മാവോയിസ്റ്റ് ആക്രമണം: എന്‍ ഐ എ അന്വേഷിക്കും

Posted on: March 13, 2014 12:38 am | Last updated: March 13, 2014 at 12:38 am
SHARE

nia-logo-color-thmbറായ്പൂര്‍: ഛത്തിസ്ഗഢില്‍ ചൊവ്വാഴ്ച 15 സുരക്ഷാ ഭടന്മാരുടെയും ഒരു സിവിലിയന്റെയും ജീവന്‍ അപഹരിച്ച മാവോയിസ്റ്റ് ആക്രമണം സംബന്ധിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സി(എന്‍ ഐ എ) അന്വേഷിക്കും. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചതാണ് ഇക്കാര്യം.
ബസ്തറിന്റെ ഡിവിഷണല്‍ ആസ്ഥാനമായ ജഗദല്‍പൂരില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോയിസ്റ്റ് ആക്രമണത്തില്‍ ജീവന്‍ ബലി കൊടുത്ത സെക്യൂരിറ്റി ഭടന്മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാവോയിസ്റ്റ് ആക്രമണം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ഷിന്‍ഡെ കൂടിക്കാഴ്ച നടത്തി.
‘ഈ സുരക്ഷാ ഭടന്മാരുടെ ജീവാര്‍പ്പണം വെറുതെയാകില്ല. നമ്മള്‍ മാവോയിസ്റ്റുകളോട് ശക്തിയായി പോരാടും ‘- മന്ത്രി പറഞ്ഞു. താഴെത്തട്ടില്‍ ഏകോപനത്തില്‍ ചില്ലറ പോരായ്മകള്‍ കണ്ടേക്കാം. കേസന്വേഷണം എന്‍ ഐ എക്ക് കൈമാറാന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് അനുമതി നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് 25ന് ഛത്തീസ്ഗഢില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം 27 പേരുടെ ജീവനപഹരിച്ച മാവോയിസ്റ്റ് ആക്രമണവും എന്‍ ഐ എയാണ് അന്വേഷിക്കുന്നത്.
‘ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനായി മാവോയിസ്റ്റുകള്‍ അക്രമം അഴിച്ചു വിടുകയാണ്. എന്നാല്‍ അവരുടെ ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല. ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതാണ്. ഒരു കുഴപ്പവുമില്ലാതെ ലോക്‌സഭാ തിരഞ്ഞെടുപ്പും നടത്തും’ -ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.