Connect with us

Kerala

എസ് എസ് എല്‍ സി ഉത്തരക്കടലാസുകള്‍ നടുറോഡില്‍

Published

|

Last Updated

മലപ്പുറം: സുരക്ഷാ സംവിധാനങ്ങളില്ലാതെ കൊണ്ടുപോകുന്നതിനിടെ എസ് എസ് എല്‍ സി ഉത്തരക്കടലാസുകള്‍ നടുറോഡില്‍ വീണു. കിഴിശ്ശേരി മഞ്ചേരി റോഡില്‍ പുറമണ്ണയില്‍ ഇന്ന് വൈകീട്ട് അഞ്ചരക്കാണ് സംഭവം. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി ഉത്തരക്കടലാസ് കസ്റ്റഡിയിലെടുത്തു.

മഞ്ചേരിയിലെ ഒരു സ്‌കൂളിലെ ഉത്തരക്കടലാസുകളാണ് റോഡില്‍ കണ്‌ടെത്തിയത്. ഉത്തരക്കടലാസ് സൂക്ഷിച്ചിരുന്ന കവറിന് പുറത്ത് എറണാകുളം എന്ന് രേഖപ്പെടുത്തിയിരുന്നു. എറണാകുളത്തിന് അയക്കാന്‍ ഉത്തരക്കടലാസുകള്‍ കൊണ്ടുപോകുന്നതിനിടെയാണ് റോഡില്‍ വീണതെന്നാണ് കരുതുന്നത്.

കിഴിശ്ശേരിയില്‍ നിന്ന് മോങ്ങത്തേക്ക് കൊണ്ടുപോകുകയായിരുന്നു ഇവ. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജീപ്പിനുള്ളിലും പുറത്തും കുത്തിനിറച്ച നിലയിലായിരുന്നു ഉത്തരക്കടലാസുകള്‍ കൊണ്ടുപോയിരുന്നത്. ഉത്തരക്കടലാസ് അടങ്ങിയ കെട്ട് റോഡില്‍ വീണത് അറിയാതെ ജീപ്പ് വീണ്ടും സഞ്ചരിച്ചു. ഏറെ ദൂരം പോയ ശേഷം സംഭവം അറിഞ്ഞ് കരാറുകാരന്‍ തിരിച്ചെത്തിയെങ്കിലും ജനങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഇത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് പോലീസും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും എത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് നാട്ടുകാര്‍ ഉത്തരക്കടലാസ്  വിട്ടുകാെടുത്തത്.