വലത്തോട്ട് വലിയുന്ന റബ്ബര്‍ തോട്ടം

  Posted on: March 15, 2014 12:29 am | Last updated: March 15, 2014 at 12:29 am
  SHARE

  kottayamറബ്ബറിന്റെ നാട്ടില്‍ വോട്ടര്‍മാര്‍മാര്‍ക്ക് വലതുപാര്‍ട്ടികളോടാണ് ആഭിമുഖ്യം. ഇതുവരെ നടന്ന പതിനഞ്ച് ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ പത്തിലും വിജയിച്ചത് കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. വലതു മുന്നണിക്കു വേണ്ടി കൂടുതല്‍ തവണ മത്സരിച്ചത് കോണ്‍ഗ്രസായിരുന്നുവെങ്കില്‍ ഇടതു മുന്നണിയില്‍ സി പി എമ്മാണ് കൂടുതല്‍ തവണ പോരിനിറങ്ങിയത്. പതിനഞ്ചാമത് ലോക്‌സഭാ തിരഞ്ഞെടുപ്പോടെ പഴയ കോട്ടയം ലോക്‌സഭാ മണ്ഡലത്തിന് ഭൂമിശാസ്ത്രപരമായ വ്യത്യാസവുമുണ്ടായി. ചങ്ങനാശ്ശേരി, വാഴൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മാറി പകരം പാലായും പിറവവും മണ്ഡലത്തോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

  നിലവില്‍ കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി, കടുത്തുരുത്തി, വൈക്കം, പാലാ, പിറവം എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ, പിറവം എന്നീ അഞ്ചിടങ്ങളിലും യു ഡി എഫിനെ തുണച്ചു. ഏറ്റുമാനൂരില്‍ സി പി എമ്മും വൈക്കത്ത് സി പി ഐയുമാണ് വിജയിച്ചത്. 1989 മുതല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി മത്സരിച്ചിരുന്ന സീറ്റ് കഴിഞ്ഞ തവണയാണ് കേരളാ കോണ്‍ഗ്രസിനു െകെമാറിയത്. കൂടുതല്‍ തവണ കോട്ടയത്തെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്തത് കോണ്‍ഗ്രസോ കേരളാ കോണ്‍ഗ്രസോ ആയിരുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ തവണ കോട്ടയത്തു നിന്നു വിജയിച്ചത് സി പി എമ്മിലെ സുരേഷ് കുറുപ്പാണ്, നാല് തവണ. തൊട്ടുപിന്നില്‍ കോണ്‍ഗ്രസിലെ രമേശ് ചെന്നിത്തലയുണ്ട്, മൂന്ന് തവണ. കോണ്‍ഗ്രസിലെ മാത്യു മണിയങ്ങാടന്‍, കേരളാ കോണ്‍ഗ്രസിലെ സ്‌കറിയ തോമസ് എന്നിവര്‍ രണ്ട് തവണ വീതം കോട്ടയത്തെ പ്രതിനിധാനം ചെയ്തു. മാത്യു മണിയങ്ങാടന്‍, വര്‍ക്കി ജോര്‍ജ്, സ്‌കറിയ തോമസ്, സുരേഷ് കുറുപ്പ്, രമേശ് ചെന്നിത്തല എന്നിവര്‍ക്കു സിറ്റിംഗ് എം പിമാരായിരിക്കേ കോട്ടയത്തു നിന്നു പരാജയവും രുചിക്കേണ്ടി വന്നിട്ടുണ്ട്. പി സി ചാക്കോ, ആന്റോ ആന്റണി തുടങ്ങിയവരും കോട്ടയത്തു നിന്നു പരാജയമേറ്റു വാങ്ങിയിട്ടുണ്ട്.
  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ െവെക്കം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ജോസ് കെ മാണിക്കായിരുന്നു ഭൂരിപക്ഷം. പാലായിലായിരുന്നു ജോസ് കെ മാണിക്ക് കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്, 24351. പുതുപ്പള്ളി – 16466, കോട്ടയം, 1459, ഏറ്റുമാനൂര്‍ 3621, കടുത്തുരുത്തി – 20286, പിറവം – 7368 എന്നിങ്ങനെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മൊത്തം ഭൂരിപക്ഷം 71570 വോട്ട്. അതേസമയം െവെക്കത്ത് സുരേഷ് കുറുപ്പ് 1827 വോട്ടുകള്‍ അധികം നേടിയിരുന്നു.
  നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കളം അല്‍പ്പം മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 3,621 വോട്ട് ഭൂരിപക്ഷം യു ഡി എഫിനു ലഭിച്ച ഏറ്റുമാനൂര്‍ മണ്ഡലം 1801 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഇടതിനോട് ആഭിമുഖ്യം കാട്ടി. അതേസമയം, പുതുപ്പള്ളി, കടുത്തുരുത്തി, പിറവം മണ്ഡലങ്ങളില്‍ യു ഡി എഫ് ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും ചെയ്തു.
  കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സ്ഥാനാര്‍ത്ഥികളാണ് കോട്ടയത്ത് മത്സര രംഗത്തുണ്ടായിരുന്നത്. 10,95,242 വോട്ടുണ്ടായിരുന്ന ലോക്‌സഭാ മണ്ഡലത്തില്‍ 8,08,085 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 4,04,962 വോട്ടുകള്‍ നേടി ജോസ് കെ മാണി പാര്‍ലമെന്റിലെത്തി. 3,33,392 വോട്ടുകള്‍ സി പി എമ്മിലെ സുരേഷ് കുറുപ്പിന് ലഭിച്ചു. 71,570 വോട്ടുകളുടെ വ്യത്യാസത്തില്‍ സിറ്റിംഗ് എം പിയായ സുരേഷ് കുറുപ്പിന് പരാജയവും ഏറ്റുവാങ്ങേണ്ടിവന്നു.
  സിറ്റിംഗ് എം പിയായ ജോസ് കെ മാണി യു ഡി എഫ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് ഏറെനാള്‍ മുമ്പു തന്നെ കളത്തിലിറങ്ങി. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ കണക്കുകള്‍ എണ്ണിപ്പറഞ്ഞ് നാടെങ്ങും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് വീണ്ടുമൊരു അങ്കപ്പുറപ്പാടിന് ഒരുങ്ങുന്നുവെന്ന് ജോസ് കെ മാണി വോട്ടര്‍മാരെ അറിയിച്ചത്.
  അതേസമയം, ഇടതു സ്ഥാനാര്‍ഥിയായി വൈക്കം മുന്‍ നഗരസഭാധ്യക്ഷന്‍ പി കെ ഹരികുമാറിനെ പ്രഖ്യാപിച്ചെങ്കിലും സീറ്റ് ജനതാദള്‍ എസിന് നല്‍കാമെന്ന ധാരണയിലാണിപ്പോള്‍. ജനതാദള്‍ എസ് സീനിയര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസിന്റെ പേരാണ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ പ്രഥമ പരിഗണനയിലുള്ളത്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗക്കാരനായിരുന്ന അഡ്വ. നോബ്ള്‍ മാത്യുവാണ് ബി ജെ പിയുടെ സ്ഥാനാര്‍ഥി.