ഭീകരവാദ സംഘങ്ങള്‍ക്ക് പണം: മുന്നറിയിപ്പുമായി ദാഹി ഖല്‍ഫാന്‍

Posted on: March 14, 2014 8:47 pm | Last updated: March 14, 2014 at 8:47 pm
SHARE

Dahi-Khalfan-Tamim1ദുബൈ: മുസ്‌ലിം ലോകത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബ്രദര്‍ ഹുഡ് പോലെയുള്ള ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബൈ പോലീസ് ആന്റ് പബ്ലിക് സെക്യൂരിറ്റി വൈസ് ചെയര്‍മാന്‍ ദാഹി ഖല്‍ഫാന്‍ തമീം.
തന്റെ ട്വിറ്റര്‍ പേജിലാണ് ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയത്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണം നല്‍കുന്നവര്‍ക്കെതിരെ. ഒരു നേരം വിശപ്പടക്കാന്‍ വഴിയില്ലാതെ പട്ടിണി കിടക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ട്. അവരെ സഹായിക്കുന്നതിനു പകരം നിരപരാധികളെ കൊല ചെയ്യാനുള്ള സ്‌ഫോടനങ്ങള്‍ക്കും ആയുധങ്ങള്‍ക്കും പണം നല്‍കി സഹായിക്കുന്നവര്‍ പുനര്‍വിചിന്തനം നടത്തണം, ദാഹി ഖല്‍ഫാന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ഇത്തരം സംഘടനകള്‍ക്കും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ നിയമത്തിനു മുമ്പില്‍ എത്തും. അവര്‍ ശക്തമായ നടപടി നേരിടേണ്ടി വരും.
ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ സാമ്പത്തിക സഹായം ലഭിക്കുന്നത് ഗള്‍ഫ് മേഖലയില്‍ നിന്നാണ്. ഇത്തരക്കാരെക്കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇത്തരക്കാരെ കാത്തിരിക്കുന്നു. ദാഹി ഖല്‍ഫാന്‍ മുന്നറിയിപ്പ് നല്‍കി.