കൊല്ലത്ത് കൊടുത്താല്‍ എവിടെയും കിട്ടും?

Posted on: March 13, 2014 12:27 am | Last updated: March 13, 2014 at 11:30 am
SHARE

Usssssഇത്രയും അനിശ്ചിതത്വം നിറഞ്ഞതും അരാഷ്ട്രീയവുമായ ഒരു പൊതുതിരഞ്ഞെടുപ്പ് ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. അഖിലേന്ത്യാ തലത്തില്‍ രൂപപ്പെട്ടിരിക്കുന്ന യു പി എ, എന്‍ ഡി എ മുന്നണികള്‍ക്ക് തന്നെ നന്നായറിയാം ഇവര്‍ക്ക് തനിയെ ഇന്ത്യ ഭരിക്കാനാകില്ലെന്ന്. ഇന്ത്യയാകെ ഇളക്കിമറിച്ചുകൊണ്ട് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിക്കുന്ന നരേന്ദ്ര മോദിക്ക് തന്നെ വ്യക്തമായറിയാം, അത്ഭുത സംഖ്യയായ 272 പ്ലസ് എന്നത് സാധ്യമേയല്ലയെന്നത്. 10 സംസ്ഥാനങ്ങളില്‍ പോലും (പ്രധാനവും വലുതുമായ) ഒറ്റക്ക് നിന്നാല്‍ സീറ്റ് കിട്ടുന്ന കക്ഷിയല്ല ബി ജെ പി. നാമമാത്രരായ ചില സഖ്യകക്ഷികള്‍(അകാലിദള്‍, മെലിഞ്ഞുണങ്ങിയ ശിവസേന, ഒരുപക്ഷേ പഴയ പ്രതാപം നഷ്ടപ്പെട്ട നായിഡു… തീര്‍ന്നു) മാത്രം കൂടെ.
യു പി എയുടെ അവസ്ഥ പരമ ദയനീയമാണ് എന്ന് പറയാം. രാഹുല്‍ മാജിക്കിന് ഇനി പ്രസക്തിയില്ല. ജനങ്ങളെ ആകര്‍ഷിക്കാന്‍ പുതുതായൊന്നും പറയാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ആഗോളീകരണ നയങ്ങളെ പച്ചക്ക് പിന്താങ്ങിയിരുന്നവര്‍ക്ക് പോലും അത് മഹാഭൂരിപക്ഷത്തിനും ദുരിതം സമ്മാനിച്ചിരിക്കുന്നു എന്ന് മനസ്സിലാകുന്നു. മന്‍മോഹന്‍, ചിദംബരം, അലുവാലിയ, വീരപ്പ മൊയ്‌ലി തുടങ്ങിയവരുടെ പേര് കേട്ടാല്‍ തന്നെ ജനം പല്ലിറുമ്മും. മാസം തോറും മുറ തെറ്റാതെ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുകയും ആധാര്‍ കാര്‍ഡ് തുടങ്ങിയ തട്ടിപ്പുകളിലൂടെ ദരിദ്രരെ കൊള്ളയടിക്കുന്നുവെന്നു മാത്രമല്ല, പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്ന അംബാനിമാര്‍ക്കും അദാനിമാര്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുകയും ചെയ്യുന്നു. ഫലത്തില്‍ യു പി എ എന്നതിന്റെ യഥാര്‍ഥ മുഖം പുറത്തുകണ്ടിരിക്കുന്നു. ഓഹരിക്കമ്പോളം ‘കുതിച്ചുയരുമ്പോള്‍’ നാം തിരിച്ചറിയണം, ജനങ്ങള്‍ കൂടുതല്‍ കൊള്ളയടിക്കപ്പെടുന്നുവെന്ന്.
