Connect with us

Kozhikode

പണം വിതറി തട്ടിപ്പ്: പ്രത്യേക സംഘം അന്വേഷണം തുടങ്ങി

Published

|

Last Updated

കോഴിക്കോട്: പണം വിതറി നഗരത്തില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന തട്ടിപ്പ് സംബന്ധിച്ച് അഞ്ചംഗ പ്രത്യേകസംഘം അന്വേഷിക്കുന്നു. മോഷണം, പിടിച്ചുപറി കേസുകള്‍ സ്ഥിരമായി അന്വേഷിക്കുന്ന പോലീസുകാരെ ഉള്‍പ്പെടുത്തി കസബ സി ഐ ബാബുപെരിങ്ങത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപവത്ക്കരിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി കവര്‍ച്ച നടന്ന ദിവസത്തേയും തൊട്ടടുത്ത ദിവസത്തേയും നഗരത്തിലെ മുഴുവന്‍ സി സി ടി വി ദൃശ്യങ്ങളും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഇന്നലെ പരിശോധിച്ചു. കഴിഞ്ഞ ദിവസം പരാതിക്കാരനുമൊത്ത് പണം നഷ്ടപ്പെട്ട സ്ഥലത്തും മറ്റിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പിന്റെ വീഡിയോയും പോലീസ് ശേഖരിച്ചു. കഴിഞ്ഞ മാസം 19നാണ് ചേവായൂര്‍ സ്വദേശിയായ ഭാസ്‌കരന്‍ നായരില്‍ നിന്നും 8,000 രൂപ കവര്‍ന്നത്.
സ്‌റ്റേഡിയം കോംപ്ലക്‌സിലെ ഷോപ്പിന് മുന്നില്‍ വെച്ച് മൂന്ന് പേര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഭാസ്‌കരന്‍ നായരുടെ കാറിന് സമീപത്തെത്തി ഒന്നാമന്‍ നോട്ടുകള്‍ വിതറുകയും തുടര്‍ന്ന് മറ്റുള്ള രണ്ട് പേര്‍ പണം കവരുകയുമായിരുന്നു. ഭാസ്‌കരന്‍ നായര്‍ ഷോപ്പില്‍ നിന്നിറങ്ങുന്നതിന് മുമ്പ് തന്നെ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ പണം റോഡില്‍ വിതറിയിരുന്നു. ഭാസ്‌കരന്‍ നായര്‍ ഷോപ്പില്‍ നിന്നിറങ്ങി കാറില്‍ കയറുന്നതിനിടെ സംഘത്തിലെ രണ്ടാമന്‍ പണം നിലത്ത് വീണെന്ന് ഭാസ്‌കരന്‍ നായരോട് പറയുകയും, ഭാസ്‌കരന്‍ നായര്‍ പണം തന്റേതാണെന്ന് കരുതി എടുക്കുന്നതിനിടെ മറുവശത്തെ കാറിന്റെ ഡോര്‍ തുറന്ന് മൂന്നാമന്‍ ബാഗ് തട്ടിയെടുക്കുകയുമായിരുന്നു. തട്ടിപ്പ് ദൃശ്യങ്ങള്‍ ഷോപ്പിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണെങ്കിലും തട്ടിപ്പുകാരുടെ മുഖം ചിത്രത്തില്‍ വ്യക്തമല്ല.
ഭാസ്‌കരന്‍ നായരുടെ കാറിനുള്ളിലെ ബാഗില്‍ പണമുണ്ടെന്ന് മോഷ്ടക്കാള്‍ നേരത്തെ മനസിലാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ വിവരം എങ്ങനെ മോഷ്ടാക്കള്‍ക്ക് ലഭിച്ചുവെന്നതാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. ഭാസ്‌കരന്‍ നായര്‍ ആ ദിവസം പോയ സ്ഥലങ്ങളിലെല്ലാം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്.
ഇതേ ദിവസം രാത്രി മര്‍ക്കസ് കോംപ്ലക്‌സ് പരിസരത്ത് നിര്‍ത്തിയിട്ട ഇന്നോവ കാറില്‍ നിന്ന് ബാഗ് തട്ടിയെടുത്ത സംഭവമുണ്ടായിരുന്നു. കോട്ടൂളി സ്വദേശി സുമേഷിനാണ് ബാഗ് നഷ്ടപ്പെട്ടത്. ഇത്തരത്തില്‍ ചില കേസുകള്‍ നേരത്തെ കൊച്ചിയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതും അന്വേഷണ പരിധിയിലുണ്ടെന്ന് കസബ സി ഐ ബാബു പെരിങ്ങത്ത് പറഞ്ഞു.

Latest