Connect with us

Ongoing News

മലനിരകളുടെ നാട്ടില്‍ കോണ്‍ഗ്രസിനെതിരെ പടയൊരുക്കം

Published

|

Last Updated

കോണ്‍ഗ്രസ് കൈവശം വെക്കുന്ന മിസോറാമിലെ ഏക ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ പടപ്പുറപ്പാടിനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു ഡി എഫ്). ഗ്രോതവര്‍ഗ സംവരണ മണ്ഡലമാണ് മിസോറാം. എന്‍ ഡി എയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എട്ട് പ്രതിപക്ഷ കക്ഷികളാണ് സഖ്യത്തില്‍ ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ പടയൊരുക്കം നടത്തുന്നത്.

മിസോ നാഷനല്‍ ഫ്രണ്ട് (എം എന്‍ എഫ്) ആണ് മുന്നണിക്ക് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടിയുടെ ഉപാധ്യക്ഷനും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ആര്‍ ലാല്‍തങ്ക്‌ലിയാനയാണ് മുന്നണി നേതാവ്. കോണ്‍ഗ്രസിനെ തറപറ്റിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സഖ്യം മുന്നണിയുടെ ഭാഗമല്ലെങ്കിലും വിജയിച്ചാല്‍ എന്‍ ഡി എയെ പിന്തുണക്കും. മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ് (എം പി സി), സോറാം നാഷനലിസ്റ്റ് പാര്‍ട്ടി (ഇസെഡ് എന്‍ പി), മാറാലാന്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം ഡി എഫ്), ഹമര്‍ പീപ്പിള്‍സ് കണ്‍വെന്‍ഷന്‍ (എച്ച് പി സി), പൈറ്റ് ട്രൈബ്‌സ് കൗണ്‍സില്‍ (പി ടി സി), ബി ജെ പി, എന്‍ സി പി എന്നിവയാണ് സഖ്യത്തിലെ കക്ഷികള്‍. മിസോറാമില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2,13,770 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസിലെ സി എല്‍ റൗള വിജയിച്ചത്. 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ എം എന്‍ എഫിന്റെ വന്‍ലാല്‍സവമയാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി ഇസെഡ് എന്‍ പി സ്ഥാനാര്‍ഥിയാണ് കോണ്‍ഗ്രസിനെതിരെ മത്സരിച്ചത്. ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത മാസം ഒമ്പതിന് ഹറംഗ്തുര്‍സോ നിയമസഭാ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നാല്‍പ്പത് നിയമസഭാ മണ്ഡലങ്ങളാണ് മിസോറാമിലുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ ഇതുവരെ എം എന്‍ എഫിന് കഴിഞ്ഞിട്ടില്ല. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സോറാം നാഷനലിസ്റ്റ് പാര്‍ട്ടിയുടെ നേതാവും കഴിഞ്ഞ തവണ മത്സരിക്കുകയും ചെയ്ത മുന്‍ എം പി വന്‍ലാല്‍സവമക്കാണ് ഇത്തവണയും സാധ്യത.

അതിനിടെ, സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി യു ഡി എഫില്‍ ഭിന്നതയും ഉടലെടുത്തിട്ടുണ്ട്. ഇസെഡ് എന്‍ പി, ബി ജെ പി, എച്ച് പി സി പാര്‍ട്ടികള്‍ മുന്നണി വിടുമെന്ന ഭീഷണിയുമായി രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് സിറ്റിംഗ് എം പിയെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest