Connect with us

Gulf

ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ പിരിഞ്ഞു കിട്ടാനുള്ള ഫീസ് അര ലക്ഷം

Published

|

Last Updated

മസ്‌കത്ത്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിനെ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളി ഫീസ് കുടിശ്ശിക കുമിഞ്ഞു കൂടുന്നു. ഏതാണ്ട് 50,000 റിയാലാണ് ഇപ്പോള്‍ കുടിശ്ശികയുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പണം കൊടുക്കാനുള്ള പല രക്ഷിതാക്കളും ഇതിനകം രാജ്യം വിട്ടു പോയി. ചില വിദ്യാര്‍ഥികളുടെ പഠനം കഴിയുകയോ സ്‌കൂള്‍ മാറിപ്പോവുകയോ ചെയ്തു. വന്‍ ബാധ്യത മറികടക്കാനുള്ള വഴിയറിയാതെ വിഷമിക്കുകയാണിപ്പോള്‍ മാനേജ്‌മെന്റ്.
രക്ഷിതാക്കള്‍ സമയാസമയം ഫീസ് അടക്കാതിരിക്കകും തുക പെരുകി വന്ന് ഒടുവില്‍ വലിയ ബാധ്യതയാകുമ്പോള്‍ അവ നല്‍കാതിരിക്കുകയുമാണെന്ന് പേരുവെളിപ്പെടുത്താന്‍ വിസമ്മതിച്ച സ്‌കൂള്‍ രക്ഷാകര്‍തൃ പ്രതിനിധി പറയുന്നു. ഫീസ് പിരിച്ചെടുക്കുന്നതിന് കര്‍ശന നിലപാടുകള്‍ പലപ്പോഴും മാനേജ്‌മെന്റും അധ്യാപകരും പുലര്‍ത്താറുണ്ടെങ്കിലും വേണ്ടത്ര ഫലം ചെയ്യാറില്ല. ഫീസടക്കാത്ത കുട്ടികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാതെ പുറത്തു നിര്‍ത്തിയിരിക്കുന്നുവെന്ന സന്ദേശം കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഫീസ് അടക്കുന്നതില്‍ വീഴ്ച വരുത്തുവര്‍ ഫീസ് അടക്കാത്തതിനെതിരെ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിക്കാന്‍ മുന്നിലുണ്ടാകുന്നതാണ് സ്ഥിതിയെന്ന് സ്‌കൂള്‍ പ്രതിനിധികള്‍ പറയുന്നു. ഫീസ് പിരിഞ്ഞു കിട്ടാത്തത് പലപ്പോഴും അധ്യാപകരുടെ ശമ്പള വിതരണത്തെ വരെ ബാധിക്കുന്നു.
ഏതാണ്ട് 3,000 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. വര്‍ഷം അവസാനിക്കുമ്പോള്‍ അര ലക്ഷം റിയാലാണ് പിരിഞ്ഞു കിട്ടാനുള്ളത്. ഇത് 2,000, 3,000 തോതിലായിരുന്നുവെങ്കില്‍ എഴുതിത്തള്ളാമായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇത്രയും വലിയ സംഖ്യയുടെ കമ്മി എന്തു ചെയ്യുമെന്നറിയില്ലെന്ന് എക്കൗണ്ട് വിഭാഗവും പറയുന്നു. നിര്‍ധനരും നിവൃത്തിയില്ലാത്തവരുമായ രക്ഷിതാക്കള്‍ക്ക് ഫീസിളവും ചിലപ്പോഴും സൗജന്യമായും പഠന സൗകര്യമൊരുക്കാന്‍ ഐ എസ് ഡി ഓരോ വര്‍ഷവും ശ്രമിച്ചു വരുന്നുണ്ടെന്നും രാജ്യത്തു തന്നെ കൂടുതല്‍ കുട്ടികള്‍ക്ക് ഇളവു നല്‍കുന്ന സ്‌കൂളായിരിക്കും ഇതെന്നും അധികൃതര്‍ പറയുന്നു. രക്ഷിതാക്കളുടെ മീറ്റിംഗില്‍ ഫീസടക്കാന്‍ അന്തിമ തീയതി നിശ്ചയിച്ച് അറിയിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഫീസ് കുടിശ്ശിക വരുന്ന രക്ഷിതാക്കള്‍ കുട്ടികളെ പിന്‍വലിച്ചു നാട്ടിലേക്കയക്കുന്ന പ്രവണതയും നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന ക്ലാസുകളിലൊഴികെ നാട്ടില്‍ പോയി തുടര്‍ പഠനത്തിനു ചേരുന്നതിന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. സി ബി എസ് ഇ നിബന്ധനയിലെ ഈ ഇളവ് ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നു. ഇങ്ങനെ നാടുവിട്ടവര്‍ നിരവധിയുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ സമ്മതിക്കുന്നു.
സ്‌കൂളിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചും മറ്റു വഴികളിലൂടെയും മാനേജ്‌മെന്റും ഒരു പറ്റം രക്ഷിതാക്കളും ശ്രമം നടത്തുമ്പോഴാണ് രക്ഷിതാക്കളിലെ ഒരു വിഭാഗം സ്‌കൂളിന് കനത്ത ബാധ്യതയുണ്ടാക്കി വെക്കുന്നത്.

Latest