Connect with us

Articles

ഏഷ്യാ കപ്പിലെ ശ്രീലങ്കന്‍ പ്രകടനത്തിന് നന്ദി

Published

|

Last Updated

ഏഷ്യാ കപ്പില്‍ ശ്രീലങ്ക മുത്തമിട്ടത് നന്നായിയെന്ന് കരുതുന്നവര്‍ ഏറെയുണ്ടാകും. പരീക്ഷ വാതില്‍പ്പടിയിലിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. അഥവാ, ശാഹിദ് അഫ്രീദിക്ക് വെടിക്കെട്ട് ബാറ്റിംഗിന് അവസരം ലഭിക്കുകയും പാക്കിസ്ഥാന്‍ കൂറ്റന്‍ സ്‌കോറിന് ഉടമയാകുകയും ഒടുവില്‍ കിരീടം ചൂടുകയും ചെയ്താല്‍ അത് ഇന്ത്യയിലെ ഒരുപാട് വിദ്യര്‍ഥികളുടെ ഭാവി ഇരുള്‍ പടരുന്നതിന് കാരണമായേനെ. ഏഷ്യാ കപ്പില്‍ മാര്‍ച്ച് രണ്ടിന് ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നേടിയെടുത്ത വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചതിന് മീറത്തിലെ സ്വാമി വിവേകാനന്ദ സുഭര്‍ഥി യൂനിവേഴ്‌സിറ്റിയിലെ 67 വിദ്യാര്‍ഥികളെയും നോയിഡ ശര്‍ദ യൂനിവേഴ്‌സിറ്റിയുടെ ഹോസ്റ്റലില്‍ നിന്ന് 16 പേരെയും പുറത്താക്കി. സ്വാമി വിവേകാനന്ദ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കെതിരെ ആദ്യം രാജ്യദ്രോഹക്കുറ്റം (124 എ) അടക്കമുള്ള ഗൗരവമേറിയ കുറ്റങ്ങളാണ് പോലീസ് ചുമത്തിയത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറിയതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക (153 എ), നാശമുണ്ടാക്കുക (427) എന്നിവ നിലനല്‍ക്കുന്നുണ്ട്.
ഇന്ത്യയുടെ മതേതരത്വ, ജനാധിപത്യ, പൗരാവകാശ മണ്ഡലങ്ങള്‍ “സുന്നാമക്കി” സേവിച്ചാലുള്ള മനംപിരട്ടലിലാണ് ഈ സംഭവങ്ങള്‍ മൂലം. മുഖ്യധാരയിലേക്ക് വരാനുള്ള ഒരു തലമുറയുടെ അഭിവാഞ്ഛയുടെ വേരാണ് ഇവിടെ അറുക്കപ്പെട്ടത്. അഞ്ചാംപത്തികളാണെന്ന ചാപ്പകുത്തലില്‍ നിന്ന് കുതറിമാറി രാഷ്ട്രപുരോഗതിയുടെ ഏടില്‍ കയറിക്കൂടാനുള്ള ഒരു സമൂഹത്തിന്റെ വര്‍ണച്ചാര്‍ത്തുള്ള സ്വപ്‌നങ്ങളുടെ മേല്‍ രാസപ്രയോഗം നടത്തുകയാണ് ഇത്തരം ക്രൂരനടപടികളിലൂടെ വ്യവസ്ഥിതി. അത്യന്തം വിപത്കരമായ ജീവിതത്തിലേക്ക് ചില ദുശ്ശക്തികള്‍ കൈപിടിച്ച് ആനയിക്കുമ്പോള്‍, അതിനോട് സലാം പറഞ്ഞ് അറിവിന്റെ അനന്ത പ്രപഞ്ചത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ അവര്‍ക്ക് മുമ്പില്‍ വാതിലുകള്‍ കൊട്ടിയടക്കും പോലെയായി സ്വാമി വിവേകാനന്ദ സുഭര്‍ഥി സര്‍വകലാശാലാ അധികൃതരുടെയും യു പി പോലീസിന്റെയും നടപടി. രാജ്യത്ത് ന്യൂനപക്ഷവിരോധവും സ്വജനപക്ഷപാതവും മണ്ണിന്റെ മക്കള്‍ വാദവും അഭൂതപൂര്‍വ കരുത്തോടെ വേരുറപ്പിക്കാനുള്ള മനഃപൂര്‍വ ശ്രമം നടക്കുന്നുണ്ട് എന്നത് നഗ്നയാഥാര്‍ഥ്യമാണ്. ഇതാദ്യമായല്ല കാശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ വിധ്വംസക ശ്രമമുണ്ടാകുന്നത്. ആള്‍ക്കൂട്ട മനഃശാസ്ത്രവും വെറുപ്പിന്റെ ഉപാസനയും സമം ചേരുമ്പോള്‍ ബലിയാടാകുന്നത് കാശ്മീരികളാണ്. