Connect with us

Kasargod

'രക്തം നല്‍കു ജീവന്‍ രക്ഷിക്കു'; 600 കിലോമീറ്റര്‍ മരണത്തോണിന് തുടക്കമായി

Published

|

Last Updated

കാസര്‍കോട്: രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബേങ്ക് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിലുള്ള മാരത്തോണിന് തുടക്കമായി. രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. കോളജ് പരിസരത്ത് നടന്നചടങ്ങില്‍ പി കരുണാകരന്‍ എം പി ഫഌഗ് ഓഫ് ചെയ്തു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ ദൂരമാണ് താണ്ടുന്നത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകരിച്ച ആപ്പിള്‍ കമ്പനിയുടെ ഐപോഡ് സെന്‍സര്‍ ചിപ്പ് ഘടിപ്പിച്ച ഷൂസ് ധരിച്ചാണ് ഓടുന്നത്. ഓടുന്ന ദൂരം കൃത്യമായി ഈ ചിപ്പില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും.
ആവശ്യമുള്ളവര്‍ക്ക് 24 മണിക്കൂറും രക്തം ലഭ്യമാക്കുന്ന വിപുലമായ ബ്ലഡ് ബേങ്കും, കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന മരുന്ന് ഷോപ്പും എല്ലാ ദിവസവും ഒരു നേരം ആഹാരം നല്‍കുന്ന പദ്ധതിയും ഇതോടൊപ്പം ഓരോ ജില്ലയിലും ആരംഭിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. ദിവസവും ശരാശരി 50 കിലോമീറ്റര്‍ വീതമാണ് ഓടുന്നത്. സ്ത്രീ പുരുഷ ഭേദമന്യേ ആര്‍ക്കും ഇതില്‍ പങ്കാളികളാവാം. പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ദുബൈ മുതല്‍ അബൂദബി വരെയും മാരത്തോണ്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദുബൈയില്‍ സ്‌പോര്‍ട്‌സ് മന്ത്രി സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പരിപാടിക്ക് ശേഷം അമേരിക്കയിലും മാരത്തോണ്‍ സംഘടിപ്പിക്കാനാണ് തീരുമാനം. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ കൊണ്ട് ഫഌഗ് ഓഫ് ചെയ്യിപ്പിക്കാമെന്ന് അമേരിക്കന്‍ മലയാളികള്‍ അറിയിച്ചിട്ടുണ്ട്. ലോകത്ത് തന്നെ എല്ലാ സ്ഥലങ്ങളിലും ബ്ലഡ് ബേങ്ക് രൂപവത്കരിക്കുക എന്നതാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം. ഒരാള്‍ പോലും രക്തം കിട്ടാതെ മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കാസര്‍കോഡ് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സാഗിര്‍ , എം എല്‍ എ. എന്‍ എ നെല്ലിക്കുന്ന്, റെഡ്‌ക്രോസ് ചെയര്‍മാന്‍ അഡ്വ. സുനില്‍ കുമാര്‍, നടന്‍ വി കെ ശ്രീരാമന്‍ എന്നിവര്‍ പങ്കെടുത്തു.

Latest