Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ഭാവി ഇപ്പോഴും തുലാസില്‍

Published

|

Last Updated

മഞ്ചേരി: മെഡിക്കല്‍ കോളജ് അധികൃതരെ അമ്പരിപ്പിച്ചെത്തിയ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധികള്‍ക്ക് കോളജിന്റെ ഭാവിയില്‍ ആശങ്ക. മെഡിക്കല്‍ കോളജ് സ്‌പെഷ്യല്‍ ഓഫീസറും പ്രിന്‍സിപ്പലും എം സി ഐക്ക് നേരത്തെ തയ്യാറാക്കി അയച്ച സൗകര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അതിശയോക്തി പരമാണെന്നും പലതും ശുദ്ധ അസംബന്ധമാണന്നും നേരില്‍ സന്ദര്‍ശിച്ച തങ്ങള്‍ക്കു ബോധ്യമായതായി റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് രണ്ടംഗ ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
മാധ്യമ പ്രവര്‍ത്തകരെ കാണാനും ഇവര്‍ കൂട്ടാക്കിയില്ല. കോളജിലെ ഭൗതിക സൗകര്യങ്ങള്‍, ഡോക്ടര്‍മാരുടെ നിയമനങ്ങള്‍ എന്നിവ സംബന്ധിച്ചും ഒ പി, ഐ പി, രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠന സൗകര്യങ്ങള്‍, ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സുകള്‍, കുടിവെള്ളം, റോഡ്, മാലിന്യ സംസ്‌കരണം, തുടങ്ങിയ കാര്യങ്ങളിലും മഞ്ചേരി മെഡിക്കല്‍ കോളജ് അസൗകര്യങ്ങളുടെ നടുവിലാണെന്നാണ് പരിശോധകരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. അധ്യാപകര്‍, അനധ്യാപകര്‍, ജൂനിയര്‍, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 274 തസ്തികകള്‍ 34 ജീവനക്കാര്‍ മാത്രമെ ഹാജരായിട്ടുള്ളൂ എന്നാണ് തലയെണ്ണലില്‍ കണ്ടെത്തിയത്.
മുന്നറിയിപ്പില്ലാതെ ഏതു നിമിഷവും എം സി ഐ പരിശോധകര്‍ കോളജ് സന്ദര്‍ശിക്കുമെന്ന് പ്രിന്‍സിപ്പല്‍ എം എല്‍ എയോടും ആരോഗ്യ വിദ്യാഭ്യാസ അധികൃതരോടും പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നു കാര്യമായ സഹകരണമുണ്ടായില്ല. ജനറല്‍ ആശുപത്രിയില്‍ ഒ പി പ്രവര്‍ത്തിപ്പിച്ച് താത്കാലികമായി പിടിച്ചു നില്‍ക്കാമെന്ന പ്രിന്‍സിപ്പലിന്റെ കണക്കുക്കൂട്ടല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ നിസ്സഹകരണം മൂലം നടന്നില്ല. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും ജനറല്‍ ആശുപത്രിയിലും ഇല്ലാതാക്കിയുള്ള മെഡിക്കല്‍ കോളജിന്റെ നിലനില്‍പ്പ് യാഥാര്‍ഥ്യമാക്കാനുള്ളതല്ലെന്ന് മുസ്‌ലിം ലീഗ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രക്ഷോഭത്തിലൂട വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത്തരം അവ്യക്തകള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നോ ആരോഗ്യ വകുപ്പില്‍ നിന്നോ ആനുകൂലമായ നിലപാടുണ്ടായില്ല. അഹമ്മദാബാദ് ബി ജെ മെഡിക്കല്‍ കോളജ് പ്രൊഫ. ഡോ. ഭരത്ഷാ, ഹൈദരാബാദ് നൈസാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പ്രൊഫ. ഡോ. അരുണ്‍ പ്രയാഗ് എന്നിവരാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധികളായി എത്തിയിരുന്നത്. രണ്ടാം വര്‍ഷ എം ബി ബി എസ് ക്ലാസുകള്‍ ജൂണില്‍ ആരംഭിക്കേണ്ടതും പുതിയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കേണ്ടതുമെല്ലാം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.