Connect with us

Editorial

മാവോയിസം ചെറുക്കാന്‍ ഭീഷണി മതിയോ?

Published

|

Last Updated

ഛത്തീസ്ഗഢില്‍ ചൊവ്വാഴ്ച നടന്ന മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ നടത്തിയ പ്രസ്താവന വിവാദമായിരിക്കയാണ്. മാവോയിസ്റ്റുകള്‍ എവിടെയാണുള്ളതെന്ന് തങ്ങള്‍ക്കറിയാം. ആക്രമണത്തില്‍ പങ്കെടുത്ത മുഴുവന്‍ മാവോയിറ്റുകളുടെയും തലയെടുത്തു തങ്ങള്‍ പ്രതികാരം ചെയ്യുമെന്നായിരുന്നു മാവോവാദി ആക്രമണത്തില്‍ മരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കവെ റായ്പൂരില്‍ അദ്ദേഹം പ്രസ്താവിച്ചത്. രാജ്യത്തിന്റെ അഖണ്ഡതയെയും ജനാധിപത്യത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ ശക്തമായ നടപടി അനിവാര്യമാണെങ്കിലും, അത് ഭരണഘടനാനുസൃതവും നിയമത്തിന്റെ വരുതിയില്‍ നിന്നുമായിരിക്കണം. ഇക്കാര്യങ്ങള്‍ മാനിക്കാന്‍ മറ്റാരേക്കാളും ബാധ്യസ്ഥനായ ഉത്തരവാദപ്പെട്ട ഒരു മന്ത്രിയില്‍ നിന്ന് പ്രകോപനപരമായ ഇത്തരം പ്രസ്താവനകള്‍ അനുചിതവും പദവിക്ക് നിരക്കാത്തതുമായിപ്പോയി.
മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ഛത്തീസ്ഗഢില്‍ മുമ്പും ഒട്ടേറെ ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മെയ് 25ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ നന്ദ്കുമാര്‍ പട്ടേല്‍, മുന്‍ കേന്ദ്രമന്ത്രി വി സി ശുക്ല, ഗോത്രവര്‍ഗ നേതാവ് മഹേന്ദ്ര കര്‍മ എന്നിവരടക്കം 25 പേരെ മാവോയിസ്റ്റുകള്‍ വധിച്ചത് ചത്തീസ്ഗഢിലെ ഝീരംഗട്ടിയിലായിരുന്നു. 2010 ഏപ്രിലില്‍ രാജ്യത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് നരനായാട്ട് അരങ്ങേറിയതും ഇതിനടുത്ത പ്രദേശത്താണ്. അന്ന് 76 പോലീസുകാരെയാണ് അവര്‍ പതിയിരുന്നാക്രമിച്ചു കൊന്നത്. ഈ ഛിദ്രശക്തികളെ ചെറുക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ക്കുണ്ടായ പരാജയത്തിലേക്കാണ് 15 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സിവിലിയനും കൊല്ലപ്പെട്ട ചൊവ്വാഴ്ചത്തെ മാവോയിസ്റ്റ് ആക്രമണം വിരല്‍ ചൂണ്ടുന്നത്.
പതിനേഴ് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുണ്ടെന്നും ആന്ധ്രപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹരാഷ്ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ ഒമ്പത് സംസ്ഥാനങ്ങളില്‍ അവര്‍ ശക്തരാണെന്നുമാണ് ഔദ്യോഗിക വിലയിരുത്തല്‍. നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോവാദമാണെന്ന് അടുത്തിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രസ്താവിക്കുകയുമുണ്ടായി. ഇവരെ തുരത്താന്‍ പൊതുഖജനാവില്‍ നിന്ന് വന്‍ തുക വിനിയോഗിക്കുന്നുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് മാവോഭീഷണിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിലും അവരുടെ സ്വാധീനം കുറക്കുന്നതിലും ഭരണകൂടം പരാജയപ്പെടുന്നുത്?
പ്രകോപനപരമായ പ്രസ്താവനകളും ഭീഷണികളും കാടടക്കി വെടിവെക്കുന്ന സര്‍ക്കാര്‍ നിലപാടുമല്ല, മാവോയിസത്തിന്റെ വളര്‍ച്ചക്ക് പ്രേരകമായ വസ്തുതകള്‍ കണ്ടെത്തി പരിഹരിക്കുകയാണ് അതിനെ ചെറുക്കാനുള്ള പ്രയോഗിക മാര്‍ഗം. ആദിവാസികളെയും പ്രാന്തവത്കൃത ജനവിഭാഗങ്ങളെയും സംഘടിപ്പിച്ചാണ് മാവോയിസം ശക്തി പ്രാപിക്കുന്നത്. ഈ വിഭാഗങ്ങളുടെ പ്രാഥമിക ജീവിതാവശ്യങ്ങള്‍ പോലും നിറവേറ്റുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ദയനീയമായ പരാജയമാണ് അവരെ വശത്താക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് സഹായമാകുന്നത്. ഭൂമിയോ തൊഴിലോ ഉപജീവനമാര്‍ഗമോ ലഭ്യമാകാതെ വരുമ്പോള്‍ പീഡിത വിഭാഗങ്ങളില്‍ നിയമവാഴ്ചയോട് അസംതൃപ്തിയും പ്രതിഷേധവും ഉടലെടുക്കുക സ്വാഭാവികം.
മാവോയിസത്തിന്റെ സ്വഭാവവും സങ്കീര്‍ണതയും മനസ്സിലാക്കി കുറ്റമറ്റ രീതിയില്‍ അതിനെ നേരിടുന്നതില്‍ സുരക്ഷാ സേനക്ക് നേരിടുന്ന പരാജയമാണ് മറ്റൊരു കാരണം. സൈനികരും പോലീസും നടത്തുന്ന മാവോ വേട്ടകള്‍ക്ക് ഇരയാകാറുള്ളത് പലപ്പോഴും നിരപരാധികളായ ഗ്രാമീണരും ആദിവാസികളുമാണ്. ഛത്തീസ്ഗഢിലെ ദണ്ഡേവാഡ ജില്ലയില്‍ മുമ്പ് മാവോവാദികള്‍ എന്നാരോപിച്ച് പോലീസ് വെടിവെച്ചുകൊന്ന 15 പേര്‍ നിരപരാധികളായ ഗ്രാമീണരാണെന്നു തെളിഞ്ഞ പശ്ചാത്തലത്തില്‍, ഇതിനുത്തരവാദികളായ പോലീസുകാര്‍ക്കെതിരെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ഛത്തീസ്ഗഢ് ഹൈക്കോടതി കേസെടുത്തിരുന്നു.
ഇന്ത്യയെ ദുര്‍ബലമാക്കോാന്‍ ശ്രമിക്കുന്ന അയല്‍രാജ്യങ്ങളില്‍ നിന്ന് മാവോയിസ്റ്റുകള്‍ക്ക് സഹായം ലഭിക്കുന്നുവെന്ന വാര്‍ത്തകളും ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടതുണ്ട്. ചൈനയുടെ അനൗദ്യോഗികമെങ്കിലുമുള്ള സഹായം ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ക്ക് ലഭിക്കാനുള്ള സാധ്യത നിരാകരിക്കാവതല്ല. കാശ്മീരിലെ ഭീകരര്‍ക്ക് സഹായം നല്‍കുന്നതിന് പാകിസ്ഥാനെതിരെ നിരന്തരം പ്രസ്താവനകളിറക്കുന്ന ഭരണാധികാരികള്‍, രാഷ്ട്രീയമായ കാരണങ്ങളാലായിരിക്കണം ചൈനയുടെ ഈ ചെയ്തിയെക്കുറിച്ചു മൗനം അവലംബിക്കുന്നത്. ഈ നിസ്സഹായത മാവോയിസ്റ്റുകള്‍ക്ക് പ്രോത്സാഹനമാകുകയാണ്.