Connect with us

Gulf

ഗള്‍ഫില്‍ കനത്ത പൊടിക്കാറ്റും മഴയും

Published

|

Last Updated

ദുബൈ: ഗള്‍ഫിലാകെ കനത്തപൊടിക്കാറ്റും ചാറ്റല്‍ മഴയും. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ കാറ്റ് ഇന്നലെ രാവിലെയോടെ പൊടിക്കാറ്റായി രൂപാന്തരപ്പെടുകയായിരുന്നു. മിക്കസ്ഥലങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷവും പൊടിക്കാറ്റും ജനജീവിതം ദുഃസഹമാക്കി. ദൂരക്കാഴ്ച നന്നേ കുറവായിരുന്നു. ചില സ്ഥലങ്ങളില്‍ റോഡപകടങ്ങള്‍ നടന്നു. താപനിലയും കുറവായിരുന്നു. ചില സ്ഥലങ്ങളില്‍ ഉഷ്ണ സാന്ദ്രത വര്‍ധിച്ചു.

യു എ ഇയില്‍ അബുദാബി, ഷാര്‍ജ, അല്‍ ഹംറ ഭാഗങ്ങളില്‍ വൈകുന്നേരത്തോടെ മഴ കനത്തു. വടക്കുപടിഞ്ഞാറന്‍ ഭാഗത്തു നിന്നാണ് കാറ്റുവീശിയത്. അടുത്ത 48 മണിക്കൂര്‍ മത്സ്യബന്ധനത്തിനിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ഞായറാഴ്ചവരെ കാലാവസ്ഥാ വ്യതിയാനം പ്രകടമായിരിക്കും.
ബഹ്‌റൈനില്‍ ആഞ്ഞുവീശിയ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി. ഇന്നലെ ഉച്ചയോടെയാണ് പൊടിക്കാറ്റ് ആരംഭിച്ചത്. ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. ചെറിയ വാഹനാപകടങ്ങളും ഉണ്ടായി. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സഊദി കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നലെ അനുഭവപ്പെട്ട പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു. നിരവധി വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. മണല്‍ കൂനകള്‍ രൂപപ്പെട്ടതിനാല്‍ പലയിടത്തും വാഹന ഗതാഗതം തടസ്സപ്പെട്ടു. പ്രവിശ്യയില്‍ മഴയുണ്ടാകുമെന്നു നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. പൊടിക്കാറ്റുമൂലം രണ്ടു കിലോമീറ്ററോളം കാണാന്‍ പ്രയാസമായിരുന്നു. കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചതായി ദമാം കിംഗ് അബ്ദുല്‍ അസീസ് പോര്‍ട്ട് വക്താവ് ഖാലിദ് സഅദ് അല്‍ മുതൈരി അറിയിച്ചു. മണിക്കൂറില്‍ 36 കിലോമീറ്റര്‍ വേഗത്തില്‍ കടലില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടെന്ന് അദ്ദേഹം അറിയിച്ചു. 500 മീറ്ററില്‍ താഴെ മാത്രമാണു കാണാന്‍ കഴിഞ്ഞതെന്നും ഖാലിദ് സഅദ് അല്‍ മുതൈരി അറിയിച്ചു.
പൊടിക്കാറ്റുമൂലം ശ്വാസതടസ്സവും മറ്റുമായി നിരവധി പേര്‍ ആശുപത്രികളില്‍ എത്തിയതായി കിഴക്കന്‍ പ്രവിശ്യാ ആരോഗ്യ കാര്യാലയ വക്താവ് അസ്അദ്് സഊദ് അറിയിച്ചു. പ്രവിശ്യയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പൊടിക്കാറ്റ് ഒരുദിവസംകൂടി നീണ്ടുനില്‍ക്കുമെന്നു കാലാവസ്ഥാ വിഭാഗം മുന്നിറിയിപ്പു നല്‍കിയിട്ടുണ്ട്.

Latest