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഉന്നതകലാലയങ്ങളില്‍ വിദ്യ നേടുന്ന കാശ്മീരികള്‍ രാജ്യത്തിന്റെ എല്ലായിടത്തുമുണ്ട്. അവര്‍ ഉള്ളിടത്തെല്ലാം അന്യവത്കരണവും ഏകപക്ഷീയ നടപടികളും നിര്‍ബാധം അഴിഞ്ഞാടുന്നു. റാഗിംഗെന്ന പേരിലുള്ള വംശീയാക്രമണത്തെ പ്രതിരോധിക്കേണ്ട അധ്യാപകര്‍ തന്നെ കണ്ടില്ലെന്ന് നടിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇന്ത്യയിലെ ഭാഷാ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഹൈദരാബാദിലെ ഇഫഌ (ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ്‌സ് യൂനിവേഴ്‌സിറ്റി)വിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന മുദസ്സിര്‍ കമ്രാന്‍ എന്ന കാശ്മീരി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് വന്‍ വിവാദത്തിന് കാരണമായിരുന്നു. കമ്രാന്റെ മരണത്തെ സംബന്ധിച്ച് വീട്ടില്‍ വിളിച്ച് പറയാനുള്ള മര്യാദ പോലും ആന്ധ്രാ പോലീസ് കാണിച്ചിട്ടില്ല. ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മുറിയിലെ സഹതാമസക്കാരന്‍ പരാതി നല്‍കിയതിന്റെ പിറ്റേന്നാണ് മുദസ്സിറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സെക്കന്ദരാബാദിലെ ദില്‍ക്കുഷ് നഗറില്‍ ഇരട്ട സ്‌ഫോടനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മുദസ്സിറിനെ പോലീസ് വേട്ടയാടിയിരുന്നുവെന്ന് പറഞ്ഞ് സഹപാഠികള്‍ ഉസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍ പ്രതിഷേധവും നടത്തി. ഒരു കാശ്മീരി ഗവേഷക വിദ്യാര്‍ഥി നേരിടേണ്ടി വരുന്ന ദുരിതങ്ങളുടെ നേര്‍ചിത്രമാണ് ഇത്. സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനവും അധികൃതരുടെ ഒത്താശയും കൂടിയാകുമ്പോള്‍ ഒറ്റപ്പെടുന്നത് വിസ്‌ഫോടനാത്മക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഇത്തരം വിദ്യാര്‍ഥികളാണ്. ഇതിന് പുറമെ തദ്ദേശീയരുടെ സംഘടിത ആക്രമണം കൂടിയാകുമ്പോള്‍ ഒറ്റപ്പെടുന്നയിടത്ത് നിന്ന് ഒളിച്ചോടുകയല്ലാതെ മാര്‍ഗമില്ലാതാകുന്നു. സ്വന്തം നാട്ടില്‍ ഛിദ്രശക്തികളുടെ നീരാളിപ്പിടിത്തത്തില്‍ നിന്നും ഏതു നിമിഷവും നെഞ്ചിലേക്ക് ലക്ഷ്യം വെക്കാവുന്ന സൈന്യത്തിന്റെ തോക്കിന്‍മുനയില്‍ നിന്നും രക്ഷപ്പെട്ട് സ്വസ്ഥ പഠനത്തിനായാണ് ഇവര്‍ കാശ്മീരല്ലാത്ത നഗരങ്ങളിലെ ഉന്നത കലാലയങ്ങളിലേക്കെത്തുന്നത്. സ്വാമി വിവേകാനന്ദ സുഭാര്‍ഥി യൂനിവേഴ്‌സിറ്റിയില്‍ കാശ്മീരി വിദ്യാര്‍ഥികള്‍ പഠിക്കുന്നത് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പോടെയാണ്. കാശ്മീരികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു കൊണ്ടുവരുന്നതിനാണ് യു പി എ സര്‍ക്കാര്‍ ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ സംവിധാനിച്ചത്. സംരക്ഷിക്കേണ്ടവര്‍ തന്നെ സ്ത്രീകളുടെ മാനം കവരുന്ന, അര്‍ധ വിധവകള്‍ നാടുനീളെയുള്ള, ഒരു സുപ്രഭാതത്തിലോ സായംസന്ധ്യയിലോ കാണാതായ മകന്‍/ ഭര്‍ത്താവ്/ പിതാവ്/ സഹോദരന്‍ തുടങ്ങിയവരെ കാത്തുകാത്ത് ദിവസങ്ങള്‍ തള്ളിനീക്കുന്ന സ്ത്രീകളെ കൊണ്ട് “സമ്പന്നമായ” ഒരു നാടിന്റെ തേങ്ങലുകളെ ഉള്ളിലേറ്റിയാണ് ഒരോ കാശ്മീരിയും ജീവിക്കുന്നത്. അരക്ഷിതമായ ജീവിതത്തെയാണ് കാശ്മീരിക്ക് നേരിടാനുള്ളത്. ഇതിനിടയില്‍, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഒരു കൂട്ടം പുതുതലമുറ വിദ്യാര്‍ഥികളാണ് കാശ്മീരികളുടെ സ്വപ്‌നത്തിന് ചിറക് വെക്കുന്നത്. ആ ചിറകാണ് ഇത്തരം നടപടികളിലൂടെ അരിഞ്ഞ് ഛിന്നഭിന്നമാകുന്നത്.
കാശ്മീരികളോട് മാത്രമല്ല, വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് വരുന്നവരോടും ഉത്തരേന്ത്യന്‍ നഗരങ്ങള്‍ ബീഭത്സമായാണ് പെരുമാറുന്നത്. കഴിഞ്ഞ ജനുവരി 31ന് അരുണാചല്‍ പ്രദേശിലെ എം എല്‍ എയുടെ മകന്‍ ദക്ഷിണ ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ക്രൂരമായി കൊല്ലപ്പെട്ടത് ഏറ്റവും ഒടുവിലത്തെ സംഭവം. വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ ഡല്‍ഹിയുടെ തെരുവോരങ്ങളില്‍ മാത്രമല്ല രാജ്യത്തുടനീളം ആക്രമണത്തിനും പരിഹാസച്ചിരികള്‍ക്കും പീഡനങ്ങള്‍ക്കും പാത്രമാകുന്നു. നാട്ടില്‍ ഇടം നേടാന്‍ അര്‍ഹതയില്ലാത്തവരെന്ന മുദ്ര ഇവര്‍ക്കു മേല്‍ ചാര്‍ത്തുന്നു. രണ്ട് വര്‍ഷം മുമ്പ്, വടക്കുകിഴക്കന്‍ മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപക പ്രചാരണം നടക്കുകയും അവര്‍ക്കെതിരെ സംഘടിതമായ ആക്രമണം ഉണ്ടാകുകയും തത്ഫലമായി ഇവര്‍ കൂട്ടത്തോടെ സ്ഥലം വിടുകയും ചെയ്തത് ചേര്‍ത്തുവായിക്കുക. അന്ന് കര്‍ണാടക തൊഴില്‍ മന്ത്രി റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തി പോകരുതെന്ന് തൊഴിലാളികളോട് അഭ്യര്‍ഥിക്കുന്ന ചിത്രം കൗതുകത്തിനപ്പുറം മറ്റു ചില യാഥാര്‍ഥ്യങ്ങളെ പങ്ക് വെച്ചിരുന്നു. മുംബൈയില്‍ മറാഠക്കാരല്ലാത്തവര്‍ പ്രത്യേകിച്ച് ബീഹാറുകാര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന ഒരു കാലത്തിന് ഇനിയും അറുതിയായിട്ടില്ല.
