Connect with us

Ongoing News

മോദിയെ 'വെട്ടിനിരത്താന്‍' ഗുജറാത്തിലേക്ക്‌

Published

|

Last Updated

കണ്ണൂര്‍: നാമനിര്‍ദേശപത്രിക വാങ്ങും മുമ്പ് ഇക്കുറി തമിഴ് മന്നന്‍ ആദ്യമെത്തിയത് ശബരിമലയില്‍. പിന്നെ പത്തനംതിട്ടയില്‍ നിന്ന് പത്രിക വാങ്ങി ഇനി നേരെ ഗുജറാത്തിലേക്ക്. ബി ജെ പി നേതൃത്വം മോദിയെ എവിടെ മത്സരിപ്പിക്കുമെന്നാണ് കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന തമിഴ്‌നാട്ടുകാരനായ പത്മരാജന് അറിയേണ്ടത്. ബി ജെ പിയുടെ പ്രഖ്യാപനം വന്നാലുടന്‍ മോദിക്കെതിരെ മത്സരിക്കാന്‍ പത്മരാജന്‍ പത്രിക നല്‍കും. വഡോദരയിലോ ഈസ്റ്റ് അഹമ്മദാബാദിലോ ആണ് മോദി മത്സരിക്കാന്‍ സാധ്യതയുള്ളതെന്നതിനാല്‍ രണ്ടിടത്തേക്കും എളുപ്പം ചെല്ലാനാകുന്നിടത്താണ് തമിഴ് മന്നന്‍ താമസിക്കുക. പ്രഖ്യാപനം വന്നയുടന്‍ ഇവിടെയെത്തി പത്രിക നല്‍കും. കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശിയായ പത്മരാജന്‍ അങ്കത്തട്ടിലെത്തുന്നത് 158ാം തവണയാണ്. 157 മത്സരങ്ങളാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ റെക്കോര്‍ഡിലുള്ളത്. 1988ല്‍ തമിഴ്‌നാട്ടിലെ മേട്ടൂര്‍ നിയോജ കമണ്ഡലത്തില്‍ അരങ്ങേറ്റം കുറിച്ച പത്മരാജന്‍ ഇന്ത്യയിലെ പ്രമുഖരായ ഒട്ടേറെ പേരുമായി അങ്കം കുറിച്ചിട്ടുണ്ട്. 157 തോല്‍വികള്‍ ഏറ്റുവാങ്ങിയ ഇദ്ദേഹം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ വിജയ പ്രതീക്ഷ കൈവിടാറില്ല. ഡോ. എ പി ജെ അബ്ദുല്‍കലാം, കെ ആര്‍ നാരായണന്‍, പ്രതിഭാ പാട്ടീല്‍ എന്നിവരോട് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ച പത്മരാജന്‍, ജയലളിത, കെ കരുണാകരന്‍, കരുണാനിധി, എ കെ ആന്റണി, യഡിയൂരപ്പ, വൈ എസ് രാജശേഖര റെഡ്ഢി തുടങ്ങിയവര്‍ക്കെല്ലാമെതിരെ മത്സരിച്ചിട്ടുണ്ട്. വാജ്‌പേയിക്കെതിരെ ലക്‌നോവിലും നരസിംഹറാവുവിനെതിരെ നന്ദ്യാലിലും മത്സരിച്ച പത്മരാജന്‍ ഡോ. മന്‍മോഹന്‍ സിംഗിനെതിരെയും കൊമ്പുകോര്‍ത്തു.

ദൂരസ്ഥലങ്ങളില്‍ നോമിനേഷന്‍ നല്‍കുന്നതിനുള്ള യാത്രാ ചെലവോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും തിരഞ്ഞെടുപ്പ് കമ്പം തലക്കുപിടിച്ച പത്മരാജനെ മത്സരങ്ങളില്‍ നിന്ന് പിന്‍വലിപ്പിക്കാറില്ല. ഇക്കുറി മോദിക്കെതിരെ മത്സരിക്കുന്നതിന് പുറമെ തമിഴ്‌നാട്ടിലെ തന്റെ കര്‍മകേന്ദ്രമായ ധര്‍മപുരിയിലും ഒരു കൈ നോക്കുന്നുണ്ട്. ധര്‍മ്മപുരിയില്‍ ഈ മാസം 29നാണ് പത്രിക സമര്‍പ്പിക്കുകയെന്ന് പത്മരാജന്‍ പറഞ്ഞു. ഡി എം കെയിലെ താരമശെല്‍വന്‍, എ ഡി എം കെയിലെ അഡ്വ. മോഹനന്‍ എന്നിവരാണ് പ്രധാന എതിരാളികള്‍. കുഞ്ഞിമംഗലത്തെ കുപ്പാടക്കത്ത് കുഞ്ഞമ്പു നായരുടെയും ശ്രീദേവി അമ്മയുടെയും മകനായ ധര്‍മരാജന്റെ തിരഞ്ഞെടുപ്പ് ചരിത്രം 2004ല്‍ ഗിന്നസ് ബുക്കിലും 2003ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടംപിടിച്ചിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി