മഅ്ദനിയുടെ ജീവന്‍ അപകടത്തിലായാല്‍ ഉത്തരവാദിത്വം കോണ്‍ഗ്രസിന്: പി ഡി പി

Posted on: March 15, 2014 12:46 am | Last updated: March 14, 2014 at 11:47 pm
SHARE

തിരുവനന്തപുരം: മതിയായ ചികത്സ ലഭിക്കാതെ ബംഗളൂരു ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ ജീവന് അപകടം പറ്റിയാല്‍ പൂര്‍ണ ഉത്തരവാദിത്വം കോണ്‍ഗ്രസിനായിരിക്കുമെന്ന് പി ഡി പി വര്‍കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്.
മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പി ഡി പി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തും. ‘ജീവന്‍ തരാം മഅ്ദനിയെ തരൂ’ എന്ന മുദ്രാവാക്യത്തില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി മൈലക്കാട് ഷായാണ് 19ന് രാവിലെ 10 മണി മുതല്‍ സത്യഗ്രഹം നടത്തുക. പ്രമുഖ അഭിഭാഷകന്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്യും. മഅ്ദനി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ചികിത്സക്കുവേണ്ടി ഇടക്കാല ജാമ്യം അനുവദിച്ചു തരണമെന്ന് അദ്ദേഹം യാചിക്കുകയാണ്. കര്‍ണാടക സര്‍ക്കാറില്‍ കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം. മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. അര്‍ബുദം ബാധിച്ച സ്വന്തം മാതാവിനെ കാണാന്‍ പോലും മഅ്ദനിയെ അനുവദിക്കാതെ കടുത്ത നീതിനിഷേധമാണ് നടക്കുന്നത്. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറിനേക്കാള്‍ കടുത്ത സമീപനമാണ് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട മഅ്ദനിയുടെ മറുകണ്ണില്‍ 40 ശതമാനം മാത്രമേ കാഴ്ചയുള്ളു. വൃക്കകള്‍ തകരാറിലായി ശരീരം നീരുവെച്ചിട്ടുണ്ട്. സെര്‍വിക്കല്‍ സ്‌പോണ്ടുലോസിസും ബാധിച്ചിട്ടുണ്ട്. ശബ്ദം നഷ്ടപ്പെട്ട് തുടങ്ങിയിരുക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടപ്പെട്ടേക്കാവുന്ന അവസ്ഥയാണെന്ന് സിറാജ് പറഞ്ഞു.
മഅ്ദനിക്കെതിരെ മറ്റൊരു കോയമ്പത്തൂര്‍ ജയിലനുഭവം ആവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ യു പി എയില്‍ സമ്മര്‍ദം ചെലുത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാനായ മഅ്ദനി അടുത്ത ദിവസം പ്രഖ്യാപിക്കും. പ്രവര്‍ത്തകരുടെ ഹിതമറിയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് അദ്ദേഹത്തിന് അയച്ച് കൊടുത്തിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന വര്‍ക്കിംഗ്് കമ്മിറ്റിയോഗം തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ച നടത്തി. ഈ മാസം 16ന് കൊല്ലത്ത് വിപുലമായ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ നടത്തും.