ഭാഷാ/ മത/ വിദ്യാഭ്യാസ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ദേശീയബോധം എപ്പോഴും രാകിമിനുക്കേണ്ടിയിരിക്കുന്നു. അവരുടെ രാജ്യക്കൂറ് എപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. രാജ്യത്തിനെതിരെയുണ്ടാകുന്ന ആക്രമണങ്ങള്‍, സ്‌ഫോടനങ്ങള്‍, മറ്റ് ഗൂഢാലോചനകള്‍, കൊള്ള തുടങ്ങിയ എല്ലാത്തിലും ആദ്യത്തെ സംശയമുന ലക്ഷ്യം വെക്കുന്നത് ഇത്തരം ന്യൂനപക്ഷങ്ങളെയാണ്. പ്രാദേശിക തലത്തില്‍ ഇങ്ങനെയാണ്. അതുകൊണ്ടാണല്ലോ പാക്കിസ്ഥാന്റെ ക്രിക്കറ്റ് വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചത് രാജ്യദ്രോഹക്കുറ്റമാകുന്നത്. രാജ്യസ്‌നേഹത്തിന്റെ ഇത്തരം നിര്‍വചനങ്ങള്‍ അത്യാപത്താണ് വരുത്തിവെക്കുക. മറ്റൊരു രാഷ്ട്രത്തിന്റെ വിജയങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹമാകുന്നത്, തീവ്രദേശീയത കീറിയ ചാലില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോഴാണ്. നിയമപാലനത്തിന്റെ മുന്‍വിധിയും തെറ്റായ പ്രയോഗവത്കരണവും ഇതിന്റെ മറ്റൊരു വശമാണ്. ഇടക്കാലത്ത് താടി വെച്ചവന് നേരെ സംശയക്കണ്ണുകള്‍ പുരികം ചുരിക പോലെയാക്കിയ കാലമുണ്ടായിരുന്നു. ഇന്ന് താടി വെക്കല്‍ സാര്‍വത്രികമായിരിക്കുന്നു. എന്നാലും, താടിയോടൊപ്പം തൊപ്പിയുണ്ടെങ്കില്‍, ധരിച്ചത് പൈജാമയും കുര്‍ത്തയുമാണെങ്കില്‍ ഒരു തരം വശപ്പിശക് കാണാന്‍ അത്യുത്സാഹം കാട്ടുന്ന ഒരു വ്യവസ്ഥിതി പതുക്കെയാണെങ്കിലും സര്‍വസംഹാര ശേഷിയോടെ ഉയര്‍ന്നുവരുന്നുണ്ട്. അതിന്റെ അടയാളങ്ങളാണ് കാശ്മീര്‍ സംഭവവും, ചില മൗനം പാലിക്കലുകളും. സംഝോധ എക്‌സ്പ്രസ് സ്‌ഫോടനത്തിന് ആര്‍ എസ് എസ് സര്‍സംഘ്ചാലക് മോഹന്‍ ഭഗവതിന് കാര്യമായ പങ്കുണ്ടെന്ന് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട പ്രതി സ്വാമി അസിമാനന്ദ പറഞ്ഞപ്പോള്‍ പുലര്‍ത്തിയ മൗനം മകുടോദാഹരണമാണ്. ജെ എന്‍ യുവിലെ പ്രൊഫസര്‍ ഹാപ്പിമൂണ്‍ ജേക്കബ് വിശദീകരിക്കുന്നത് പോലെ ഭൂരിപക്ഷവാദത്തെ നിരാകരിക്കലാണ് യഥാര്‍ഥ രാജ്യസ്‌നേഹം. “ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററിന്റെ പുല്‍ത്തകിടിയിലിരുന്ന് ഒരു കൂട്ടം പ്രശസ്ത ബുദ്ധിജീവികള്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് സ്പിരിറ്റോടെ പാക് ടീമിന്റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമായിരുന്നു? ഞാനങ്ങനെ കരുതുന്നില്ല. എന്ന ഹാപ്പിമൂണ്‍ ജേക്കബിന്റെ നിലപാടിന് ഏറെ പ്രാധാന്യമുണ്ട്.

Latest