തങ്ങള്‍പടി – കെട്ടുങ്ങല്‍ താത്കാലിക നടപ്പാലം തകര്‍ന്നു

Posted on: March 15, 2014 9:04 am | Last updated: March 15, 2014 at 9:04 am
SHARE

അണ്ടത്തോട്: തങ്ങള്‍പടി കെട്ടുങ്ങലിലെ താത്കാലിക നടപ്പാലം തകര്‍ന്നു. ഏത്‌നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് പാലം. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതും ഒട്ടേറെ ജനങ്ങള്‍ ഉപയോഗിക്കുന്നതുമായ നടപ്പാലമാണ് അറ്റുകുറ്റപണികള്‍ ചെയ്യാത്തതിനാല്‍ അപകടാവസ്ഥയിലായത്.
ചെറായി, അയിരൂര്‍, കാപ്പിരിക്കാട്, കണ്ടുബസാര്‍, പുന്നയൂര്‍ക്കുളം തുടങ്ങിയ മേഖലയിലുള്ളവര്‍ക്ക് ഏറെ പ്രയോജന പ്രദമായ പാലമണിത്. അപകടാവസ്ഥയിലുള്ള ഈ പാലത്തിലൂടെ കഴിഞ്ഞ ദിവസം യാത്ര ചെയ്ത നാലകത്ത് തിത്തുമ്മു പാലത്തിന്റെ ചവിട്ടുപ്പടി മുറിഞ്ഞു വീണ് പരുക്കേറ്റിരുന്നു. ഇങ്ങനെ നിരവധി പേര്‍ പാലത്തില്‍ നിന്ന് തോട്ടിലേക്ക് വീണ് പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്. എന്നിട്ടും പുതിയ പാലം നിര്‍മിക്കാനോ അറ്റുക്കുറ്റപ്പണി നടത്താനോ അധികൃതര്‍ തയ്യാറായിട്ടില്ല.
ഇവിടെ പാലം പണിയണം എന്ന ജനങ്ങളുടെ മുറവിളി ഇതുവരെയും അധികൃതര്‍ ചെവികൊണ്ടിട്ടില്ല. ഈ മുറവിളിക്ക് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. വാഹന ഗതാഗതത്തിന് അനുയോജ്യമായ പാലം പണിയാനുള്ള ഫണ്ട് ജില്ലാ പഞ്ചായത്ത് ഫണ്ടും ഗ്രാമപഞ്ചായത്തിന്റെ ഫണ്ടും പാസാക്കി രണ്ട ്‌വര്‍ഷം പിന്നിട്ടിട്ടും പാലം പണി നടത്തന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. രാഷ്ട്രീയ പകപോക്കലാണ് പാലം പണി നീട്ടികൊണ്ടു പോകുന്നതിന് ഇടയാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പുന്നയൂര്‍ക്കുളം ഡിവിഷന്‍ മെമ്പറും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍ പി ബഷീര്‍ കുറ്റപ്പെടുത്തി. നിരവധി തവണ ജനങ്ങള്‍ പിരിവിട്ടാണ് പാലം അറ്റകുറ്റപണി നടത്തിയത്. മുളയും കവുങ്ങും ഉപയോഗിച്ച് നിര്‍മിച്ച പാലത്തിലൂടെ ദിനംപ്രതി നൂറ് കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്നുന്നുണ്ട്. അപകടം പതിവായതെടെ പലരും ഇതുവഴിയുള്ള യാത്ര വേണ്ടന്ന് വെച്ചിരിക്കുകയാണ്.