെ പ്രവാസി വോട്ടര്‍മാര്‍ (ബ്രാക്കറ്റില്‍ സ്ത്രീകളുടെ എണ്ണം): കാസര്‍കോട് 823 (28), വയനാട് 252 (13), കോഴിക്കോട് 497(30), പാലക്കാട് 76(12), ആലത്തൂര്‍ 122(10), തൃശ്ശൂര്‍ 251(26), ചാലക്കുടി 354(40), എറണാകുളം 121(30), ഇടുക്കി 102(26), കോട്ടയം 185(43), ആലപ്പുഴ 105(10), മാവേലിക്കര 256(38), പത്തനംതിട്ട 536(83), കൊല്ലം 183(16), ആറ്റിങ്ങല്‍ 234(20), തിരുവനന്തപുരം 91(21). തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പാറശ്ശാല, നെയ്യാറ്റിന്‍കര എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഒരു പ്രവാസി വോട്ടര്‍പോലുമില്ല.

Latest