Connect with us

Palakkad

ശുദ്ധമായ കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി ശ്രദ്ധ ചെലുത്തണം

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ ജലജന്യരോഗങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട് ഉളളതിനാല്‍ ശുദ്ധമായ കുടിവെളളം എത്തിക്കുന്നതിന് വാട്ടര്‍ അതോറിറ്റി പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പബ്ലിക് ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പ്രദീപ് പറഞ്ഞു.ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പകര്‍ച്ചവ്യാധി മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിതരണം ചെയ്യുന്ന ജലത്തിന്റെ സാംപിള്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്തുകയും വിതരണത്തിന് വൃത്തിയുളള ടാങ്കറുകള്‍ ഉപയോഗിക്കുകയും ചെയ്യണം.
കേരളത്തിലെ ജനസംഖ്യയില്‍ 30 മുതല്‍ 40 ശതമാനം വരെ ജനങ്ങള്‍ക്ക് മാത്രമേ കുടിക്കാന്‍ ശുദ്ധജലം ലഭിക്കുന്നുളളൂ. ബഹുഭൂരിപക്ഷവും കുടിവെളളത്തിന് വിതരണക്കാരെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ വിതരണക്കാര്‍ പുഴകളില്‍ നിന്നോ കായലുകളില്‍ നിന്നോ മലിനജലം ശേഖരിക്കരുത്. ഇക്കാര്യങ്ങളില്‍ വാട്ടര്‍ അതോറിറ്റി ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊതുകുജന്യ രോഗങ്ങള്‍, മന്ത്, ഡെങ്കിപ്പനി എന്നിവയും ജില്ലയില്‍ വ്യാപകമായി കാണുന്നുണ്ട്. ഇത്തരം രോഗങ്ങളെ തടയുന്നതിന് തദ്ദേശ സ്വയം”രണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബോധവത്ക്കരണവും കൊതുക് നശീകരണവും ഊര്‍ജ്ജിതമാക്കണം. പകര്‍ച്ചവ്യാധികള്‍ തുടര്‍ച്ചയായി കാണപ്പെടുന്ന സ്ഥലങ്ങളില്‍ അടിയന്തിരമായി കൊതുകുനശീകരണം, വെള്ളക്കെട്ട് നിര്‍മ്മാര്‍ജ്ജനം എന്നിവ നടപ്പാക്കി രോഗങ്ങളുടെ പ്രഭവകേന്ദ്രങ്ങള്‍ ഇല്ലാതാക്കണം.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചിക്കന്‍പോക്‌സ് മൂലം മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അലോപ്പതി ചികിത്സയെക്കുറിച്ച് ആളുകള്‍ക്കുളള അറിവില്ലായ്മയും പ്രാദേശികമായ വിശ്വാസങ്ങളുമാണ് ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സ തേടാതിരിക്കുന്നതിനും തന്മൂലം മരണത്തിനും കാരണമാകുന്നതെന്നും യോഗത്തില്‍ ഡെപ്യൂട്ടി ഡി എം. ഒ കെ എ നാസര്‍ പറഞ്ഞു.
ശരിയായ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കല്‍, ശുദ്ധജലത്തിന്റെ അഭാവം, മാലിന്യ നിര്‍മ്മാര്‍ജ്ജനമില്ലായ്മ, ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങള്‍, പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കാതിരിക്കല്‍ എന്നിവയൊക്കെ അസുഖങ്ങള്‍ പകരാനുള്ള കാരണങ്ങളാണ്.
കൂടാതെ രോഗവാഹകരായ അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും രോഗം പകരുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഡി എം ഒ. ഡോ. കെ വേണുഗോപാല്‍, എന്‍ ആര്‍ എച്ച എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീഹരി, ഡെപ്യൂട്ടി ഡി എം ഒ ഡോ. പ്രഭുദാസ് എന്നിവര്‍ പങ്കെടുത്തു.

Latest