അനാരോഗ്യം പ്രവാസ ജീവിതത്തിന് തടസ്സമാകുന്നു: പഠനം

Posted on: March 14, 2014 8:12 am | Last updated: March 14, 2014 at 8:12 am
SHARE

കല്‍പ്പറ്റ: മാതൃരാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച പ്രവാസികളില്‍ 79 ശതമാനം പേര്‍ പ്രവാസജീവിതം അവസാനിപ്പിച്ചത് ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നു പഠനം.
മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സൈന്‍ മാനവ വിഭവശേഷി വികസന ഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലാണ് കടുംബത്തിനും സമൂഹത്തിനും വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ ഉരുകിത്തീരുന്ന പ്രവാസി സമൂഹത്തെക്കുറിച്ച് പഠന റിപോര്‍ട്ട് തയ്യാറാക്കിയത്. വിശദമായ റിപോര്‍ട്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കും സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ സി ജോസഫിനും റിപോര്‍ട്ട് കൈമാറി.
കണ്ടെത്തലുകളോടും നിര്‍ദേശങ്ങളോടും മന്ത്രിമാരുടെ ഭാഗത്തുനിന്ന് അനുഭാവ പൂര്‍വമായ സമീപനമാണുണ്ടായതെന്നു സൈന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ റാഷിദ് ഗസ്സാലി പറഞ്ഞു. പ്രവാസി വ്യവസായിയും അല്‍ അബീര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ആലുങ്ങല്‍ മുഹമ്മദിന്റെ മേല്‍നോട്ടത്തില്‍, സൈന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തിലുള്ള റിസര്‍ച്ച് ടീം, കേരള യൂനിവേഴ്‌സിറ്റി അസോഷ്യേറ്റ് പ്രഫസര്‍ ഡോ. സജാദ് ഇബ്രാഹീമിന്റെ കണ്‍സള്‍ട്ടന്‍സിയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥികളായ ബാസിം ഗസ്സാലി, നജീബ് ഗസ്സാലി, മുഹമ്മദലി ഗസ്സാലി അംഗങ്ങളായിരുന്നു. 12 ഗവേഷക വിദ്യാര്‍ഥികള്‍ എട്ടു ജില്ലകളിലെ 1,200 പ്രവാസികളുടെ കുടുംബങ്ങളില്‍ കയറിയിറങ്ങിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. നാട്ടിലും വിദേശത്തുമായി നടന്ന വിവിധ സെമിനാറുകളിലും വിവരശേഖരണം നടത്തി. 15 ലക്ഷം രൂപയാണ് പഠനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. ഗവേഷണത്തോടനുബന്ധിച്ച് ദുബൈ, ഖത്തര്‍, ജിദ്ദ, മസ്‌കറ്റ് എന്നിവിടങ്ങളില്‍ സൈന്‍ ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. ഗള്‍ഫ് ജീവിതം അവാസനിപ്പിച്ച് തിരികെയെത്തിവരില്‍ 59 ശതമാനം പേര്‍ എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയിട്ടില്ലെന്നു പഠനം ചൂണ്ടിക്കാട്ടുന്നു.
50 ശതമാനവും 12 വര്‍ഷത്തിലധികം പ്രവാസജീവിതം നയിച്ചവരാണ്. 86 ശതമാനം പേരും ജോലി ചെയ്യുന്ന രാജ്യത്തെ നിയമസംവിധാനത്തെക്കുറിച്ച് ബോധവാന്‍മാരല്ല.തിരികെയെത്തിവരില്‍ 20 ശതമാനം മാത്രമാണ് തിരികെ പോവാന്‍ ആഗ്രഹിക്കുന്നതെന്നും പഠനത്തിലുണ്ട്.സര്‍ക്കാര്‍ സബ്‌സിഡിയോടെ പ്രവാസികള്‍ക്കായി ആശുപത്രി, സര്‍ക്കാര്‍ ജോലികളില്‍ സംവരണം തുടങ്ങി 60ഓളം നിര്‍ദേശങ്ങളും പഠന റിപോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഒരു വര്‍ഷം കൊണ്ടാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.