മൂന്നാം മുന്നണി എന്നത് ഒരു പതിവ് അനുഷ്ഠാന കല മാത്രം. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഏത് മൂന്നണിയില്‍ ചേരണമെന്ന് തീരുമാനിക്കാത്തവരും ഒരുപക്ഷേ, തങ്ങളുടെ അംഗബലം വെച്ച് വിലപേശി ‘പ്രധാനമന്ത്രിസ്ഥാനമടക്കം’ നേടാന്‍ സാധ്യതയുള്ളവരുമായ രാഷ്ട്രീയക്കാരുടെ മുന്നണിയാണത്. അതില്‍ ഇടതുപക്ഷവും മുലായം സിംഗുമൊഴിച്ചുള്ള കക്ഷികള്‍ (11 കക്ഷികള്‍) മുമ്പ് തന്നെ ബി ജെ പി മുന്നണിയുമായി സഖ്യമുണ്ടാക്കിയവയാണ്. ഏത് കക്ഷിക്കും തരം കിട്ടിയാല്‍ യു പി എയുടെ കൂടെക്കൂടാം. (മതേതരത്വം ശക്തിപ്പെടുത്താനെന്ന മുദ്രാവാക്യം കൈവശമുണ്ട്. മോദിയുടെ കൂടെയാണെങ്കില്‍ ‘രാഷ്ട്ര പുരോഗതിക്ക്’ എന്നുമാക്കാം.) തങ്ങള്‍ക്ക് അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ അല്‍പ്പം പ്രസക്തിയുണ്ടാക്കുക എന്നതാണ് ഇടതുപക്ഷം മൂന്നാം മുന്നണിയുടെ വക്താക്കളാകുന്നതിന്റെ രഹസ്യം. അല്ലാത്ത പക്ഷം അവര്‍ക്ക് യാതൊരു വിലയുമില്ല. തന്നെയുമല്ല, ഇടതുപക്ഷത്തിന്റെ പഴയ കോട്ടകള്‍ (ആന്ധ്ര, ബീഹാര്‍, തമിഴ്‌നാട് മുതലായവ) ഇന്ന് തീര്‍ത്തും വലതുപക്ഷ നിയന്ത്രണത്തിലാകുകയും ചെയ്തു. ഉറച്ച കോട്ടയായിരുന്ന പശ്ചിമ ബംഗാളില്‍ സ്ഥിതി ഒട്ടും പ്രതീക്ഷാ നിര്‍ഭരമല്ല. നന്ദിഗ്രാമും സിംഗൂരുമടക്കം ചെയ്ത പാപങ്ങള്‍ തിരിഞ്ഞുകൊത്തുകയാണ്, മമതയുടെ രൂപത്തില്‍. കടുത്ത ഇടതുപക്ഷപാതികള്‍ പോലും ബംഗാളില്‍ നിന്നും ‘ഒരു നല്ല വാര്‍ത്ത’ പ്രതീക്ഷിക്കുന്നില്ല. ത്രിപുരയാണ് ഉറച്ച രണ്ട് സീറ്റ്. പിന്നെ കേരളത്തിലെത്തണം. ഈയൊരു സാഹചര്യത്തില്‍ ഇടതുപക്ഷം ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന സംസ്ഥാനമാണ് കേരളം. കേവലം, ‘ദേശീയ കക്ഷി’ പദവിക്കപ്പുറം ഇന്നും ജനങ്ങളില്‍ എന്തെങ്കിലും പ്രതീക്ഷ നിലനിര്‍ത്താന്‍ ഇവിടുത്തെ വിജയം അനിവാര്യമാണ്. എന്നാല്‍, കേരളത്തില്‍ സ്വന്തം ശവക്കുഴി തോണ്ടുന്ന സമീപനമാണ് ഇടതുപക്ഷം (വിശേഷിച്ചും അതിന്റെ നേതൃത്വത്തിലിരിക്കുന്ന സി പി എം) സ്വീകരിച്ചതെന്ന് പറയാതെ വയ്യ.
