ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ചൂട്: മണല്‍ക്കടത്ത് വീണ്ടും സജീവം

Posted on: March 15, 2014 12:53 pm | Last updated: March 15, 2014 at 12:53 pm
SHARE

മണ്ണാര്‍ക്കാട്: ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായത് മണല്‍കടത്തുകാര്‍ക്ക് അനുഗ്രഹമാകുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള പുഴകളിലും തോടുകളിലും മണല്‍കടത്ത് ഇപ്പോള്‍ വ്യാപകമായിരിക്കയാണ്.
പാലങ്ങള്‍ക്കുപോലും ഭീഷണിയാകുന്ന തരത്തിലാണ് മിക്കയിടത്തും മണല്‍വാരല്‍. കുന്തിപ്പുഴയുടെയും നേന്ത്രപ്പുഴയുടെയും പല ഭാഗങ്ങളില്‍നിന്നായി നിത്യേന ലോഡ് കണക്കിന് മണലാണ് കടത്തിക്കൊണ്ടുപോകുന്നത്. മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന് മുന്‍വശത്തു കൂടിപ്പോലും ദിവസവും ടിപ്പറുകളും ലോറികളും മണല്‍കയറ്റി കുതിച്ചുപായുകയാണ്.
പുഴയുടെ പല ഭാഗത്തും വന്‍ ഗര്‍ത്തങ്ങള്‍വരെയുണ്ടാക്കി പുഴയിലെ തുരുത്തില്‍ മണല്‍ശേഖരിച്ചുവെച്ച് രാത്രികാലങ്ങളിലാണ് മണല്‍ക്കടത്ത്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പൂഞ്ചോലപ്പുഴയോരത്ത് വ്യാപകമായതോതില്‍ ശേഖരിച്ചുവെച്ചിരുന്ന മണല്‍ശേഖരം പോലീസ് കസ്റ്റഡിയിലെടുത്ത് നിര്‍മിതിക്ക് വിട്ടുനല്‍കിയിരുന്നു. കുന്തിപ്പുഴ, നേന്ത്രപ്പുഴ, കൊപ്പം അമ്പംകടവ്, പൊമ്പ്ര, ചങ്ങലീരി, ചൂരിയോട്, മാസപ്പറമ്പ്, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലെല്ലാം മണല്‍വാരല്‍ നടക്കുന്നുണ്ട്.