തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് 13500 ലധികം ജീവനക്കാര്‍

Posted on: March 14, 2014 8:13 am | Last updated: March 14, 2014 at 8:13 am
SHARE

മലപ്പുറം: ലോകസഭാ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ജില്ലയില്‍ ഇത്തവണ 13,500 ലധികം ജീവനക്കാരെ നിയോഗിക്കും. ജീവനക്കാരുടെ അന്തിമപട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. 17100 ജീവനക്കാരുടെ പേര് വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചിട്ടുണ്ട്. റാന്‍ഡമൈസേഷനിലൂടെയാണ് ആവശ്യമായ ജീവനക്കാരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് തിരഞ്ഞെടുക്കുക. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ സൂക്ഷ്മ നിരീക്ഷകരായാണ് നിയോഗിക്കുക.
ജുഡീഷല്‍ സ്റ്റാഫ്, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍, വെറ്റിറനറി സര്‍ജര്‍മാര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍, ഇന്‍ഫര്‍മേഷന്‍ – പബഌക് റിലേഷന്‍സ് വകുപ്പ് ഉദ്യോസ്ഥര്‍, സഹകരണ ബാങ്ക് ജീവനക്കാര്‍, ആകാശവാണി – ദൂരദര്‍ശന്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പിലെ അവശ്യ സേവന ദാതാക്കള്‍ എന്നിവരെ തെരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സര്‍വീസ് പേ റോള്‍ ആന്‍ഡ് റിപോസിറ്ററി കേരള (സ്പാര്‍ക്ക്) യില്‍ നിന്നും ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് വിന്യസിക്കേണ്ടവരുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് നോഡല്‍ ഓഫീസര്‍ പി. മുരളീധരന്‍ (ഡെപ്യൂട്ടി കലക്റ്റര്‍ ദുരന്ത നിവാരണം) അറിയിച്ചു. ഇതാദ്യമായാണ് സ്പാര്‍ക്കില്‍ നിന്നും ജീവനക്കാരുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ഉപയോഗിക്കുന്നത്. വില്ലേജ് ഓഫീസുകള്‍ മുഖേനെയാണ് അതത് പരിധിയിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചത്.
ജില്ലയില്‍ നിലവില്‍ 2288 പോളിങ് ബൂത്തുകളാണുള്ളത്. വോട്ടര്‍മാരുടെ എണ്ണത്തിനനുസരിച്ച് ബൂത്തുകള്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഒരു ബൂത്തില്‍ ഒരു വനിതാ ജീവനക്കാരിയെ മാത്രമായി നിയോഗിക്കരുതെന്ന ചട്ടമുള്ളതിനാല്‍ കുറഞ്ഞത് രണ്ട് വനിതാ ജീവനക്കാരെയെങ്കിലും ഒരുമിച്ച് ജോലിക്ക് ചുമതലപ്പെടുത്തേണ്ടതുണ്ട്. ബൂത്തുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ജീവനക്കാരും തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് അധികമായി വേണ്ടിവരും. നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുള്ള ഔദ്യോഗിക അറിയിപ്പ് അതത് താലൂക്ക് – വില്ലേജ് വഴിയാണ് ഓഫീസിലെത്തുക. ഇതിന് ശേഷം ജീവനക്കാര്‍ക്കുള്ള തെരഞ്ഞെടുപ്പ് പരിശീലന പരിപാടികള്‍ തുടങ്ങും.