ലക്ഷങ്ങള്‍ കുടിശ്ശിക: ജില്ലാ ആശുപത്രിയില്‍ മുട്ട, പാല്‍ വിതരണം നിലക്കുന്നു

Posted on: March 13, 2014 8:14 am | Last updated: March 13, 2014 at 8:14 am
SHARE

മാനന്തവാടി: അശരണരായ രോഗികള്‍ക്ക് ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ജില്ല ആശുപത്രി വഴി നല്‍കുന്ന മുട്ട, ബ്രഡ്, പാല്‍വിതരണം എന്നിവ പൂര്‍ണ്ണമായും നിലക്കുന്നു. 60 ലക്ഷം രൂപയാണ് ഇവ വിതരണം ചെയ്യുന്ന സ്ഥാപനത്തിന് നല്‍കാനുള്ളത്. മാര്‍ച്ച് 31നകം ഈ തുക നല്‍കിയില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മുട്ടയും, പാലും, ബിസ്‌ക്കറ്റും, ബ്രഡും വിതരണം നിലക്കും. കല്‍പ്പക സ്‌റ്റോറാണ് നിലവില്‍ ഇവ ജില്ലാ ആശുപത്രിയില്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാരണ് ഇതിനുള്ള തുക നല്‍കുന്നത്.
ഒരു രോഗിക്ക് ഒരുമുട്ടയും, ഒരു പാക്കറ്റ് പാലും, ഒരു പാക്കറ്റ് ബ്രഡ്ഡിന്റെ പകുതിയും, ആറ് ബിസ്‌ക്കറ്റുമാണ് നല്‍കുന്നത്. പട്ടിക വര്‍ഗ്ഗകാര്‍ക്ക് രണ്ട് മുട്ട, ഒരുപാല്‍, ഒരു പാക്കറ്റ് ബ്രഡ്, 12 ബിസ്‌ക്കറ്റ് എന്നിവയുമുണ്ടാകാറുണ്ട്. എല്ലാ ദിവസവും രാവിലെ ഇവയുടെ നടക്കും. ഭൂരിഭാഗം രോഗികളും ഇവ സ്വീകരിക്കുണ്ട്. ജില്ലാ ആശുപത്രിയില്‍ കൂടുതലായും നിര്‍ദ്ദനരും ആദിവാസികളുമായ രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.
അതു കൊണ്ട് തന്നെ ഈ പോഷകാഹാര വിതരണം ഇവര്‍ക്ക് ഏറെ അനുഗ്രഹുമായിരുന്നു. 2012-13 സാമ്പത്തീക വര്‍ഷത്തെ മൂന്ന് മാസത്തെ തുകയും, 2013-14 വര്‍ഷത്തെ മുഴുവന്‍ തുകയുമാണ് കുടിശ്ശികയായിരിക്കുന്നത്. പ്രതിമാസം ഏകദേശം നാലര ലക്ഷം രൂപയാണ് ചിലവൊഴിക്കുന്നത്. കുടിശ്ശിക തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ നിര്‍ധന രോഗികളുശട പോഷകാഹാര സംരക്ഷണം ഇല്ലാതാകും.
പൊതുവേ രോഗികള്‍ക്ക് ആവശ്യമായ മരുന്നോ ചികിത്സയോ ജില്ല ആശുപത്രയില്‍ നിന്നും ഇപ്പോള്‍ ലഭിക്കാറില്ല. അതോടൊപ്പം പോഷകാഹാരം കൂടി നിലക്കുന്നതോടെ ആശുപത്രി നോക്കുക്കുത്തിയായി മാറും.