സുരക്ഷാ സംവിധാനങ്ങളില്‍ വീഴ്ച വരുത്തുന്ന വിമാനക്കമ്പനികളെ നിരോധിക്കും

Posted on: March 14, 2014 8:41 pm | Last updated: March 14, 2014 at 8:48 pm
SHARE

ദുബൈ: മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത വിമാനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുമെന്ന് യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ദുബൈ ആവശ്യപ്പെടുന്ന സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ച് 30 ഓളം വിമാനക്കമ്പനികള്‍ക്ക് ശില്‍പ്പശാല സംഘടിപ്പിച്ചുവെന്നും ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി അറിയിച്ചു. യാത്രക്കാരെ വഹിച്ച് വിമാനം ഇറങ്ങുമ്പോഴും ഉയരുമ്പോഴും സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ശില്‍പ്പശായില്‍ വിദഗ്ധര്‍ ക്ലാസെടുത്തു. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും ദുബൈ ഒരുക്കമല്ല. എന്തെങ്കിലും പഴുതുകളുണ്ടെങ്കില്‍ ഉടന്‍ അടയ്ക്കണം.
വ്യോമഗതാഗത അതോറിറ്റി, വിമാനത്താവളത്തിലെ വിദഗ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരും ശില്‍പ്പശാലയില്‍ പങ്കെടുത്തു.
വ്യോമഗതാഗത വിഭാഗത്തിലെ സുരക്ഷാ മേഖല അസി. ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ബലൂചി ഉദ്ഘാടനം ചെയ്തു.
രാജ്യാന്തര നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളാണ് ദുബൈ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിന് അനുഗുണമായ വിധത്തില്‍ വിമാനക്കമ്പനികള്‍ പ്രവര്‍ത്തിക്കണമെന്നും ഇസ്മായില്‍ അല്‍ ബലൂചി പറഞ്ഞു.