വിലക്ക് ലംഘിച്ച് ലിബിയന്‍ മുന്‍ പ്രധാനമന്ത്രി രാജ്യം വിട്ടു

Posted on: March 13, 2014 7:44 am | Last updated: March 13, 2014 at 7:44 am
SHARE
libya
അലി സിദാന്‍

ട്രിപ്പോളി: യാത്രാവിലക്ക് ലംഘിച്ച് ലിബിയന്‍ മുന്‍ പ്രധാനമന്ത്രി അലി സിദാന്‍ രാജ്യം വിട്ടു. അദ്ദേഹം സഞ്ചരിച്ച വിമാനം ഇന്ധനം നിറക്കാന്‍ തന്റെ രാജ്യത്ത് ഇറങ്ങിയപ്പോള്‍ അലിയുമായി താന്‍ സംസാരിച്ചുവെന്ന് മാള്‍ട്ടാ പ്രധാനമന്ത്രി ജോലഫ് മസ്‌കാത്ത് അറിയിച്ചു. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച നിരവധി കേസുകളില്‍ പ്രതിയായ അലി വിചാരണ നേരിടുകയാണെന്നും യാത്രാ വിലക്ക് ലംഘിച്ചാണ് രാജ്യം വിട്ടതെന്നും ലിബിയന്‍ പ്രൊസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
പാര്‍ലിമെന്റിലെ വിശ്വാസവോട്ടില്‍ പരാജയപ്പെട്ട അദ്ദേഹം ചൊവ്വാഴ്ചയാണ് സ്ഥാനമൊഴിഞ്ഞത്. 2011ല്‍ മുഅമ്മര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടമാക്കിയ ശേഷം ലിബിയയില്‍ രാഷ്ട്രീയ അസ്ഥിരത തുടരുകയാണ്. ഗോത്ര വിഭാഗങ്ങളെയും സായുധ ഗ്രൂപ്പുകളെയും നിലക്ക് നിര്‍ത്താന്‍ പുതിയ സര്‍ക്കാറിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അലി സിദാന്‍ സ്ഥാനമൊഴിയേണ്ടി വന്നത്. എണ്ണപ്പാടങ്ങള്‍ പിടിച്ചടക്കിയ സായുധ സംഘങ്ങള്‍ക്ക് പണം നല്‍കിയെന്നതാണ് അലി സിദാനെതിരായ പ്രധാന കേസ്.
മാള്‍ട്ടയില്‍ അലി രണ്ട് മണിക്കൂര്‍ ചെലവഴിച്ചുവെന്നും അവിടെ നിന്ന് മറ്റൊരു യൂറോപ്യന്‍ രാജ്യത്തേക്കാണ് അദ്ദേഹത്തിന്റെ ചാര്‍ട്ടര്‍ വിമാനം പറന്നതെന്നും ജോസഫ് അറിയിച്ചു. ലിബിയന്‍ പാര്‍ലിമെന്റായ ജനറല്‍ ദേശീയ കോണ്‍ഗ്രസില്‍ വിശ്വാസ പ്രമേയം പരാജയപ്പെട്ടയുടന്‍, അലി സിദാന്‍ പുറത്ത് കടക്കുന്നത് തടയണമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ റിദ്‌വാന്‍ ജുമുഅ പാസ്‌പോര്‍ട്ട് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അലിയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും പ്രോസിക്യൂട്ടര്‍ ജനറല്‍ പ്രഖ്യാപിച്ചു.