Connect with us

Wayanad

തിരഞ്ഞെടുപ്പ് യുവജന വഞ്ചനക്ക് എതിരായ വിധിയെഴുത്തായി മാറും: കെ രാജന്‍

Published

|

Last Updated

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം യുവജന വഞ്ചനക്ക് എതിരായ വിധിയെഴുത്തായി മാറുമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി അഡ്വ കെ രാജന്‍ പറഞ്ഞു. വേണം പുതിയൊരു ഇന്ത്യ, ഇടതുപക്ഷമാണ് വഴി എന്ന മുദ്രാവാക്യം ഉയര്‍ത്തി കല്‍പ്പറ്റയില്‍ എ ഐ വൈ എഫ് സംഘടിപ്പിച്ച യുവജന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റവും അഴിമതിയും ജനവിരുദ്ധതയുമെല്ലാം മുഖമുദ്രയാക്കിയ യു പി എ സര്‍ക്കാറും കോണ്‍ഗ്രസും തിരഞ്ഞെടുപ്പില്‍ ഇതിന് വലിയ വില നല്‍കേണ്ടിവരും. ആര് വിചാരിച്ചാലും രക്ഷപ്പെടുത്താന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് തന്നെ അതിന്റെ കുഴിതോണ്ടിയെന്ന് തിരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയ ഒരു വാഗ്ദാനം പോലും പാലിക്കാതെ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് എം പിമാരില്‍ ഒരാളാണ് എം ഐ ഷാനവാസ് എന്നതിന് തെളിവാണ് ഇന്നലെ മാനന്തവാടിയിലെ കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ അദ്ദേഹത്തിന് ഉണ്ടായ തിക്താനുഭവം. നാട്ടുകാര്‍ മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കാരും മുന്നണി പ്രവര്‍ത്തകര്‍ പോലും ഇതേപോലെ കേരളത്തിലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നേരിടുകയാണെന്നും രാജന്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോഴും കര്‍ഷക രക്ഷക്കായി ചെറുവിരലനക്കാത്ത ജനപ്രതിനിധികള്‍ അതിന്റെ ഫലം അനുഭവിക്കുക തന്നെ ചെയ്യും. ശതകോടികളുടെ അഴിമതിക്കഥകളാല്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ പോലും മലീമസമാക്കിയ കോണ്‍ഗ്രസിനും വര്‍ഗീയ വികാരവും മതഭ്രാന്തും ഉളക്കി ജനാധിപത്യ- മതേതര സങ്കല്‍പത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി ജെ പിക്കും കനത്ത താക്കീതാവും ഈ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ അടക്കമുള്ള വോട്ടര്‍മാര്‍ നല്‍കുകയെന്നും കെ രാജന്‍ ചൂണ്ടിക്കാട്ടി.
എ ഐ വൈ എഫ് സംസ്ഥാന ഭാരവാഹികളായ മഹേഷ് കക്കത്ത്, പി ഗവാസ്, അജയ് ആവള, ജില്ലാ സെക്രട്ടറി കെ കെ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് സി പി മുഹമ്മദാലി അധ്യക്ഷനായിരുന്നു.

Latest