എട്ടിക്കുളത്ത് താജുല്‍ ഉലമ അനുസ്മരണ സമ്മേളനം പ്രൗഢമായി

Posted on: March 13, 2014 12:31 am | Last updated: March 13, 2014 at 12:31 am
SHARE

എട്ടിക്കുളം (കണ്ണൂര്‍): നൂറ്റാണ്ടിന്റെ ആത്മീയ പ്രവാഹമായ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരിയുടെ വഫാത്തിന്റെ നാല്‍പ്പതാം ദിനത്തില്‍ എട്ടിക്കുളത്ത് നടന്ന വിവിധ പരിപാടികള്‍ പ്രൗഢമായി. നാടിന്റെ നാനാദിക്കുകളില്‍ നിന്ന് പതിനായിരങ്ങള്‍ ഇന്നലെ എട്ടിക്കുളത്തെ ജനനിബിഢമാക്കി. രാവിലെ താജുല്‍ ഉലമയുടെ മഖ്ബറക്ക് മുന്നില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ തഹ്‌ലീല്‍, ഖത്മുല്‍ ഖുര്‍ആന്‍, പ്രാര്‍ഥന, സിയാറത്ത് തുടങ്ങിയ പരിപാടികളില്‍ സംബന്ധിച്ചു.
സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങിയ പരിപാടിക്ക് താജുല്‍ ഉലമയുടെ കുടുംബാംഗങ്ങള്‍, സാദാത്തുക്കള്‍, സമസ്ത മുശാവറ അംഗങ്ങള്‍, പണ്ഡിത നേതാക്കള്‍ നേതൃത്വം നല്‍കി. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് പതിനായിരങ്ങള്‍ക്ക് ഭക്ഷണ വിതരണം നടന്നു. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ തണ്ണീര്‍ പന്തലൊരുക്കിയിരുന്നു. താജൂല്‍ ഉലമ മഖാമിന്റെ കുറ്റിയടിക്കല്‍ കര്‍മം സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഇ നിര്‍വഹിച്ചു.
വൈകീട്ട് എട്ടിക്കുളം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന അനുസ്മരണ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചീത്താരി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ കലാം മാവൂര്‍, അബ്ദുര്‍റസാഖ് സഖാഫി, പി കെ അബൂബക്കര്‍ മൗലവി, ബി എ അലി മൊഗ്രാല്‍, മുഹ്‌യുദ്ദീന്‍ സഖാഫി മുട്ടില്‍, അബ്ദുര്‍റശീദ് നരിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.