Connect with us

Editorial

സ്ഥാനാര്‍ഥി പട്ടികയിലെ മുസ്‌ലിം പ്രാതിനിധ്യം

Published

|

Last Updated

ഇന്ത്യന്‍ മുസ്‌ലിംകളുടെ സാര്‍വത്രിക മേഖലകളിലുമുള്ള പിന്നാക്കാവസ്ഥ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയതാണ്. ദേശീയ ജീവിതത്തിന്റെ നാനാ തുറകളിലും അതിദയനീയമാണ് ഈ സമുദായത്തിന്റെ സ്ഥിതി. ഇത് പരിഹൃതമാകണമെങ്കില്‍ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ജനസംഖ്യാനുപാതികമായ സംവരണം ഏര്‍പ്പെടുത്തുന്നതോടൊപ്പം നിയമനിര്‍മാണ വേദികളിലും മുസ്‌ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാക്കേണ്ടതുണ്ട്. നിലവില്‍ ജനസംഖ്യാനുപാതികമായി അര്‍ഹിക്കുന്നതിന്റെ പകുതി പോലുമില്ല പാര്‍ലിമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം . പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാന നിയമസഭകളില്‍ മുസ്‌ലിം പ്രാതിനിധികള്‍ പേരിനുപോലുമില്ല. ഗണ്യമായ മുസ്‌ലിം ജനസംഖ്യയുള്ള ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, ആന്ധ്രാപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ അര്‍ഹിക്കുന്നതിനേക്കാള്‍ എത്രയോ കുറവുമാണ്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ്് യാദവ് ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിക്കുകയും പാര്‍ലിമെന്റ്, സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.
രാജ്യം പതിനാറാം പൊതുതിരഞ്ഞെടുപ്പിന് തയാറെടുക്കവേ, ഇക്കാര്യത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധ ക്ഷണിച്ചിരിക്കയാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുന്‍കാലങ്ങളിലെ പോലെ ഇത്തവണയും ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തില്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിമുഖത കാണിക്കുന്നതായാണ് ഇതുവരെയുള്ള സ്ഥാനാര്‍ഥി പ്രഖ്യാപത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും മുസ്‌ലിം വോട്ടുകളുടെ സ്വാധീനം അറിയാവുന്ന പാര്‍ട്ടി നേതൃത്വങ്ങള്‍ സ്ഥാനാര്‍ഥിത്വത്തില്‍ സമുദായത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോള്‍ മുസ്‌ലിം സമുദായത്തെ ആകര്‍ഷിക്കുന്നതിന് വാഗ്ദാനങ്ങള്‍ കോരിച്ചൊരിയുന്നതിലും പുതിയ പദ്ധതികളുടെ പ്രഖ്യാപനത്തിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ കിടമത്സരമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പക്ഷേ സമൂദായത്തെ അവര്‍ വിസ്മരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള ജനസംഖ്യയുടെ 24.7 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തെ പ്രതിനിധാനം ചെയ്തത് കേവലം മുന്ന് സ്ഥാനാര്‍ഥികളായിരുന്നു. ഇതില്‍ മുസ്‌ലിം ലീഗിന്റെ രണ്ട് പേരെ മാറ്റി നിര്‍ത്തിയാല്‍ അവശേഷിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എം ഐ ഷാനവാസ് മാത്രം. സി പി എം സ്ഥാനാര്‍ഥി പട്ടികയില്‍ ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥി പോലുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ല. അതേ സമയം ജനസംഖ്യയുടെ 19 ശതമാനം മാത്രം വരുന്ന ക്രൈസ്തവ സമുദായത്തെ പ്രതിനിധാനം ചെയ്ത് അഞ്ച് അംഗങ്ങളുണ്ട് നിലവിലെ പാര്‍ലിമെന്റില്‍. കേരള കോണ്‍ഗ്രസിന്റെ മാത്രം ബാനറിലല്ല, കോണ്‍ഗ്രസ്, സി പി എം തുടങ്ങിയു മുഖ്യധാരാ പാര്‍ട്ടികളുടെ കൂടി ടിക്കറ്റിലാണ് ഇവര്‍ പാര്‍ലിമെന്റിലെത്തിയത്. 2004, 1999 തിരഞ്ഞെടുപ്പുകളിലെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. രാജ്യസഭാ തിരഞ്ഞെടുപ്പുകളിലെ ചിത്രവും സമാനമാണ്. എ കെ ആന്റണി, എം എം ജേക്കബ്, കുര്യന്‍ തുടങ്ങി കോണ്‍ഗ്രസ് ബാനറില്‍ ക്രൈസ്തവ പ്രതിനിധികളെ നിരന്തരം രാജ്യസഭയിലേക്കയക്കുന്ന കോണ്‍ഗ്രസ് മുസ്‌ലിംകളെ തഴയുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി മുസ്‌ലിംകളെ അവഗണിച്ചു. മുതിര്‍ന്ന നേതാവ് എം എം ഹസന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ് തുടങ്ങി കോണ്‍ഗ്രസിലെ പ്രമുഖ മുസ്‌ലിം നേതാക്കള്‍ക്ക് ടിക്കറ്റ് നിഷേധിച്ചു. ഈ അവഗണയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയിലെ മുസ്‌ലിം നേതാക്കള്‍ എറണാകുളത്ത് രഹസ്യ യോഗം ചേരുകയും വിവിധ പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
മതേതര രാഷ്ട്രമായ ഇന്ത്യയിലെ ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കായി ശബ്ദിക്കുന്നതിനും അവ കാത്തുസൂക്ഷിക്കുന്നതിനും നിയമനിര്‍മാണ സഭകളില്‍ സാമുദായിക പ്രാതിനിധ്യം ആവശ്യമാണ.് ഷാബാനു കേസ് ഉള്‍പ്പെടെ മുസ്‌ലിം ഇന്ത്യ അഭിമുഖീകരിച്ച പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ സാമുദായിക പ്രതിബദ്ധതയുള്ള മുസ്‌ലിം പാര്‍ലിമെന്റേറിയന്മാര്‍ വഹിച്ച പങ്ക് വിസ്മരിക്കാവതല്ല. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹതപ്പെട്ട പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ജനാധിപത്യപരമായ ബാധ്യത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിസ്മരിക്കരുത്.

Latest