കോഴിക്കോടന്‍ രുചിയറിഞ്ഞ് മുന്നണികള്‍

  Posted on: March 14, 2014 1:08 am | Last updated: March 14, 2014 at 5:44 pm
  SHARE

  Kozhikode LC

  കോഴിക്കോടന്‍ ഹല്‍വയെന്ന് കേട്ടാല്‍ ആരുടെ നാവിലും വെള്ളമൂറും. കോഴിക്കോടന്‍ ഹല്‍വ പോലെ ഇടതിനെയും വലതിനെയും ഒരു പോലെ കൊതിപ്പിക്കുന്നുണ്ട് കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലം. ഇരു മുന്നണികളും മാറി മാറി കോഴിക്കോടിന്റെ രൂചി അറിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയമായി ഇടതും വലതും അവകാശവാദങ്ങള്‍ ഉന്നയിക്കാറുള്ള മണ്ഡലത്തില്‍ ഇത്തവണയും ഇരു ക്യാമ്പിലും പ്രതീക്ഷക്ക് കുറവില്ല. കണക്കുകളിലും കണക്കുകൂട്ടലിലും ഇരു മുന്നണികള്‍ക്കും സ്വന്തമാണ് കോഴിക്കോട്. മണ്ഡലത്തിന്റെ പിറവി തൊട്ടിങ്ങോട്ട് വിജയിച്ച് ഡല്‍ഹിക്ക് വണ്ടി കയറിയവരുടെ കണക്കെടുത്താല്‍ വലതു മുന്നണി ബഹുദൂരം മുന്നിലാണ്. എന്നാല്‍, നിലവില്‍ മണ്ഡലാതിര്‍ത്തിയിലെ വോട്ടിന്റെ കണക്കെടുത്താല്‍ ഇടതു മുന്നണിയെ പിന്നിലാക്കാന്‍ പ്രയാസവുമാണ്.
  പോര്‍ച്ചൂഗീസുകാരും ഡച്ചുകാരും അറബികളും… അങ്ങനെ പുറത്തു നിന്നെത്തിയവരെയെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ചിരുത്തിയ പാരമ്പര്യമുണ്ട് കോഴിക്കോട്ടുകാര്‍ക്ക്. തിരഞ്ഞെടുപ്പ് പോരാട്ടത്തിലും ഈ ആതിഥേയത്വം കാണാനാകും. പൊന്നാനിയില്‍ നിന്നെത്തിയ ഇ കെ ഇമ്പിച്ചിബാവ മുതല്‍ ബംഗളൂരുവില്‍ നിന്നെത്തിയ സി എം ഇബ്‌റാഹീം വരെ കോഴിക്കോട്ട് പോരിനിറങ്ങിയിട്ടുണ്ട്. ഇത്തവണയും പ്രധാന സ്ഥാനാര്‍ഥികളായെത്തുന്നത് അയല്‍ ജില്ലക്കാരാണ്. വലതു മുന്നണിയുടെയും ബി ജെ പിയുടെയും സ്ഥാനാര്‍ഥികളായി നിലവിലെ എം പി. എം കെ രാഘവനും സി കെ പത്മനാഭനുമാണ് എത്തുന്നത്. ഇടതു മുന്നണി സ്ഥാനാര്‍ഥി മലപ്പുറത്ത് നിന്നുള്ള എ വിജയരാഘവനും. രാഷ്ട്രീയവും വികസനവും സ്ഥാനാര്‍ഥികളുടെ മികവുമൊക്കെ തിരഞ്ഞെടുപ്പിന്റെ പോര്‍മുഖത്ത് ചര്‍ച്ചയാകും. സി പി എമ്മിനെ കുഴക്കി ടി പി വധവും യു ഡി എഫിന് പാരയായി സ്ഥാനാര്‍ഥി മോഹികളും നടക്കാതെ പോയ റെയില്‍വേ സ്റ്റേഷന്‍ വികസനും കടന്നുവരും.
  ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കോഴിക്കോടിലുള്ളത്. നേരത്തെ മഞ്ചേരി പാര്‍ലിമെന്റ് മണ്ഡലത്തിന്റെ ഭാഗമായിരുന്ന കുന്ദമംഗലത്തിനും ബേപ്പൂരിനുമൊപ്പം എലത്തൂരാണ് കോഴിക്കോട് മണ്ഡലത്തിലേക്ക് പുതുതായി ചേര്‍ന്നത്. നേരത്തെ കോഴിക്കോടിന്റെ ഭാഗമായിരുന്ന തിരുവമ്പാടിയും കല്‍പ്പറ്റയും സുല്‍ത്താന്‍ ബത്തേരിയും വയനാട് ലോക്‌സഭ മണ്ഡലത്തിലേക്ക് ചേക്കേറുകയും ചെയ്തു. കോഴിക്കോടിന്റെ പൊതുവായ രാഷ്ട്രീയഗ്രാഫ് എല്‍ ഡി എഫിന് അനുകൂലമാണ്. കോഴിക്കോട് സൗത്ത്, കൊടുവള്ളി മണ്ഡലങ്ങള്‍ മാത്രമാണ് യു ഡി എഫിന്റെ കൈവശമുള്ളത്.
  ന്യൂനപക്ഷ വോട്ട് ശക്തമായ കോഴിക്കോട് വിധിനിര്‍ണയിക്കുന്നതിലും എല്ലാ കാലത്തും ഇവര്‍ക്കു പങ്കുണ്ട്. ന്യൂനപക്ഷത്തെ പീഡിപ്പിച്ചപ്പോഴും പ്രീണിപ്പിച്ചപ്പോഴും അതിന്റെ ഫലം അനുഭവിക്കേണ്ടവര്‍ അനുഭവിച്ചിട്ടുമുണ്ട്. കൈപ്പത്തിയില്‍ കോണ്‍ഗ്രസുകാര്‍ പല തവണ ഭാഗ്യം പരീക്ഷിച്ച കോഴിക്കോട് പക്ഷേ, അടിയന്തരാവസ്ഥക്ക് ശേഷം നടന്ന 1980ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സി പി എം തയ്യാറായത്. അന്ന് ഇ കെ ഇമ്പിച്ചിബാവയാണ് കോഴിക്കോട് പാര്‍ട്ടി പതാക പാറിച്ചത്.
  മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്ന കോഴിക്കോട് നിന്ന് 1951ല്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുടെ അച്യുതന്‍ ദാമോദരന്‍ മേനോനും 1957ല്‍ കോണ്‍ഗ്രസിന്റെ കെ പി കുട്ടികൃഷ്ണന്‍ നായരുമാണ് വിജയിച്ചത്.
  62ല്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി സി എച്ച് മുഹമ്മദ്‌കോയ സി പി ഐയുടെ മഞ്ജുനാഥ റാവുവിനെ തോല്‍പ്പിച്ച് പാര്‍ലിമെന്റിലെത്തി. മുന്നണി ബന്ധത്തില്‍ മാറ്റം വന്ന 67ലും 71ലും മുസ്‌ലിം ലീഗിലെ ഇബ്‌റാഹീം സുലൈമാന്‍ സേട്ടിനൊപ്പമായിരുന്നു കോഴിക്കോടിന്റെ ഖല്‍ബ്.
  77ല്‍ കോണ്‍ഗ്രസിലെ ഡോ. വി എ സൈതു മുഹമ്മദ് ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി എം കമലത്തെ പരാജയപ്പെടുത്തി. 80ല്‍ ജനതാ പാര്‍ട്ടിയിലെ അരങ്ങില്‍ ശ്രീധരന്‍ ഗോദയിലെത്തിയപ്പോള്‍ ഇ കെ ഇമ്പിച്ചാബാവയെ സി പി എം രംഗത്തിറക്കി വിജയം നേടി. എന്നാല്‍, 1984ല്‍ ഡോ. കെ ജി അടിയോടിയിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. 54,000 വോട്ടിന്റെ വ്യത്യാസത്തിലാണ് മൊയ്തീന്‍കുട്ടി ഹാജിയെ അടിയോടി പരാജയപ്പെടുത്തിയത്.
  1989ലെ തിരഞ്ഞെടുപ്പില്‍ ഇമ്പിച്ചിബാവയെ മത്സരിപ്പിച്ച് കോഴിക്കോടിനെ വീണ്ടും ചുവപ്പിക്കാമെന്ന സി പി എം മോഹത്തിന് തിരിച്ചടി നല്‍കിയത് കെ മുരളീധരനാണ്. തുടക്കകാരനായ മുരളീധരനോട് 29,000 വോട്ടിനാണ് ഇമ്പിച്ചിബാവ പരാജയപ്പെട്ടത്. പിന്നീട് 1991 മുതല്‍ 2004 വരെ തുടര്‍ച്ചയായി അഞ്ച് തിരഞ്ഞെടുപ്പിലും കോഴിക്കോട് മത്സരിച്ചത് ഇടതു മുന്നണിയില്‍ നിന്ന് ജനതാദളാണ്. 91 ല്‍ ഭൂരിപക്ഷം 16,000 മായി ഉയര്‍ത്തി മുരളീധരന്‍ ജനതാദളിലെ എം പി വീരേന്ദ്രകുമാറിനെ തോല്‍പ്പിച്ചു. തുടര്‍ച്ചയായി മത്സരിച്ച വീരേന്ദ്രകുമാറിന് 96ലാണ് കോഴിക്കോട് നിന്ന് ഡല്‍ഹിയിലെത്താന്‍ കഴിഞ്ഞത്. കെ മുരളീധരനെയാണ് വീരേന്ദ്രകുമാര്‍ പരാചയപ്പെടുത്തിയത്. എന്നാല്‍, 98ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രിയുടെ പരിവേഷവുമായി രംഗത്തിറങ്ങിയിട്ടും വീരേന്ദ്രകുമാറിന് ഡി സി സി പ്രസിഡന്റായിരുന്ന അഡ്വ. പി ശങ്കരന് മുമ്പില്‍ അടിതെറ്റി. 99ല്‍ മുന്‍ കേന്ദ്ര വ്യോമയാന മന്ത്രി സി എം ഇബ്‌റാഹീമിനെയാണ് ജനതാദള്‍ പരീക്ഷിച്ചത്. പക്ഷേ, നാട്ടുകാരനായ കെ മുരളീധരനെയാണ് കോഴിക്കോട്ടുകാര്‍ സ്വീകരിച്ചത്. യു ഡി എഫിന് സംസ്ഥാന വ്യാപകമായി തിരിച്ചടിയുണ്ടായ 2004ല്‍ കോഴിക്കോട് വീരേന്ദ്രകുമാറിനൊപ്പം നിന്നു. അഡ്വ. വി ബലറാമിനെയാണ് വീരേന്ദ്രകുമാര്‍ തോല്‍പ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ എം കെ രാഘവനും എല്‍ ഡി എഫില്‍ അഡ്വ. മുഹമ്മദ് റിയാസും അപ്രതീക്ഷിതമായാണ് സ്ഥനാര്‍ഥികളായെത്തിയത്. ആവേശകരമായ മത്സരത്തില്‍ 838 വോട്ടുകള്‍ക്കാണ് എം കെ രാഘവന്‍ വിജയിച്ചത്.