റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കും ലൈസന്‍സിനെതിരെ വനം വകുപ്പ്‌

Posted on: March 13, 2014 8:12 am | Last updated: March 13, 2014 at 8:12 am
SHARE

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കും ലൈസന്‍സ് നല്‍കരുതെന്ന വനംവകുപ്പ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് കത്ത് ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി. വനാതിര്‍ത്തിയോട് ചേര്‍ന്ന് തന്നെ റിസോര്‍ട്ടുകള്‍ക്കും ഹോംസ്‌റ്റേകള്‍ക്കും വ്യവസായികടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് നല്‍കിയിട്ടുള്ളതിനാല്‍ മേല്‍ സ്ഥാപനങ്ങളിലെ ചില ഉടമകള്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വനാതിര്‍ത്തികളില്‍ കൂടി ഇടതടവില്ലാതെ വാഹനങ്ങള്‍ ഓടിക്കുകയും വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നതിനായി ഉപ്പുരസമുള്ള ഭക്ഷണം നല്‍കുന്നുണ്ട്.
ഇത് കാരണം വന്യമൃഗങ്ങളുടെ സ്വഭാവത്തില്‍ കാതലായ മാറ്റം സംഭവിച്ചതായും ഇവ അക്രമ സ്വാഭാവമുള്ളതായി കാണപ്പെടുകയും വനാതിര്‍ത്തിയില്‍ താമസിക്കുന്ന സാധാരണക്കാരേയും മറ്റും ആക്രമിക്കുകയും കൃഷിയിടത്തില്‍ ഇറങ്ങിയാല്‍ വനത്തിലുള്ളിലേക്ക് പോകാന്‍ കൂട്ടാക്കാതെ ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് തീരുമാനമെടുത്തതെന്ന് എന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ പ്ലാസ്റ്റിക് ഖരമാലിന്യങ്ങള്‍ വനത്തിനുള്ളില്‍ നിക്ഷേപിക്കുന്നതും ക്യാമ്പ് ഫയറും മറ്റും നടത്തുന്നതിനാല്‍ വനത്തിലേക്ക് തീപടരുന്നതും മറും റിസോറട്ടുളില്‍ വ്യാപകമായതോടെ വന്യമൃഗങ്ങളുടെ ജീവന് ഭീഷണിയായതിനാലുമാണ് വനം വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
വന്യ മൃഗങ്ങളെ ആകര്‍ഷിക്കുന്നതിന് റിസോര്‍ട്ടുകള്‍ക്ക് സമീപവും റോഡരികിലും ഉപ്പ് വിതറുന്ന സംഭവവും ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പുതിയ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് നോര്‍ത്ത് വയനാട് ഡിഎഫ്ഒ ജില്ലാ കലക്ടര്‍ക്കും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.