അഗ്നിശമന സേനയുടെ രക്ഷാ പ്രദര്‍ശനം ശ്രദ്ധേയമായി

Posted on: March 13, 2014 11:19 pm | Last updated: March 13, 2014 at 11:19 pm
SHARE

FIRE DEMO-1ദുബൈ: വിദ്യാലയങ്ങളില്‍ തീപിടുത്തം സംഭവിക്കുകയാണെങ്കില്‍ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെ കുറിച്ചും അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനെക്കുറിച്ചും കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി ദുബൈ അഗ്നിശമന സേനാ വിഭാഗം ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നടത്തിയ അഗ്നിരക്ഷാ പ്രദര്‍ശനം ശ്രദ്ധേയമായി.
മോക് ഡ്രില്ലായിരുന്നു രക്ഷാപ്രവര്‍ത്തനത്തിലെ മുഖ്യഇനം. മുഴുവന്‍ വിദ്യാര്‍ഥികളെയും ക്ലാസ് മുറികളില്‍ നിന്നിറക്കി സ്‌കൂള്‍ മൈതാനിയില്‍ സമ്മേളിക്കുന്നതും അഗ്നിശമനസേനാ വിഭാഗമെത്തി തീ അണക്കുന്നതും അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി പ്രഥമ ശുശ്രൂഷക്കു വിധേയമാക്കുന്നതുമാണ് വിദ്യാര്‍ഥികളുടെ മുമ്പില്‍ ദുബൈ സിവില്‍ ഡിഫന്‍സ് അവതരിപ്പിച്ചത്.
നേരത്തേ തന്നെ ദുബൈ എന്‍ ഐ മോഡല്‍ സ്‌കൂള്‍ അധികൃതര്‍ തീപിടുത്തമുണ്ടായാല്‍ എങ്ങനെ ഏതു വഴി രക്ഷപ്പെടണമെന്ന് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. അതു പ്രകാരം തീപിടുത്തമുണ്ടായാലുള്ള സൈറന്‍ മുഴക്കി വിദ്യാര്‍ഥികളെല്ലാം അഞ്ചു അസംബ്ലി പോയിന്റുകളിലായി സമ്മേളിക്കുകയായിരുന്നു. ഉടനെ അഗ്നിശമന സേനാ വിഭാഗമെത്തുകയും തീ പിടിച്ച ഭാഗമായി സങ്കല്‍പിച്ച സ്ഥലത്ത് വെള്ളം ചീറ്റുന്നതും അതിനിടയില്‍ അപകടത്തില്‍ പെട്ട ആളെ രക്ഷിക്കുന്നതും ഡോക്ടറുടെ സംഘമെത്തി ശുശ്രൂഷിക്കുന്നതും വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഖുര്‍ഷിദ് ആലം, മാനേജര്‍ ഫഹീം ഇജാസ്, സൂപ്പര്‍വൈസര്‍മാരായ അബ്ദുല്‍ റഷീദ്, റീനാ സലീം എന്നിവരാണ് വിദ്യാര്‍ഥികള്‍ക്ക് നേതൃത്വം നല്‍കിയത്. സൈറണ്‍ മുഴങ്ങിയതോടെ നാല് മിനുട്ടിനകം വ്യത്യസ്ത വഴികളിലൂടെ അയ്യാരിത്തി അറുന്നൂറോളം വിദ്യാര്‍ഥികളാണ് അസംബ്ലി പോയിന്റില്‍ എത്തി. ദുബൈ സിവില്‍ ഡിഫന്‍സ് 2012 ല്‍ 40 വിദ്യാലയങ്ങളില്‍ നടത്തിയ പ്രദര്‍ശനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 സ്‌കളുകള്‍ക്ക് നല്‍കിയ അംഗീകാരത്തില്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളും ഉള്‍പ്പെട്ടിരുന്നു.