മൂന്നര മാസത്തിനുശേഷം നാല് പ്രതികള്‍കൂടി അറസ്റ്റില്‍

Posted on: March 15, 2014 12:55 pm | Last updated: March 15, 2014 at 12:55 pm
SHARE

മണ്ണാര്‍ക്കാട്: കല്ലാംകുഴിയിലെ സുന്നി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മൂന്നര മാസത്തിനുശേഷം നാല് പേര്‍ കൂടി അറസ്റ്റിലായി. ആറാം പ്രതിയായ കല്ലാംകുഴി പാളയംകോടന്‍ സലാഹുദീന്‍ (21), ഏഴാം പ്രതി മങ്ങാട്ടുതൊടി ഷമീര്‍ (23), 18ാം പ്രതി ചീനത്ത് ഫാസില്‍ (21), 23ാം പ്രതി തെക്കുംപുറവന്‍ ഫാസില്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴിന് തച്ചമ്പാറ ഇസാഫ് ആശുപത്രിയുടെ പരിസരത്ത് വെച്ചാണ് നാല് പ്രതികളെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

2013 നവംബര്‍ 20ന് രാത്രി ഒമ്പതിനായിരുന്നു രണ്ട് സുന്നി പ്രവര്‍ത്തകര്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. എസ് വൈ എസ് യൂനിറ്റ് സെക്രട്ടറി പള്ളത്ത് നൂറുദ്ദീന്‍, സഹോദരനും സുന്നി പ്രവര്‍ത്തകനുമായ പള്ളത്ത് ഹംസ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സഹോദരന്‍ കുഞ്ഞാന്‍ എന്ന കുഞ്ഞിമുഹമ്മദ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
ഒരു കുടുംബത്തിലെ മൂന്ന് പേരെയും കൊലചെയ്യാന്‍ കരുതികൂട്ടി ഗൂഢാലോചന നടത്തുകയായിരുന്നു. കല്ലാംകുഴിക്കു മസ്ജിദില്‍ ചേളാരി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉള്ള തണല്‍ എന്ന സംഘടനയുടെ അന്യായ പിരിവ് നാട്ടുകാര്‍ക്ക് അസഹ്യമായതിനെ തുടര്‍ന്ന് പള്ളത്ത് ഹംസ വഖഫ് ട്രൈബ്യുണലില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. പിരിവ് നിരോധിച്ച് വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതില്‍ വിറളിപൂണ്ട ചേളാരി വിഭാഗം ലീഗ് ഗുണ്ടകളുടെ ഒത്താശയോടെയാണ് കൊലപാതകം നടപ്പാക്കിയത്.
കൊലപാതകം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിലും അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനുവേണ്ടി ഒത്താശ ചെയ്തുകൊടുത്തതിലും പ്രതിഷേധിച്ച് ഈ മാസം ആറിന് സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴുണ്ടായ അറസ്റ്റ്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ദൃക്‌സാക്ഷികളെ വധഭീഷണി മുഴക്കിയതായി ഷൊര്‍ണൂര്‍ ഡി വൈ എസ് പിക്ക് പരാതി നല്‍കിയിരുന്നു.
ഇതോടൊപ്പം നവംബര്‍ 17ന് കൊലക്കേസിലെ ഒന്നാം പ്രതിയും കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിദ്ദീഖിന്റെ വീട്ടില്‍ നടന്ന ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഭരണകക്ഷിയുടെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലാണ് കേസന്വേഷണവും പ്രതികളെ അറസ്റ്റ് ചെയ്യുന്നതും വൈകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ കേസില്‍ 21 പ്രതികളെ പിടികൂടാനെ പോലീസിനു സാധിച്ചിട്ടുള്ളൂ. ഒരാള്‍ വിദേശത്തേക്ക് കടന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും പിടികൂടാനുള്ള നടപടികള്‍ വൈകുകയാണ്.