കുറ്റം തെളിഞ്ഞാല്‍ സജീവ രാഷ്ട്രീയം വിടും: എ രാജ

Posted on: March 15, 2014 9:01 am | Last updated: March 15, 2014 at 9:01 am
SHARE

ഗൂഡല്ലൂര്‍: ടൂജി സ്‌പെക്ട്രം അഴിമതി ആരോപണം തെളിയിച്ചാല്‍ സജീവ രാഷ്ട്രീയം വിടുമെന്ന് ഡി എം കെ നീലഗിരി മണ്ഡലം സ്ഥാനാര്‍ഥിയും സിറ്റിംഗ് എം പിയുമായ എ രാജ പറഞ്ഞു. ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടൂജി സ്‌പെക്ട്രം കേസില്‍ ഞാന്‍ നിരപരാധിയാണ്. ടൂജി സ്‌പെക്ട്രം അഴിമതി കേസില്‍ 1.77 ലക്ഷം കോടി രൂപയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടായെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് അത് 33,000 കോടി രൂപയായി കുറയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എന്റെ വീടുകള്‍ ഉള്‍പ്പെടെയുള്ള 33 സ്ഥാപനങ്ങളിലും മറ്റും സി ബി ഐ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒരു തെളിവുപോലും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. ഒരു വര്‍ഷം ഞാന്‍ ജയിലില്‍ കിടന്നെങ്കിലും ഞാനായിട്ട് ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. പാര്‍ട്ടിയാണ് എന്നെ ജാമ്യത്തിലിറക്കിയത്. കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് പോയത് കാര്യമാക്കുന്നില്ല. ഞാന്‍ ടെലികോം മന്ത്രിയായിരുന്നപ്പോള്‍ 30 കോടി സെല്‍ഫോണ്‍ ഉപഭോക്താക്കള്‍ ഉണ്ടായിരുന്നത് 90 കോടിയാക്കി മാറ്റി.
ഒരു രൂപയുണ്ടായിരുന്ന കോള്‍ചാര്‍ജ് അന്‍പത് പൈസയാക്കി കുറച്ചു. തന്റെ പ്രസംഗത്തില്‍ രാജ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ രൂക്ഷമായാണ് വിമര്‍ഷിച്ചത്. അവര്‍ പൂര്‍ണമായും കളങ്കിതയാണ്.
മൂന്ന് വര്‍ഷം മുമ്പ് നീലഗിരിയിലെ ഗൂഡല്ലൂര്‍-ഊട്ടി ഭാഗങ്ങളിലുണ്ടായ മഴക്കെടുതിയില്‍ വന്‍നാശം സംഭവിച്ചപ്പോഴും ഡല്‍ഹിയിലുണ്ടായിരുന്ന ഞാന്‍ ഉടന്‍ ഇവിടെയെത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡി എം കെ ജില്ലാ സെക്രട്ടറിയും കുന്നൂര്‍ എം എല്‍ എയുമായ കെ രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ബി എം മുബാറക്, പാണ്ഡ്യരാജ്, എ ലിയാക്കത്തലി എന്നിവര്‍ പ്രസംഗിച്ചു. ഗൂഡല്ലൂര്‍ എം എല്‍ എ എം ദ്രാവിഡമണി, രാജേന്ദ്രന്‍, രാജ, കാശിലിംഗം, നാസറലി, രവികുമാര്‍, സിദ്ധീഖലി, മുസ്തഫ, ഘടക കക്ഷി പ്രതിനിധികളായ സഹദേവന്‍ (വിടുതലൈ ശിറുതൈ) കെ പി മുഹമ്മദ് ഹാജി, എം എ സലാം (മുസ് ലിം ലീഗ്) സ്വാദിഖ് ബാബു (മനിതനേയ മക്കള്‍ കക്ഷി) തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഗൂഡല്ലൂര്‍ ജാനകിയമ്മാള്‍ കല്ല്യാണമണ്ഡപത്തില്‍ ഡി എം കെയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനും നടന്നിരുന്നു. രാജ ഊട്ടി, കുന്നൂര്‍ എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. ഡി എം കെ സ്ഥാനാര്‍ഥി മാത്രമാണ് ഗൂഡല്ലൂരില്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരിക്കുന്നത്. മറ്റു പാര്‍ട്ടി സ്ഥാനാര്‍ഥികളൊന്നും ഇതുവരെ പ്രചാരണത്തിന് എത്തിയിട്ടില്ല.