Connect with us

Editorial

ദേവയാനി: സര്‍ക്കാര്‍ നീക്കങ്ങള്‍ക്കു ഫലപ്രാപ്തി

Published

|

Last Updated

വീട്ടുജോലിക്കാരിയുടെ വിസക്കായി വ്യാജരേഖ ചമച്ചതിന് അമേരിക്കയില്‍ അറസ്റ്റിലാകുകയും കേസിലകപ്പെടുകയും ചെയ്ത യു എസ് നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ രക്ഷിക്കാന്‍ ഇന്ത്യ സ്വീകരിച്ച തന്ത്രങ്ങള്‍ വിജയിച്ചിരിക്കുന്നു. അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ ദേവയാനിക്ക് നയതന്ത്ര പരിരക്ഷയില്ലായിരുന്നുവെങ്കിലും കുറ്റ പത്രം സമര്‍പ്പിക്കുമ്പോള്‍ പൂര്‍ണ നയതന്ത്രപരി രക്ഷയുണ്ടായിരുന്നതിനാല്‍ അവര്‍ക്കെതിരായ അറസ്റ്റ് വാറണ്ട് നിലനില്‍ക്കില്ലെന്ന് അമേരിക്കന്‍ കോടതി വിധിച്ചിരിക്കുന്നു. ദേവയാനി മുന്‍ നയതന്ത്രജ്ഞയാണെന്നും നിലവില്‍ നയതന്ത്ര പ രിരക്ഷയില്ലെന്നുമുള്ള യു എസ് അറ്റോര്‍ണിയുടെ വാദം തള്ളി, കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ താന്‍ നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥയായിരുന്നുവെന്ന ദേവയാനിയുടെ വാദം കോടതി അംഗീകരിക്കുകയാണുണ്ടായത്. അറസ്റ്റിലാകുന്ന സമയത്ത് യു എസിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനിയെ, ഐക്യരാഷ്ട്ര സഭാ മിഷനിലേക്ക് മാറ്റിയ ഇന്ത്യന്‍ സര്‍ക്കാറിന്റെ നടപടിയാണ് അവര്‍ക്കു തുണയായത്.
ദേവയാനിയുടെ വീട്ടുജോലിക്കാരിയായ സംഗീത റിച്ചാര്‍ഡ്‌സ് ഒരു യു എസ് നിയമ സന്നദ്ധ സംഘടനയുടെ സഹായത്തോടെ നല്‍കിയ പരാതിയിലാണ് ദേവയാനിക്കെതിര ന്യൂയോര്‍ക്ക് പോലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. വ്യാജ വിസയിലാണ് തന്നെ അമേരിക്കയിലേക്ക് കൊണ്ടുവന്നതെന്നും നിയമപ്രകാരമുള്ള വേതനം നല്‍കിയില്ലെന്നുമാണ് സംഗീത യുടെ ആരോപണം. യു എസ് നിയമപ്രകാരം വീട്ടുജോലിക്കാരിക്ക് മണിക്കൂറിന് ചുരുങ്ങിയത് 7.5 ഡോളര്‍ നല്‍കണമെന്നിരിക്കെ സംഗീതക്ക് ദേവയാനി നല്‍കിയത് മണിക്കൂറിന് ഒരു ഡോളര്‍ മാത്രമായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതേച്ചൊല്ലി ദേവയാനിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതിലേറെ അതിന്റെ രീതിയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. കുട്ടികളെ സ്‌കൂളില്‍വിടാന്‍ പോകുമ്പോള്‍ പൊതുസ്ഥലത്ത് വെച്ചാണ് പോലീസ് തന്നെ കയ്യാമം വെച്ചതെന്നും, തുടര്‍ന്ന് വിവസ്ത്രയാക്കി ദേഹപരിശോധന നടത്തിയെന്നുമാണ് ദേവയാനി പറയുന്നത്. യു എസ് അറ്റോര്‍ണി പരീത് ഭരാര ഇത് നിഷേധിച്ചിട്ടുണ്ടെങ്കിലും, ദേവയാനിയുടെ വാക്കുകള്‍ മുഖവിലക്കെടുത്ത് അമേരിക്കക്കെതിരെ കടുത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഒരു പ്രമുഖ ഇന്ത്യന്‍ ഉദ്യോഗസ്ഥയെ അപമാനിക്കുന്ന തരത്തില്‍ യു എസ് ഭരണകൂടം കൈക്കൊണ്ട നടപടി ഇന്ത്യയെ തന്നെ അപമാനിക്കുന്നതിന് തുല്യമായാണ് സര്‍ക്കാര്‍ കണ്ടത്.
അതേസമയം നിയമലംഘനത്തിന് ഇന്ത്യക്കാര്‍ക്കെതിരെ യു എസ് നിയമനടപടി സ്വീകരിക്കുന്നത് ഇതാദ്യമല്ലെന്നിരിക്കെ, ദേവയാനിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച അമിത താത്പര്യത്തില്‍ രാജ്യത്തിനകത്ത് തന്നെ എതിരഭിപ്രായവുമുയര്‍ന്നിട്ടുണ്ട്. വീട്ടു ജോലിക്കായി കൊണ്ടു വന്നവരെ പീഡിപ്പിച്ച കുറ്റത്തിന് തന്നെയാണ് മുമ്പ് നീന മല്‍ഹോത്ര, പ്രഭു ദയാല്‍ എന്നീ ഇന്ത്യന്‍ കോണ്‍സുലേറ്റര്‍മാര്‍ക്കെതിരെ അമേരിക്ക കേസെടുത്തത്. അന്ന് ഇതുപോലെ പ്രതിഷേധ സ്വരമുയര്‍ന്നില്ല. അത്ര സംശുദ്ധമല്ല ദേവയാനിയുടെ മുന്‍കാല ചരിത്രമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ആദര്‍ശ് കുംഭകോണത്തില്‍ അനധികൃതമായി ഫഌറ്റ് സ്വന്തമാക്കിയവരില്‍ ദേവായാനിയും ഉള്‍പ്പെട്ടതായി മഹാരാഷ്ട്ര സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ പാനലിന്റെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. ആദര്‍ശ് സൊസൈറ്റിയില്‍ ഫഌറ്റ് നേടാന്‍ അര്‍ഹത ഇല്ലാതിരുന്ന അവര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ഫഌറ്റ് സ്വന്തമാക്കിയതെന്നും പാനല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഫഌറ്റിനായി സമര്‍പ്പിച്ച അപേക്ഷയില്‍ വാര്‍ഷിക വരുമാനത്തെക്കുറിച്ച് ദേവയാനി രേഖപ്പെടുത്തിയത് തെറ്റായ വിവരങ്ങളാണെന്നും വരവില്‍ കവിഞ്ഞ സ്വത്ത് അവര്‍ക്കുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര കേഡറില്‍ നിന്ന് വിരമിച്ച, അറിയപ്പെടുന്ന ഐ എ എസ് ഉദ്യാഗസ്ഥനായിരുന്ന ഉത്തം ഖോബ്രഗഡെയാണ് ദേവയാനിയുടെ പിതാവ്. ഇദ്ദേഹത്തിന് ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധമാണ് ദേവയാനിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച അമിത താത്പര്യത്തിന് പിന്നിലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇതൊക്കെയാണെങ്കിലും സര്‍ക്കാറിന്റെ നീക്കങ്ങള്‍ അമേരിക്കന്‍ കോടതിയില്‍ നിന്ന് ദേവയാനിക്കനുകൂമായ വിധി സമ്പാദിക്കാന്‍ സഹായകമായതില്‍ അധികൃതര്‍ക്ക് ആശ്വസിക്കാകുന്നതാണ്.

Latest