Connect with us

Gulf

ദുബൈ ട്രാം ട്രാക്കിന് സമീപം മൊബൈലിനും ഹെഡ് ഫോണിനും നിരോധനം ഏര്‍പ്പെടുത്തും

Published

|

Last Updated

ദുബൈ: ട്രാം ഓടാന്‍ തുടങ്ങുന്നതോടെ ട്രാക്കിന് സമീപത്ത് മൊബൈലിനും ഹെഡ് ഫോണിനും നിരോധനം ഏര്‍പ്പെടുത്തുമെന്നു ആര്‍ ടി എ. ട്രാം ഓടി തുടങ്ങുന്ന നവംബര്‍ 10 മുതലാവും നിരോധനം പ്രാബല്യത്തില്‍ വരിക. ഗള്‍ഫ് ട്രാഫിക് വീക്കിലാണ് ട്രാം പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ആര്‍ ടി എ ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ക്കിടയിലൂടെ ട്രാം കടന്നുപോകുമെന്നതിനാല്‍ ശബ്ദം കേള്‍ക്കാതിരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ആര്‍ ടി എ സുരക്ഷയുമായി ബന്ധപ്പെട്ട് ഇത്തരം ഒരു നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് നടപടി സ്വീകരിക്കുന്നതെന്ന് ആര്‍ ടി എ വിശദീകരിച്ചു.
ട്രാമില്‍ യാത്ര ചെയ്യുന്നവര്‍ക്കും ട്രാം കടന്നുപോകുന്ന മേഖലകളിലെ ആളുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആര്‍ ടി എക്ക് പദ്ധതിയുണ്ട്. ആവശ്യമെങ്കില്‍ ഇതിനായി മൈക്രോ ഫോണുകളുടെ സേവനവും ആര്‍ ടി എ ഉപയോഗിക്കും. ട്രാമിന്റെ പരീക്ഷണ ഓട്ടം ത്വരിതപ്പെടുന്നതോടെ തന്നെ ഗതാഗത നിയമത്തില്‍ ഉള്‍പ്പെടുത്തി ഇത് നടപ്പാക്കും. ട്രാം വരുന്നതിന്റെ ഭാഗമായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ട്രാം പാതയുടെ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ ടി എ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ട്രാം ഇടിച്ച് മരിക്കുന്ന വ്യക്തിക്ക് മേല്‍ 10,000 മുതല്‍ 30,000 ദിര്‍ഹം വരെ പിഴ ചുമത്താനും ആര്‍ ടി എ തീരുമാനിച്ചിട്ടുണ്ട്. ട്രാം കടന്നു പോവുന്ന ഇന്റര്‍സെക്ഷനുകളില്‍ അപകട സിഗ്നല്‍ മാനിക്കാതെ മറികടക്കുകയും ട്രാം ഇടിച്ച് മരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്താലാണ് പിഴ ഈടാക്കുക. അപകടത്തിന് കാരണമായിട്ടില്ലെങ്കില്‍ ഇത്തരം നിയമലംഘകരില്‍ നിന്നും 2,000 ദിര്‍ഹം മുതല്‍ 5,000 ദിര്‍ഹം വരെയാവും പിഴ ചുമത്തുക. റോഡുകളില്‍ ട്രാമുകള്‍ക്കാവും ദുബൈ പോലീസ് മുന്‍ഗണന നല്‍കുക. അത്യാഹിത ഘട്ടങ്ങളില്‍ ആംബുലന്‍സിനും സിവില്‍ ഡിഫന്‍സിനും പരിഗണന നല്‍കും. ട്രാമിന് പോലീസിന്റെ കാവലുണ്ടാവും. നഗരവാസികള്‍ക്കുള്ള അപരിചിതത്വം കണക്കിലെടുത്താണിത്.
ഒന്നാം സോണില്‍ ഉള്‍പ്പെട്ട അല്‍ സുഫൂഹില്‍ നിന്നും ദുബൈ നോളജ് വില്ലേജിലേക്ക് അടുത്ത മാസം 16ന് ട്രാം പരീക്ഷണ ഓട്ടം നടത്തും. രണ്ടാം സോണായ ദുബൈ നോളജ് വില്ലേജിനും ദുബൈ മറീനക്കും ഇടയില്‍ ജൂണ്‍ 14നും ഓട്ടം നടക്കും. അവസാന പരീക്ഷണ ഓട്ടം ജുമൈറ ലേക്ക് ടവേഴ്‌സിനും ജുമൈറ ബീച്ച് റെസിഡന്‍സിനും ദുബൈ മറീന ഹാളിനും ഇടയിലായിരിക്കും. ദുബൈയുടെ മറ്റൊരു സ്വപ്‌നമായ അല്‍ സഫൂഹ് ട്രാം പദ്ധതിക്ക് ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമും ഇമാറാത്തി ബെല്‍ജിയന്‍ കോഫഌ ബിസിക്‌സും അടങ്ങുന്ന കണ്‍സോര്‍ഷ്യമാണ് നേതൃത്വം നല്‍കുന്നത്. 85.10 കോടി ദിര്‍ഹത്തിനാണ് 13 വര്‍ഷത്തേക്ക് കമ്പനികള്‍ കരാര്‍ നേടിയിരിക്കുന്നത്. ആധുനികവും സുരക്ഷിതവുമായ വൈദ്യുതീകരണവും ദുബൈയുടെ പരിസ്ഥിതിക്ക് വിഘാതം വരുത്താത്തതുമായ സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് കണ്‍സോര്‍ഷ്യം പദ്ധതി യാഥാര്‍ഥ്യമാക്കുക. ഒന്നാം ഘട്ടത്തില്‍ 11 ട്രാമുകളാണ് പത്തു കിലോമീറ്ററില്‍ ഓടുക. 11 സ്റ്റേഷനുകള്‍ ഉണ്ടാകും. രണ്ടാം ഘട്ടത്തില്‍ ട്രാമുകളുടെ എണ്ണം 14 ആവും. അഞ്ചു കിലോമീറ്റര്‍ ട്രാക്കും ആറ് സ്റ്റേഷനുകളുമാണ് പദ്ധതിക്കായി സജ്ജമാക്കുക.

Latest