ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് കുത്തനെ താഴുന്നു കുടിവെള്ളം കിട്ടാക്കനിയാകും

Posted on: March 13, 2014 12:38 pm | Last updated: March 13, 2014 at 12:38 pm
SHARE

അരീക്കോട്; മലപ്പുറം ജില്ല കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി ഭൂഗര്‍ഭ ജല വകുപ്പ് നടത്തിയ പഠനം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കനുസരിച്ച് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.

പെരിന്തല്‍മണ്ണ, പുലാമന്തോള്‍, അരീക്കോട് ഭാഗങ്ങളിലാണ് ജലനിരപ്പ് അസാധാരണമാം വിധം കുറഞ്ഞത്. പെരിന്തല്‍മണ്ണ ഭാഗത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 11 മീറ്ററും അരീക്കോട്, പുലാമന്തോള്‍ ഭാഗത്ത് 2 മുതല്‍ മൂന്നു മീറ്റര്‍ വരെയും ജലനിരപ്പ് താഴ്ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരിയിലെ വാട്ടര്‍ ലെവല്‍ റെക്കോര്‍ഡര്‍ ഡാറ്റ അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പെരിന്തല്‍മണ്ണ മേഖലയില്‍ 2.17 മീറ്ററും അരീക്കോട്, പുലാമന്തോള്‍ ഭാഗങ്ങളില്‍ 1.5 മീറ്ററും ജലനിരപ്പ് താഴ്ന്നു. പെരിന്തല്‍മണ്ണ ഭാഗത്ത് പത്തു വര്‍ഷത്തെ ശരാശരി താഴ്ച 1.1 മീറ്ററാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ താഴ്ച ഇതിന്റെ ഇരട്ടിയാണ്.
ജില്ലയില്‍ ശരാശരി ഒരു മീറ്ററിലധികം ജലനിരപ്പ് താഴ്ന്നതായാണ് കണ്ടെത്തല്‍. ജലനിരപ്പ് താഴ്ച ഏറ്റവും കുറവുള്ളത് വണ്ടൂര്‍ ഭാഗത്താണ്. 62 സെന്റിമീറ്റര്‍. അങ്ങാടിപ്പുറം, മങ്കട, തിരൂരങ്ങാടി, കൊണ്ടോട്ടി, വേങ്ങര, മഞ്ചേരി, വെട്ടത്തൂര്‍, മൂര്‍ക്കനാട്, മാറക്കര, മുതുവല്ലൂര്‍, തുവ്വൂര്‍ മേഖലകളില്‍ ഒരു മീറ്ററിലധികം ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.ഈ വര്‍ഷം നല്ല മഴ ലഭിച്ചെങ്കിലും തുലാവര്‍ഷം താരതമ്യേന കുറവായിരുന്നതാണ് ജലനിരപ്പ് ഇത്രയധികം താഴ്ന്നതിന് പ്രധാന കാരണമായി പറയുന്നത്. ദുര്‍ബ്ബലമായ മഴവെള്ള സംഭരണ സംവിധാനങ്ങളും, നിര്‍മ്മാണ പ്രവൃത്തികള്‍ക്കും മറ്റുമായി കുടിവെള്ളം ദുരുപയോഗം ചെയ്യപ്പെടുന്നതും ജലനിരപ്പ് താഴാന്‍ കാരണമായതായി മലപ്പുറം ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്‌മെന്റ് അധികൃതര്‍ പറഞ്ഞു.
പുതിയ കുടിവെള്ള പദ്ധതികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു മീറ്ററിലധികം ജലനിരപ്പ് താഴ്ന്ന പ്രദേശങ്ങള്‍ കണ്ടെത്താന്‍ മലപ്പുറം കലക്ടറേറ്റില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് ഭൂഗര്‍ഭ ജല വകുപ്പ് പഠനം നടത്തിയത്. കടുത്ത വരള്‍ച്ചയായിരിക്കും ജലനിരപ്പ് താഴ്ചയുടെ ഫലമെന്ന് ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്‌മെന്റ് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു. മഴവെള്ളം പരമാവധി ഉപയോഗപ്പെടുത്തുകയും കുടിവെള്ളത്തിന്റെ ദുരുപയോഗം തടയുകയും ചെയ്യുകയാണ് കടുത്ത വരള്‍ച്ച ഒഴിവാക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗമെന്ന് അധികൃതര്‍ പറഞ്ഞു.
മഴവെള്ളം ഫലപ്രദമായി കിണറുകളിലെത്തിക്കാനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ കിണറുകളിലെ ജലനിരപ്പ് വര്‍ധിപ്പിക്കാനാകുമെന്ന് മലപ്പുറം ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്‌മെന്റ്ജൂനിയര്‍ ഹൈഡ്രോജിസ്റ്റ് ബി ഷാബി പറഞ്ഞു.
വ്യക്തിഗത കിണറുകള്‍ക്കുള്ള അനുമതി നിയന്ത്രിച്ച് പൊതു കുടിവെള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുക വഴി ജലത്തിന്റെ ഉപയോഗം നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.