സൂക്ഷിക്കുക, നിരീക്ഷകര്‍ പിന്നാലെയുണ്ട്

  Posted on: March 15, 2014 12:42 am | Last updated: March 15, 2014 at 12:42 am
  SHARE

  nireekshanamസ്ഥാനാര്‍ഥികളായി ഗോദയിലേക്ക് ഇറങ്ങുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഓരോ ചലനവും നിരീക്ഷണത്തിലാണ്. പോസ്റ്റര്‍ അടിക്കുന്നത് മുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രചാരണം വരെ. ചട്ടത്തിനപ്പുറം പോയാല്‍ പിടിവീഴും. മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരും കുടുങ്ങും. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്താന്‍ നാല് തരം നിരീക്ഷകരെയാണ് കമ്മീഷന്‍ കളത്തിലിറക്കിയിരിക്കുന്നത്. റിട്ടേണിംഗ് ഓഫീസര്‍മാരായ ജില്ലാ കലക്ടര്‍മാര്‍ക്ക് കീഴില്‍ ചെലവ് കണക്ക് നോക്കാന്‍ ഉദ്യോഗസ്ഥര്‍ വേറെയും. പൊതുനിരീക്ഷകര്‍, ചെലവ് നിരീക്ഷകര്‍, ബോധവത്കരണ നിരീക്ഷകര്‍, പോലീസ് നിരീക്ഷകര്‍ എന്നിങ്ങിനെ നാല് തരത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍. ഇരുപത് മണ്ഡലങ്ങളിലും ഓരോ പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരുമുണ്ടാകും. മറ്റു ഗണത്തില്‍ വരുന്നവരെ ആവശ്യാനുസരണം നിയോഗിക്കും.

  തിരഞ്ഞെടുപ്പിലെ പണക്കൊഴുപ്പ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റൊ പറയുന്നു. തമിഴ്‌നാടുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീരെ ഇല്ലായെന്ന് പറയേണ്ടി വരും. സാരി മുതല്‍ ടി വി വരെയാണ് വോട്ടുറപ്പിക്കാന്‍ ദ്രാവിഡ പാര്‍ട്ടികള്‍ നല്‍കുന്നത്. പണം നല്‍കുന്നവരും കുറവല്ല. കേരളം ഇക്കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നാണ് കമ്മീഷന്റെ പക്ഷം.
  പണച്ചെലവ് പരിശോധിക്കാന്‍ ഷാഡോ മോണിറ്ററിംഗ് ആണ് കമ്മീഷന്‍ നടത്തുന്നത്. ഓരോ സ്ഥാനാര്‍ഥിക്കും മൂന്ന് തവണ നോട്ടീസ് നല്‍കി പരിശോധന നടത്തും. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി സ്ഥാനാര്‍ഥികള്‍ പ്രത്യേക ബേങ്ക് അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്. ചെലവ് കണക്കുകള്‍ കൃത്യമായിരിക്കണം. സ്ഥാനാര്‍ഥികള്‍ നേരിട്ടോ ഏജന്റ് മുഖേനയോ ഇതെല്ലാം കമ്മീഷന് സമര്‍പ്പിക്കുകയും വേണം. ഫലപ്രഖ്യാപന ദിവസത്തെ ചെലവുകളും തിരഞ്ഞെടുപ്പ് ചെലവില്‍ പെടും. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കിടെ മൂന്ന് തവണയായി ചെലവ് കണക്ക് നല്‍കേണ്ടതുണ്ട്. ലോക്‌സഭാ മണ്ഡലത്തില്‍ എഴുപത് ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരിധി. നാല്‍പ്പത് ലക്ഷം രൂപയായിരുന്നത് കഴിഞ്ഞ മാസമാണ് ഉയര്‍ത്തിയത്. നിയമസഭാ മണ്ഡലത്തില്‍ 16 ലക്ഷമായിരുന്നത് 28 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്.
  നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള അവസാന ദിവസവും കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് ചെലവിന്റെ ആദ്യ പരിശോധന നടക്കുക. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമെല്ലാം പ്രചാരണം തുടങ്ങിയവര്‍ക്കും കമ്മീഷന്റെ മുന്നറിയിപ്പുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തും. എതിര്‍ സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായാല്‍ നടപടിയുമെടുക്കും. പെയ്ഡ് ന്യൂസും നിരീക്ഷണ വിധേയമാക്കും. ഏതെങ്കിലും സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ഇത്തരം വാര്‍ത്തകള്‍ വന്നാല്‍ ആ മാധ്യമത്തിന്റെ പരസ്യ നിരക്കു കണക്കാക്കി തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. കൂടുതല്‍ വിവാദങ്ങളുണ്ടായാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനക്ക് വിടുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
  പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന പരാതികള്‍ തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമെങ്കിലും നിരീക്ഷകരും കമ്മീഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇതിന് തീര്‍പ്പ് കല്‍പ്പിക്കുന്നത്. പൊതുനിരീക്ഷകരാണ് ഇത്തരം വിഷയങ്ങള്‍ പരിഗണിക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലാണ് പോലീസ് നിരീക്ഷകരെ വിന്യസിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയില്‍ നിന്നുള്ളവരുമാണ് നിരീക്ഷകരായി എത്തുക. പ്രശ്‌നബാധിത ബൂത്തുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായ ശേഷമാകും സംസ്ഥാനത്ത് പോലീസ് നിരീക്ഷകരെ വിന്യസിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ കമ്മീഷന്‍ തീരുമാനമെടുക്കുക.