ആവേശമായവര്‍… പിന്നെ മാഞ്ഞവര്‍

  Posted on: March 15, 2014 12:27 am | Last updated: March 15, 2014 at 12:27 am
  SHARE

  ssssചില അട്ടിമറി വിജയങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടും. അതോടൊപ്പം ചില മത്സരങ്ങളും സ്ഥാനാര്‍ഥികളും. ഇങ്ങനെ ചരിത്രത്തിന്റെ ഭാഗമായി മാറിയ പലരും ഒരു പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിട്ടും മൗനികളാണ്. അത്ഭുതം സൃഷ്ടിച്ച് സ്വന്തം പാര്‍ട്ടി വിട്ടവരുമുണ്ട് ഈ പട്ടികയില്‍. പതിനാറാം ലോക്‌സഭ തിരഞ്ഞെടുപ്പിന് കൊട്ടും കുരവയും ഉയര്‍ന്നു തുടങ്ങിയിട്ടും മുമ്പ് തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമായി മാറിയ പലരും ഇന്ന് മുഖ്യധാരയില്‍ ഇല്ല. മറ്റു പലരും സജീവ രാഷ്ട്രീയം പോലും വിട്ടു. ഡോ. മനോജ് കുരിശിങ്കല്‍, എ ശിവരാമന്‍, സിന്ധു ജോയി, അഡ്വ. എം റഹ്ത്തുല്ല, ഡോ. ഹുസൈന്‍ രണ്ടത്താണി, ഷാഹിദ കമാല്‍ എന്നിവര്‍ അവരില്‍ ചിലരാണ്.

  ആലപ്പുഴ മണ്ഡലത്തില്‍ സി പി എമ്മിന്റെ പരീക്ഷണമായിരുന്നു ഡോ. മനോജ് കുരിശിങ്കല്‍. വി എം സുധീരനെ പോലെ ശക്തനായ എതിരാളിയെ വെല്ലുവിളിക്കാന്‍ ന്യൂനപക്ഷ സമുദായക്കാരനും ജനകീയനായ ഡോക്ടറുമായിരുന്ന മനോജിനെ സി പി എം രംഗത്തിറക്കുകയായിരുന്നു. വി എം സുധിരനെതിരെ അട്ടിമറി വിജയം നേടിയ മനോജ് ഇടതുപക്ഷത്തിന്റെ ആവേശമായിരുന്നു. കഴിഞ്ഞ തവണ കെ സി വേണുഗോപാലിനെതിരെയും രംഗത്തിറങ്ങിയ കെ എസ് മനോജിന് പക്ഷേ അടിതെറ്റി. താമസിയാതെ സി പി എമ്മിനെ തള്ളിപറഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്ന കെ എസ് മനോജ് ഇന്ന് വിദേശത്ത് ഡോക്ടറായി സേവനം ചെയ്യുകയാണ്.
  1993ലെ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ അപ്രതീക്ഷിതമായി രംഗത്തിറങ്ങിയ എസ് ശിവരാമന്‍ ഏറെ കാലം രാഷ്ട്രീയ കേരളത്തിലെ അത്ഭുതമായിരുന്നു. കെ ആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയായ ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി പി എം ഒറ്റപ്പാലം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ശിവരാമന്‍ 1,32,674 വോട്ടിനാണ് കോണ്‍ഗ്രസിലെ ആര്‍ കെ ബാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. അടുത്തിടെ പാര്‍ട്ടി വിട്ട ശിവരാമന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും വലിയ ചലനമുണ്ടാക്കാനായില്ല. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ക്കെതിരെ മത്സരിച്ച തീപ്പൊരി സമരനായിക സിന്ധു ജോയിയും ഇന്ന് രാഷ്ട്രീയ രംഗത്തില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് പ്രൊഫ. കെ വി തോമസിനെതിരെയും പൊരുതിയ സിന്ധു ജോയി വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളുടെ ആവേശമായിരുന്നു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റും
  ഡി വൈ എഫ് ഐ സംസ്ഥാന സഹഭാരവാഹിയുമായിരുന്ന സിന്ധു ജോയി പിന്നീട് പാര്‍ട്ടിയോട് പിണങ്ങി കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ഇന്ന് സജീവ രാഷ്ട്രീയത്തലില്ല.
  സി പി ഐയുടെ ദേശീയ സമിതി അംഗമായിരുന്ന അഡ്വ. എം റഹ്മത്തുല്ല ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് തവണ പൊന്നാനിയിലും കഴിഞ്ഞ തവണ വയനാട്ടിലും മത്സരരംഗത്തുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയിലും ഒരു തവണ കൈനോക്കി. പിന്നീട് പാര്‍ട്ടി റഹ്മത്തുല്ലയെയും റഹ്മത്തുല്ല പാര്‍ട്ടിയെയും കൈവിട്ടു. സി പി ഐയുടെ ദേശീയ സമിതി അംഗമായിരുന്ന റഹ്മത്തുല്ല നിലവില്‍ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.
  കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് സ്ഥാനാര്‍ഥികളാണ് ഷാഹിദാ കമാലും ഡോ. ഹുസൈന്‍ രണ്ടത്താണിയും. മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന ഷാനിമോല്‍ ഉസ്മാന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലമാണ് നല്‍കിയത്. സി പി എമ്മിന്റെ കോട്ടയായ കാസര്‍കോട്ട് മത്സരിക്കാന്‍ ഷാനിമോള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ധൈര്യസമേതം രംഗത്ത് വന്നത് ഷാഹിദ കമാലാണ്. ഇന്ന് ജീവിക്കാന്‍ പോലും വഴിയില്ലാതെ പാര്‍ട്ടി കൈവിട്ടുവെന്ന് വിലപിച്ച് സ്വന്തം വീട്ടില്‍ ഒതുങ്ങി കഴിയുകയാണ് ഷാഹിദ. ഇടതു മുന്നണിയില്‍ സി പി എമ്മിന്റെയും സി പി ഐയുടേയും സൗഹ്യദം പോലും ഉലഞ്ഞ തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ്. പൊന്നാനി പാര്‍ലിമെന്റ് സീറ്റായിരുന്നു കാരണം. ഇടതുപക്ഷത്തിന് പ്രതീക്ഷയുണ്ടായിരുന്ന പൊന്നാനിയില്‍ സി പി എം സ്വതന്ത്രനായി ഡോ. ഹുസൈന്‍ രണ്ടത്താണിയെ രംഗത്തിറക്കിയതായിരുന്നു സി പി ഐയെ പ്രകോപിപ്പിച്ചത്. പിന്നീട് വയനാട് സീറ്റ് നല്‍കിയാണ് സി പി ഐയെ തണുപ്പിച്ചത്. ഇത്തവണയും പൊന്നാനിയില്‍ സ്വതന്ത്രനായി ഒരു കോണ്‍ഗ്രസുകാരനെ സി പി എം തേടിപിടിച്ചപ്പോള്‍ വളാഞ്ചേരി എം ഇ എസ് കെ വി എം കോളജില്‍ പ്രിന്‍സിപ്പലായി ഒതുങ്ങികഴിയുകയാണ് ഡോ. ഹുസൈന്‍ രണ്ടത്താണി. എന്നാല്‍, ഇടതുപക്ഷ വേദികളില്‍ സജീവസനിധ്യവുമാണ്.