Connect with us

Thrissur

വേനല്‍ച്ചൂടില്‍ ആശ്വാസമേകാന്‍ പഴവെള്ളരി കച്ചവടം സജീവം

Published

|

Last Updated

കൈപ്പമംഗലം: കടുത്ത വേനല്‍ ചൂടില്‍ നിന്ന് സംരക്ഷണം പ്രദാനം ചെയ്യുന്ന പഴ വെള്ളരി തീരദശങ്ങള്‍ക്കൊപ്പം നഗരങ്ങളിലും വ്യാപകമാകുന്നു. ചില പ്രദേശങ്ങളില്‍ കക്കിരിയെന്നും പൊട്ടുവെള്ളരിയെന്നും അറിയപ്പെടുന്ന പഴവെള്ളരി സാധാരണയായി കൃഷി ചെയ്തു വരുന്നത് ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. വെള്ളരിക്കയുടെ മറ്റൊരു വകഭേദമായ പഴവെള്ളരി പച്ചക്ക് കഴിക്കാനാണ് ആളുകള്‍ വേനല്‍ക്കാലത്ത് കൂടുതലായും ഉപയോഗിക്കുന്നത്.
വെള്ളരിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ തോത് നിയന്ത്രിക്കും. ചൂടുകാലത്ത് ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്ന ജലാംശത്തിന് പകരം വേണ്ടത്ര ജലാംശം നല്‍കാന്‍ പഴവെള്ളരിക്ക ഉപകാരപ്പെടും. കൂടുതലായും തീരദേശ മേഖലയില്‍ കൃഷി ചെയ്യുന്ന പഴ വെള്ളരിക്കക്ക് വേനല്‍ക്കാലത്ത് ആവശ്യക്കാര്‍ ഏറെയാണ്. തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ഇവ കൂടുതലായും കൃഷി ചെയ്തു വരുന്നത്. പഴ വെള്ളരി തൈകള്‍ 20 ദിവസങ്ങള്‍ കഴിയുമ്പോഴേക്കും പൂവിടുകയും 47 മുതല്‍ 57 ദിവസത്തിനുള്ളില്‍ വിളവെടുക്കുകയും ചെയ്യാം. അത് കൊണ്ട് തന്നെ വേനല്‍ക്കാലത്ത് നിരവധി പേരാണ് ഈ കൃഷി നടത്തുന്നത്.
ഒരു കിലോ പഴ വെള്ളരിക്കക്ക് നിലവില്‍ 30 മുതല്‍ 40 രൂപ വരെയാണ് വില. ദേശീയ പാതയോരങ്ങളില്‍ പഴ വെള്ളരി സ്റ്റാളുകള്‍ സാധാരണമായിക്കഴിഞ്ഞു. അത്യുഷ്ണം അനുഭവപ്പെടുന്ന വേനല്‍ക്കാലത്ത് ശരീരത്തിനും മനസ്സിനും കുളിര്‍മ പകരാന്‍ പഴ വെള്ളരിയോളം മികച്ച വേറൊരു പച്ചക്കറി ഇനമില്ലെന്നതാണ് വാസ്തവം.