ടോട്ടനമിനെ തകര്‍ത്ത് ബെനഫിക്ക

Posted on: March 15, 2014 9:14 am | Last updated: March 15, 2014 at 9:14 am
SHARE

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ രണ്ടാമത്തെ വലിയ ചാമ്പ്യന്‍ഷിപ്പായ യൂറോപ ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോസ്പറിന് ഞെട്ടിക്കുന്ന തോല്‍വി. ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെനഫിക്ക അട്ടിമറിച്ചു. ബ്രസീലിയന്‍ ലൂയി സാവോയുടെ ഇരട്ട ഗോളുകള്‍ ടോട്ടനമിന് കനത്ത ആഘാതമായി. റോഡ്രിഗോയാണ് മറ്റൊരു സ്‌കോറര്‍.
ഇരുപത്തെട്ടാം മിനുട്ടില്‍ റോഡ്രിഗോയുടെ ലീഡ് ഗോളില്‍ ആദ്യ പകുതിയില്‍ ബെനഫിക്ക മുന്നിട്ടു നിന്നു. അമ്പത്തെട്ടാം മിനുട്ടില്‍ ലൂയിസാവോയിലൂടെ ലീഡ് വര്‍ധിപ്പിച്ചു. അറുപത്തിനാലാം മിനുട്ടില്‍ എറിക്‌സന്‍ ഫ്രീകിക്കിലൂടെ ടോട്ടനമിന് സ്‌കോര്‍ ചെയ്തു.
ഒരു എവേ ഗോള്‍ നേടിയതിന്റെ ആവേശത്തിലായിരുന്നു ടോട്ടനം. എന്നാല്‍, എണ്‍പത്തിമൂന്നാം മിനുട്ടില്‍ ലൂയിസാവോ വീണ്ടും വല കുലുക്കി (3-1). ആദ്യ പാദ പ്രീക്വാര്‍ട്ടറുകളില്‍ സ്പാനിഷ് ക്ലബ്ബുകള്‍ മികച്ച ജയം നേടിയപ്പോള്‍ ഇറ്റാലിയന്‍ ടീമുകള്‍ക്ക് കാലിടറി.
സ്പാനിഷ് ക്ലബ്ബ് വലന്‍ഷ്യ എവേ മത്സരത്തില്‍ 3-0ന് ലുഡോഗോറെറ്റ്‌സിനെയും റയല്‍ ബെറ്റിസ് 2-0ന് സെവിയ്യയെയും തോല്‍പ്പിച്ചു. ഇറ്റാലിയന്‍ ടീം നാപോളി പോര്‍ച്ചുഗല്‍ ടീം എഫ് സി പോര്‍ട്ടോയോട് 1-0ന് തോറ്റപ്പോള്‍ ജുവെന്റസ് 1-1 ഫിയോറന്റീനയോട് സമനിലയായി. ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ 4-1ന് വിക്‌ടോറിയ പ്ലിസെനെ തോല്‍പ്പിച്ചു. രണ്ടാം പാദം ഈ മാസം ഇരുപതിന് നടക്കും.