Connect with us

Wayanad

ദത്തെടുക്കലിനെ അനാഥാലയങ്ങള്‍ പ്രോത്സാഹിപ്പിക്കണം: എസ് ശ്രീജിത്ത്‌

Published

|

Last Updated

കല്‍പ്പറ്റ: അനാഥാലയങ്ങള്‍ ദത്തെടുക്കലിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ശ്രീജിത് പറഞ്ഞു. കല്‍പ്പറ്റയില്‍ ജില്ലയിലെ അനാഥാലയങ്ങളുടെയും അഗതി മന്ദിരങ്ങളുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “തങ്ങള്‍ക്കാരുമില്ല” എന്ന അരക്ഷിതബോധത്തോടെ ജീവിക്കുന്നവരാണ് അനാഥാലയങ്ങളിലെ കുട്ടികള്‍. 18 വയസ്സ് കഴിഞ്ഞാല്‍ അവര്‍ക്ക് അവിടം വിട്ടുപോവുകയും വേണം. ഇത് കടുത്ത പ്രതിസന്ധിയിലേക്കാണ് അവരെ നയിക്കുന്നത്. ഇത് പലരെയും കുറ്റകൃത്യങ്ങളിലേക്കുവരെ നയിക്കുകയും ചെയ്യുന്നു. ഏതു വിധേനയും അനാഥ കുട്ടികള്‍ക്ക് ഒരു കുടുംബത്തിന്റെ സംരക്ഷണം ലഭ്യമാക്കാനായാല്‍ അത് കുട്ടികള്‍ക്കും ഇവരെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന നിരവധി കുടുംബങ്ങള്‍ക്കും ആശ്വാസമാകും. സംസ്ഥാനത്ത് നിലവില്‍ ദത്തെടുക്കലിനുള്ള അഞ്ഞൂറോളം അപേക്ഷകള്‍ കെട്ടികിടക്കുകയാണ്. ദത്തു നല്‍കാനുള്ള സാങ്കേതിക സഹായങ്ങള്‍ക്കായി എറണാകുളത്ത് കളമശ്ശേരിയിലുള്ള സ്റ്റെറ്റ് അഡോപ്ഷന്‍ സെന്ററിനെ സമീപിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ചില അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും പലവിധത്തിലുള്ള ചൂഷണങ്ങള്‍ നടക്കുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ സ്വീകരിച്ച കേസില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായിരുന്നു അവലോകന യോഗം. സംസ്ഥാനത്തെ അനാഥാലയങ്ങളുടെയും മറ്റും പ്രവര്‍ത്തനം സുതാര്യവും സുഗമവും ശാസ്ത്രീയവുമാക്കാനുള്ള ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി അനാഥാലയങ്ങളുടെയും മറ്റും വിശദാംശങ്ങള്‍ നിശ്ചിത മാതൃകയില്‍ 15 ദിവസത്തിനകം ലഭ്യമാക്കാന്‍ അന്വേഷണോദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ പേര്, വിലാസം, രജിസ്‌ട്രേഷന്‍ തീയതി, സ്ഥാപനം നടത്തുന്ന ഏജന്‍സികളുടെ/ എന്‍.ജി.ഒ.കളുടെ, കമ്പനികളുടെ അംഗങ്ങളും ട്രസ്റ്റികളും അടക്കമുള്ളവരുടെ വിശദാംശങ്ങള്‍, ഭൂമി, കെട്ടിടം, ഫര്‍ണിച്ചറുകള്‍ തുടങ്ങി പാത്രങ്ങള്‍വരെ സര്‍വ്വവിധ വസ്തുവഹകളുടെയും വിവരങ്ങള്‍, ജീവനക്കാരുടെ വിശദാംശങ്ങള്‍, കുട്ടികളെയും അന്തേവാസികളേയും സംബന്ധിച്ച വിവരങ്ങള്‍ എന്നിവയാണ് ലഭ്യമാക്കേണ്ടത്. മാതൃക www.kshrc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ ഐ തങ്കമണി, ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ സി.കെ. ദിനേശ്കുമാര്‍, സോഷ്യല്‍ ജസ്റ്റീസ് ഓഫീസര്‍ സി. സുന്ദരി, ഡി സി ആര്‍ ബി ഡിവൈഎസ്പി എന്‍. രാജേഷ്, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ അബ്രഹാം പി. മാത്യു, ജില്ലാ പ്രൊബേഷണറി ഓഫീസര്‍ ബിജു. പി. എന്നിവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest