Connect with us

Ongoing News

കേരളവുമായി സഹകരണം വര്‍ധിപ്പിക്കും: ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍

Published

|

Last Updated

തിരുവനന്തപുരം: വിവിധ മേഖലകളില്‍ കേരളവുമായി ബ്രിട്ടന്‍ സഹകരണം വര്‍ധിപ്പിക്കുമെന്ന് ചെന്നൈയിലെ ബ്രീട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത് ജോഷി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ കേരള സര്‍ക്കാറുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കും. നിലവില്‍ അധ്യാപകര്‍ക്കുള്ള ട്രെയിനിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ സഹകരിക്കുന്നുണ്ട്. കേരളത്തിലെ സര്‍വകലാശാലകളെ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കും. ആരോഗ്യ മേഖലയിലെ സഹകരണത്തിനും ബ്രിട്ടന്‍ മുന്‍ഗണന നല്‍കും. വിവിധ മേഖലകളില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള ഗ്രേറ്റ് ബ്രിട്ടീഷ് ഫെസ്റ്റിവല്‍ ഓഫ് കേരള നാളെ കൊച്ചിയില്‍ ആരംഭിക്കും. ചെന്നൈയിലെ ബ്രീട്ടീഷ് ഹൈക്കമ്മീഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സേവനങ്ങള്‍, ഉത്പാദനം, ഡിജിറ്റല്‍ മീഡിയ, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ സഹകരണമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ കേരളവുമായുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് 35 ലധികം ബ്രിട്ടീഷ് കമ്പനികള്‍ പങ്കെടുക്കും.
കേരളവുമായുള്ള ബന്ധത്തെ ബ്രിട്ടന്‍ വില മതിക്കുന്നുവെന്നും വിവിധ മേഖലകളിലെ സഹകരണം ഇരു രാജ്യങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുമെന്നും ഭരത് ജോഷി പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കായി ബ്രിട്ടീഷ് വിസക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം 2012 നേക്കാള്‍ 5 ശതമാനം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം 4,00,741 വിസാ അപേക്ഷകള്‍ ലഭിച്ചു. വിസിറ്റിംഗ് വിസക്ക് അപേക്ഷിച്ചവരുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 3,16,857 പേരാണ് നിലവില്‍ അപേക്ഷിച്ചിരിക്കുന്നത്. 10 ശതമാനം വര്‍ധിച്ച് ജോലിക്കുള്ള വിസ അപേക്ഷകരുടെ എണ്ണം 53,598 ആയി. വിദ്യാര്‍ഥി വിസയുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധിച്ച് 13,608 ആയതായും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ യു കെ ട്രേഡ് സെന്റര്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തി വരികയാണ്. തിരുവനന്തപുത്തെ ബ്രിട്ടീഷ് ലൈബ്രറി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest