തര്‍ക്കത്തിനൊടുവില്‍ മോദിക്ക് വാരാണസി

Posted on: March 15, 2014 10:30 pm | Last updated: March 16, 2014 at 12:56 am
SHARE

MODIന്യൂഡല്‍ഹി: ആര്‍ എസ് എസിന്റെ സമ്മര്‍ദത്തിന് വഴങ്ങി ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷി പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് വേണ്ടി ഉത്തര്‍പ്രദേശിലെ വാരണസി ഒഴിഞ്ഞുകൊടുത്തു. സുരക്ഷിത മണ്ഡലം തേടിനടന്ന മോഡിക്ക് വേണ്ടി സിറ്റിംഗ് സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ ബി ജെ പി നേതാക്കളാരും തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മോദിയുടെതുള്‍പ്പെടെയുള്ള നാലാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. മോദിക്ക് വേണ്ടി സീറ്റ് വിട്ട് നല്‍കിയ മുരളീ മനോഹര്‍ ജോഷി കാണ്‍പൂര്‍ മണ്ഡലത്തില്‍ മത്സരിക്കും.

ഇന്നലെ മണിക്കൂറുകളോളം നീണ്ട പാര്‍ട്ടി തിരഞ്ഞെടുപ്പ് യോഗത്തില്‍ മുരളീമനോഹര്‍ ജോഷി വാരാണസി വിട്ടു നല്‍കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി.
എന്നാല്‍ ജോഷിക്ക് സമ്മതമാണെങ്കില്‍ മാത്രമേ വാരാണാസിയില്‍ മത്സരിക്കുകയുള്ളൂവെന്ന് മോദി യോഗത്തില്‍ അറിയിച്ചു.
ഒടുവില്‍ ആര്‍ എസ് എസ് അനുകൂലികളായ നേതാക്കള്‍ മോദിക്ക് വേണ്ടി ശക്തമായി രംഗത്തെത്തിയതോടെയാണ് ജോഷി അയഞ്ഞത്. ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ലക്‌നോ മണ്ഡലത്തില്‍ മത്സരിക്കും. ലക്‌നോവിലെ സിറ്റിംഗ് എം പി കല്‍രാജ് മിശ്ര ദിയോറിയയില്‍ മത്സരിക്കും. റാവു ഇന്ദര്‍ജിത് സിംഗ് ഗുഡ്ഗാവില്‍ നിന്ന് മത്സരിക്കും. കൃഷ്ണപാല്‍ ഗുജ്ജാര്‍ ഫരീദാബാദില്‍ നിന്നും രമേശ് കൗഷിക് സോണിപത്തില്‍ നിന്നും മത്സരിക്കും.