കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ വകുപ്പ് ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

Posted on: March 14, 2014 8:07 am | Last updated: March 14, 2014 at 8:07 am
SHARE

കോഴിക്കോട്: പോലീസ് പിടികൂടിയ മണല്‍ലോറി വിട്ടുകൊടുക്കാനായി കൈക്കൂലി വാങ്ങിയ റവന്യൂവകുപ്പ് ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ആര്‍ ഡി ഒ ഓഫീസിലെ യു ഡി ക്ലാര്‍ക്ക് എരഞ്ഞിപ്പാലം സ്വദേശി അനൂപ് കുമാ(43)റാണ് പിടിയിലായത്.
ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ സിവില്‍ സ്റ്റേഷനിലെ ആര്‍ ഡി ഒ ഓഫീസില്‍വെച്ച് ഡിവൈ എസ് പി. പി ഷൗക്കത്തിന്റെ നേതൃത്വത്തില്‍ സി ഐ മാരായ അബ്ദുല്‍ വഹാബ്, സജീവ് കുമാര്‍, എസ് ഐ മാരായ പ്രേമാനന്ദന്‍, രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് പിടികൂടി ആര്‍ ഡി ഒ ക്ക് കൈമാറുന്ന മണല്‍ ലോറികള്‍ വിട്ടുകൊടുക്കുന്നതിനും ഹിയറിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും ഇയാള്‍ കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. പിഴ സംഖ്യ കുറക്കാനും വിട്ടുകൊടുക്കാനുമുള്ള ഉത്തരവ് വേഗത്തില്‍ ലഭ്യമാക്കാനും ഇയാള്‍ വന്‍ സംഖ്യ കൈകൂലിയായി ആവശ്യപ്പെടാറുണ്ടായിരുന്നു. പേരാമ്പ്ര പോലീസ് പിടികൂടിയ കുന്ദമംഗലം സ്വദേശിയുടെ മണല്‍ലോറി വിട്ട് കിട്ടാനായി 25000 രൂപ പിഴ അടച്ചെങ്കിലും വാഹനം വിട്ടുകൊടുക്കാനുള്ള ഉത്തരവ് നല്‍കാതെ അയ്യായിരം രൂപ കൈകൂലി ആവശ്യപ്പെട്ടു. ആയിരം രൂപ നല്‍കി ബാക്കി പിന്നീട് നല്‍കാമെന്ന് പറഞ്ഞ ലോറിഉടമ വിവരം വിജിലന്‍സിനെ അറിയിച്ചു. ഇന്നലെ ഉച്ചയോടെ വിജിലന്‍സ് നല്‍കിയ നാലായിരം രൂപ അനൂപ് കുമാറിന് കൈമാറുകയും വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിജിലന്‍സ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.