Connect with us

Ongoing News

മഞ്ഞ തെളിഞ്ഞിട്ട് അറുപത് വര്‍ഷം

Published

|

Last Updated

ബ്രസീല്‍ മഞ്ഞപ്പടയായി മാറിയിട്ട് അറുപത് വര്‍ഷം പിന്നിട്ടു. 1954 മാര്‍ച്ച് 14നായിരുന്നു ബ്രസീല്‍ ഫുട്‌ബോള്‍ ടീം ആദ്യമായി മഞ്ഞ ഷര്‍ട്ടും നീല ഷോട്‌സും ധരിച്ചിറങ്ങിയത്. മാറക്കാനയില്‍ ചിലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു കൊണ്ട് തുടക്കം ശുഭകരമാക്കി. പിന്നീടിങ്ങോട്ട് വീഴ്ചയിലും താഴ്ചയിലും ബ്രസീല്‍ താരങ്ങള്‍ മഞ്ഞയായി; മഞ്ഞപ്പടയായി. ലോകഫുട്‌ബോളിലെ മാറക്കാന ട്രാജഡിയില്‍ നിന്ന് മുക്തി നേടാനായിരുന്നു ജഴ്‌സി മാറ്റം. റിയോയിലെ പത്രം കോറിയോ ഡ മന്‍ഹയില്‍ പരസ്യം ചെയ്തതനുസരിച്ച് പുതിയ ജഴ്‌സി രൂപകല്പന ചെയ്യാന്‍ മൂന്നൂറിലധികം എന്‍ട്രികള്‍ ലഭിച്ചു. പത്തൊമ്പതു വയസുള്ള ചിത്രകാരന്‍ അല്‍ഡിയര്‍ ഗാര്‍സിയ ഷ്‌ലീയാണ് ദേശീയ പതാകയുമായി യോജിച്ചു പോകുന്ന കുപ്പായം രൂപകല്പന ചെയ്തത്. സൗന്ദര്യം, മാനസികാധിപത്യം, സംസ്‌കാരം എന്നിവയെല്ലാം മഞ്ഞജഴ്‌സിയിലൂടെ വിഭാവനം ചെയ്തു. ബ്രസീല്‍ ലോകകിരീടങ്ങള്‍ ഒന്നൊന്നായി ഉയര്‍ത്തിയത് മഞ്ഞയുടെ കരുത്തിലായിരുന്നു.
2002 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നോക്കൗട്ട് റൗണ്ടില്‍ ബ്രസീല്‍ നീല ജഴ്‌സിയിലാണ് കളിച്ചത്. ഒരു ഗോളിന് പിറകിലായ ബ്രസീല്‍ റൊണാള്‍ഡീഞ്ഞോയുടെ പാസില്‍ റിവാള്‍ഡോയിലൂടെ ഗോള്‍ മടക്കി. റിവാള്‍ഡോ നീല ഷര്‍ട്ടൂരിയപ്പോള്‍ അതാ മഞ്ഞ ഷര്‍ട്ട്. ഗ്രൗണ്ടില്‍ മഞ്ഞ തെളിഞ്ഞു. ബ്രസീല്‍ ബ്രസീലായി. റൊണാള്‍ഡീഞ്ഞോയുടെ കരിയില ഫ്രീകിക്കില്‍ ഗോളി സീമാനെ കീഴടക്കി, ബ്രസീല്‍ കിരീടക്കുതിപ്പ് നടത്തി. റിവാള്‍ഡോ മഞ്ഞയണിഞ്ഞത് ഒരു ധൈര്യത്തിനായിരുന്നത്രേ. അതേ മഞ്ഞയാണ് ബ്രസീലിന്റെ കരുത്ത്.

Latest