സേന രൂപവത്കരിക്കാന്‍ ഉക്രൈന്‍ പാര്‍ലിമെന്റിന്റെ അംഗീകാരം

Posted on: March 14, 2014 1:32 am | Last updated: March 14, 2014 at 1:32 am
SHARE

President Barack Obama, right, and Ukraine Prime Minister Arseniy Yatsenyuk, left, shake hands in the Oval Office of the White Houseകീവ്/ വാഷിംഗ്ടണ്‍: 60,000 അംഗങ്ങളുള്ള സൈനികരെ ഉള്‍പ്പെടുത്തി നാഷനല്‍ ഗാര്‍ഡ് രൂപവത്കരിക്കാന്‍ ഉക്രൈന്‍ പാര്‍ലിമെന്റ് തീരുമാനിച്ചു. റഷ്യയുടെ ഭാഗമാകാന്‍ ഞായറാഴ്ച ക്രിമിയയില്‍ ഹിതപരിശോധന നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. അതേസമയം, ഉക്രൈന്‍ ഇടക്കാല പ്രധാനമന്ത്രി ആര്‍സെനി യാത്‌സെന്‍യൂക് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി.
സൈനിക അക്കാദമികളില്‍ നിന്നും ഈയടുത്ത് നടന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ നിന്നുമാണ് നാഷനല്‍ ഗാര്‍ഡിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുക. ക്രിമിയയില്‍ റഷ്യന്‍ സൈന്യവും സായുധ സിവിലിയന്‍മാരുമുള്ള പശ്ചാത്തലത്തിലാണ് പുതിയ നടപടി.
അതിനിടെ, ഉക്രൈനിലെ പ്രതിസന്ധിക്ക് റഷ്യയെ കുറ്റം പറയേണ്ടതില്ലെന്ന് പ്രസിഡന്റ് വഌദിമര്‍ പുടിന്‍ പറഞ്ഞു. നിലപാട് മാറ്റിയില്ലെങ്കില്‍ രാഷ്ട്രീയമായും സാമ്പത്തികമായും കനത്ത നഷ്ടം റഷ്യ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ജര്‍മനിയുടെ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കല്‍ പറഞ്ഞു. അമേരിക്കയും ഭീഷണി മുഴക്കിയിട്ടുണ്ട്. അതിനിടെ, ഉക്രൈന്‍ വാതക വ്യവസായ പ്രമുഖന്‍ ദിമിത്രി ഫിര്‍താഷിനെ ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ അറസ്റ്റ് ചെയ്തു. ഉക്രൈനിലെ അതിസമ്പന്നരില്‍ ഒരാളും പുറത്താക്കപ്പെട്ട പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിന്റെ പ്രധാന അനുയായിയുമാണ് ഫിര്‍താഷ്. അഴിമതി നടത്തിയെന്ന സംശയത്തിന് അമേരിക്കന്‍ അധികൃതര്‍ ഫിര്‍താഷിനെ തിരയുന്നുണ്ട്.
റഷ്യയുമായി ചര്‍ച്ച നടത്താനുള്ള തീരുമാനം റദ്ദാക്കിയതായി ഒ ഇ സി ഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) അറിയിച്ചു. അടുത്ത നടപടി തീരുമാനിക്കുന്നതിന് തിങ്കളാഴ്ച ഇ യു വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേരുന്നുണ്ട്. അതേസമയം, ക്രിമിയയിലെ സൈനിക സാന്നിധ്യം റഷ്യ ഔദ്യോഗികമായി അറിയിച്ചു. റഷ്യന്‍ പാര്‍ലിമെന്റായ ദുമയിലാണ് ഇക്കാര്യം അറിയിച്ചത്.
ക്രിമിയന്‍ മേഖലയില്‍ റഷ്യ നടത്തുന്ന ഇടപെടലില്‍ രൂക്ഷ വിമര്‍ശവുമായി ജി 7 രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ക്രിമിയന്‍ മേഖലയില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്തിരിയണമെന്നും ഉക്രൈനില്‍ നിന്ന് സ്വതന്ത്രമാകാനും റഷ്യക്കൊപ്പം ചേരാനുമുള്ള ക്രിമിയന്‍ ഭരണകൂടത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നും ഇത്തരം നിയമവിരുദ്ധമായ നടപടിക്കെതിരെ ശക്തമായി രംഗത്തുവരുമെന്നും ജി 7 മുന്നറിയിപ്പ് നല്‍കിയിരുന്നു. ജി 7 രാജ്യങ്ങളായ ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു എസ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് റഷ്യക്കും ക്രിമിയന്‍ സര്‍ക്കാറിനുമെതിരെ രൂക്ഷമായ പരാമര്‍ശം ഉന്നയിച്ചത്.