Connect with us

Eranakulam

നിതാഖാത്ത്: പലിശരഹിത വായ്പയെന്ന വാഗ്ദാനം അട്ടിമറിച്ചെന്ന് ആരോപണം

Published

|

Last Updated

കൊച്ചി: നിതാഖാത്തിനെ തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പലിശരഹിത വായ്പ നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം അട്ടിമറിക്കപ്പെട്ടതായി ആരോപണം. നോര്‍ക്ക വഴി അപേക്ഷ നല്‍കി വായ്പക്ക് കാത്തിരുന്ന പ്രവാസികളെ ബേങ്കില്‍ വിളിച്ചുവരുത്തി പലിശരഹിത വായ്പ നല്‍കാന്‍ സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. പകരം പത്തര ശതമാനം പലിശയും പത്ത് ശതമാനം മുന്‍കൂര്‍ അടവും ബേങ്ക് ആവശ്യപ്പെടുകയും ചെ യ്തു. ഇതേത്തുടര്‍ന്ന് ഇന്നലെ എറണാകുളം മേനക ജംഗ്ഷനിലെ കാനറ ബേങ്കിലെത്തിയ എണ്‍പതോളം പേര്‍ നിരാശരായി മടങ്ങി.

സ്വയംതൊഴില്‍ ഇനത്തില്‍ വാഹന വായ്പക്ക് അപേക്ഷ നല്‍കിയവരാണ് നോര്‍ക്ക ആസ്ഥാനത്തനിന്നുള്ള കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഹാജരായത്. ബിസിനസ് തുടങ്ങാന്‍ വായ്പക്ക് അപേക്ഷ നല്‍കിയ നിരവധി പേര്‍ കഴിഞ്ഞ ദിവസം ബേങ്കിലെത്തി മടങ്ങിയിരുന്നു.
ബേങ്കും നോര്‍ക്കയും മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് സാമ്പത്തിക വര്‍ഷാവസാനത്തിനു മുമ്പ് പരമാവധി തുക വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് പത്ത് ലക്ഷം രൂപ വരെ പലിശരഹിത വായ്പയും രണ്ട് ലക്ഷം രൂപ വരെ സബ്‌സിഡിയുമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് പതിനായിരക്കണക്കിന് അപേക്ഷകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നോര്‍ക്കക്ക് ലഭിച്ചു. ഈ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് അതത് ജില്ലകളിലെ തിരഞ്ഞെടുത്ത ബേങ്കുകളില്‍ ഹാജരാകാനായിരുന്നു നോര്‍ക്കയുടെ നിര്‍ദേശം. ഇതനുസരിച്ച് എത്തിയവര്‍ക്കാണ് പലിശരഹിത വായ്പ ലഭ്യമാക്കാനാകില്ലെന്ന മറുപടി കിട്ടിയത്.
പത്തര ശതമാനം പലിശ നിരക്കിലുള്ള വായ്പ മാത്രമേ നല്‍കാനാകൂ എന്നും വായ്പാ തുകയുടെ പത്ത് ശതമാനം മുന്‍കൂറായി അടക്കണമെന്നും ബേങ്ക് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. വ്യവസ്ഥകള്‍ സ്വീകാര്യമല്ലെങ്കില്‍ മുഖ്യമന്ത്രിയെ കാണുകയോ തിരുവനന്തപുരത്തെ നോര്‍ക്ക ആസ്ഥാനത്ത് പരാതിപ്പെടുകയോ ചെയ്യണമെന്നായിരുന്നു അധികൃതര്‍ നല്‍കിയ മറുപടിയെന്നും പ്രവാസികള്‍ പറഞ്ഞു.
തൊഴില്‍ കണ്ടെത്താനാണ് തങ്ങള്‍ വാഹനവായ്പക്ക് അപേക്ഷ നല്‍കിയതെന്ന് എറണാകുളത്തെ കാനറ ബേങ്കിലെത്തിയ പെരുമ്പാവൂര്‍ സ്വദേശി അസീസ് പറഞ്ഞു. രണ്ട് ലക്ഷം രൂപയുടെ ഓട്ടോറിക്ഷ വാങ്ങാന്‍ 20,000 രൂപ മുന്‍കൂര്‍ അടക്കണമെന്നും പത്തര ശതമാനം പലിശ ചേര്‍ത്ത് 3,400 രൂപ പ്രതിമാസ തിരിച്ചടവ് വ്യവസ്ഥയില്‍ വായ്പ നല്‍കാമെന്നും ബേങ്ക് അധികൃതര്‍ പറഞ്ഞതായി വെസ്റ്റ് വെങ്ങോല സ്വദേശി സൈനുദ്ദീന്‍ പറഞ്ഞു.

 

Latest