Connect with us

International

റഷ്യക്ക് ജി 7 രാജ്യങ്ങളുടെ മുന്നറിയിപ്പ്‌

Published

|

Last Updated

കീവ്/മോസ്‌കോ: ഉക്രൈനിലെ ക്രിമിയന്‍ മേഖലയില്‍ റഷ്യ നടത്തുന്ന ഇടപെടലില്‍ രൂക്ഷ വിമര്‍ശവുമായി ജി 7 രാജ്യങ്ങള്‍ രംഗത്ത്. ക്രിമിയന്‍ മേഖലയില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്തിരിയണമെന്നും ഉക്രൈനില്‍ നിന്ന് സ്വതന്ത്രമാകാനും റഷ്യക്കൊപ്പം ചേരാനുമുള്ള ക്രിമിയന്‍ ഭരണകൂടത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നും ഇത്തരം നിയമവിരുദ്ധമായ നടപടിക്കെതിരെ ശക്തമായി രംഗത്തുവരുമെന്നും ജി 7 മുന്നറിയിപ്പ് നല്‍കി.
ജി 7 രാജ്യങ്ങളായ ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു എസ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് റഷ്യക്കും ക്രിമിയന്‍ സര്‍ക്കാറിനുമെതിരെ രൂക്ഷമായ പരാമര്‍ശം ഉന്നയിച്ചത്.
ഉക്രൈന്‍ പ്രശ്‌നത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നും ഉക്രൈന്‍ സര്‍ക്കാറിന് സഹായം നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഉക്രൈനിനെ പിന്തുണക്കുന്ന ഇ യു പ്രതിനിധികളും ചേര്‍ന്നാണ് ജി 7ന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഇതോടെ ഉക്രൈന്‍ വിഷയത്തില്‍ റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഒറ്റക്കെട്ടാകുമെന്നത് ഉറപ്പായി. റഷ്യന്‍വിരുദ്ധ നിലാപടുകള്‍ സ്വീകരിക്കുന്ന ഉക്രൈനില്‍ നിന്ന് വേര്‍പിരിയാന്‍ ക്രിമിയന്‍ ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെ രൂക്ഷമായ പ്രതികരണമാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുണ്ടായത്. റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട ഹിതപരിശോധനയില്‍ പരാജയപ്പെട്ടാല്‍ സ്വതന്ത്ര രാജ്യമാകുമെന്ന പ്രമേയം കഴിഞ്ഞ ദിവസം ക്രിമിയന്‍ പാര്‍ലിമെന്റ് പാസാക്കിയിരുന്നു. ഹിത പരിശോധന ഞായാറാഴ്ച നടക്കും.
എന്നാല്‍, റഷ്യന്‍ അനുഭാവികളായ ക്രിമിയന്‍ ജനങ്ങളെ സംരക്ഷിക്കുമെന്ന ഉറച്ച നിലപാടിലാണ് റഷ്യ ഉള്ളത്. റഷ്യക്കനുകൂലമായ സമീപനം സ്വീകരിച്ചതിനെ തുടര്‍ന്ന് അധികാരം ഒഴിയേണ്ടി വന്ന ഉക്രൈന്‍ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിന്റെ അനുയായികള്‍ കൂടിയായ ക്രിമിയന്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് നേരത്തെ റഷ്യന്‍ പ്രസിഡന്റ് അറിയിച്ചിരുന്നു. ഉപരോധമടക്കമുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ റഷ്യ ചെവിക്കൊള്ളില്ലെന്ന് റഷ്യന്‍ വിദേശകാര്യ വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.
അതിനിടെ, റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ സൈനിക സംവിധാനം ശക്തമാക്കിയതായി ഉക്രൈന്‍ ദേശീയ സുരക്ഷാ മേധാവി വ്യക്തമാക്കി. അതിര്‍ത്തി മേഖലയിലെ സൈന്യത്തിന് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്ന് ഏത് സമയവും ആക്രമണം ഉണ്ടായേക്കാവുമെന്നും സൈനിക സന്നാഹം സജ്ജമാക്കണമെന്നും സൈനിക ഉദ്യോഗസ്ഥര്‍ക്ക് ദേശീയ സുരക്ഷാ മേധാവി ആന്‍ഡ്രി പെരൂബി നിര്‍ദേശം നല്‍കി.

---- facebook comment plugin here -----

Latest