അഖിലേന്ത്യാ തലത്തില്‍ കക്ഷി, മുന്നണി താത്പര്യങ്ങള്‍ക്കപ്പുറം ഗ്രൂപ്പ് വ്യക്തി താത്പര്യങ്ങള്‍ക്കാണ് എല്ലാ നേതാക്കളും പ്രഥമ പരിഗണന നല്‍കുന്നതെന്ന് വ്യക്തമാണ്. ഏത് നേതാവും ഏത് നിമിഷവും ഏത് പാര്‍ട്ടിയിലേക്കും മാറാവുന്ന അവസ്ഥ. ഇക്കാലമത്രയും മതേതരത്വത്തിന്റെ ചേരിയില്‍ നിന്ന് വീറോടെ വാദിച്ചവര്‍, സീറ്റ് കിട്ടാതെ വന്നാല്‍ ഒറ്റക്കോ ഗ്രൂപ്പായോ മറുകണ്ടം ചാടി തനി വര്‍ഗീയ കക്ഷിയുടെ സ്ഥാനാര്‍ഥിയാകുന്നു. രാഷ്ട്രീയ കക്ഷികള്‍ പ്രത്യയശാസ്ത്രങ്ങളോ നയങ്ങളോ ഒക്കെ മറന്നിട്ട് ഏറെക്കാലമായി തിരഞ്ഞെടുപ്പ് അടുത്താല്‍ പിന്നെ ജനകീയ വിഷയങ്ങളല്ല, തങ്ങള്‍ക്ക് എവിടെ മത്സരിച്ചാല്‍ ജയിക്കാമെന്ന ചിന്ത മാത്രം.
ഇടതുപക്ഷം അല്‍പ്പം രാഷ്ട്രീയബോധത്തോടോ പ്രവര്‍ത്തിക്കുമെന്ന് പലരും കരുതിയിരുന്നു. ഈ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ നമുക്ക് ബോധ്യമാകുന്നത്, വലതുപക്ഷവും ഇടതുപക്ഷവും ഒരുപോലെ അരാഷ്ട്രീയവും വ്യക്തികേന്ദ്രീകൃതവുമായ രീതിയിലാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത് എന്നാണ്. സ്‌പോണ്‍സേര്‍ഡ് സീറ്റും പെയ്‌മെന്റ് സീറ്റുമൊക്കെ മുമ്പ് വലതുപക്ഷക്കാര്‍ക്കിടയില്‍ സ്വാഭാവികമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇടതുപക്ഷവും അതേ രീതിയില്‍ തന്നെ പോകുന്നു.
ഘടകകക്ഷികളെ തീര്‍ത്തും അവഗണിച്ചുകൊണ്ട് സി പി ഐയും സി പി എമ്മും മാത്രമായി മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ കണ്ടെത്തി പ്രഖ്യാപിച്ചത് കടുത്ത തെറ്റ് തന്നെയാണ്. രാഷ്ട്രീയമായി ഇടതുപക്ഷത്തിനുണ്ടായിരുന്ന മേല്‍ക്കൈ പൂര്‍ണമായും തകര്‍ക്കുന്നതായി മാറി, ഈ സ്ഥാനാര്‍ഥി നിര്‍ണയം. യു ഡി എഫ് യഥാര്‍ഥത്തില്‍ അതീവ ദുര്‍ബലമാണ്. നേരിയ ഭൂരിപക്ഷം എന്നത് മാത്രമല്ല, പതിവിലേറെ അനൈക്യം, പി സി ജോര്‍ജാദികളുടെ വായിട്ടലക്കല്‍, സരിതയുടെ തട്ടിപ്പ് സംബന്ധിച്ചുയര്‍ന്ന വിവാദങ്ങള്‍, കസ്തൂരിരംഗന്‍ എന്ന പുകമറയിലൂടെ സൃഷ്ടിക്കപ്പെട്ട അവസ്ഥ ഇങ്ങനെ പലതും അവര്‍ക്കെതിരാണ്. തന്നെയുമല്ല, 2004, 2009 പൊതുതിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനം ഭരിക്കുന്ന മുന്നണിക്ക് ദയനീയ തോല്‍വിയെന്നതാണ് രീതി. ആ നിലക്കും യു ഡി എഫ് തകര്‍ന്നുപോകേണ്ടതാണ്. പക്ഷേ, ഇപ്പോള്‍ ആ അവസ്ഥയല്ല നിലനില്‍ക്കുന്നതെന്ന് നിഷ്പക്ഷ നിരീക്ഷകര്‍ ഉറപ്പായി പറയും. ‘ഇരു കൂട്ടരും ഒപ്പത്തിനൊപ്പം’ എന്നത് അംഗീകരിച്ചാല്‍ പോലും അത് യു ഡി എഫിന് വന്‍ ജയമാണ്. പരമ്പരാഗതമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിക്കുണ്ടാകാറുള്ള ‘മേല്‍ക്കൈ’ കേരളത്തിലില്ലാതായിട്ട് ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞിരിക്കുന്നു.
മൂന്നര പതിറ്റാണ്ടായി നിലനിന്നുവരുന്ന ഇടതുപക്ഷ ജനാധിപത്യ ഐക്യത്തില്‍ ആദ്യ വിള്ളല്‍ വീണത് 2009ലായിരുന്നു. ജനതാ ദള്‍ പിളര്‍ന്ന് വലിയൊരു വിഭാഗം, എം പി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ വലതു മുന്നണിയിലേക്ക് പോയി. കോഴിക്കോട് / വടകര സീറ്റുകളിലൊന്ന് കിട്ടിയില്ലെന്നുറപ്പായതോടെയായിരുന്നു ഈ മാറ്റം. പകരം പി ഡി പിക്ക് സീറ്റ് നല്‍കുക കൂടി ചെയ്തതോടെയാണ് ഇടതുപക്ഷത്തില്‍ വന്‍ തോല്‍വി ഉറപ്പായത്. ഈ വര്‍ഷം അതേ തെറ്റ് തിരുത്തിയില്ലെന്ന് മാത്രമല്ല, നിലവില്‍ കൂടെ നില്‍ക്കുന്ന ഒരു ഇടതുപക്ഷ കക്ഷിയായ ആര്‍ എസ് പി കൂടി വലത്തോട്ടായിരിക്കുന്നു. ഒരു സീറ്റിന് വേണ്ടി ഒരു ‘ഇടതുപക്ഷ കക്ഷി’ ‘വലത്തോട്ട്’ പോകുന്നത് ശരിയോ? ഇക്കാലമത്രയും വലതുപക്ഷത്തെ അതിനിശിധമായി പ്രതിരോധിച്ചിരുന്ന എന്‍ കെ പ്രേമചന്ദ്രനെപ്പോലൊരു നേതാവ് കൂറ് മാറി വലതുപക്ഷം ചേരുന്നതിന്റെ സാംഗത്യം… ഇതൊക്കെ ന്യായമായ ചോദ്യങ്ങള്‍ തന്നെ. പക്ഷേ, ഇടതുപക്ഷ ഐക്യം നിലനിര്‍ത്താനുള്ള ബാധ്യത സി പി എമ്മിനില്ലേ? തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ എന്ത് ചെയ്താലും സഖറിയയുടെ ഭാസ്‌കരപ്പട്ടേലരും തൊമ്മിയും ആയിരുന്നു കൊള്ളണം സി പി എം ഘടകക്ഷി ബന്ധം എന്ന വാദം ശരിയോ? ഇടതുപക്ഷ ഐക്യം തകര്‍ത്തു, സ്ഥാനാര്‍ഥിത്വം നല്‍കി ഇടതുപക്ഷ പരിപാടി വിജയിപ്പിക്കേണ്ടവരെയാണോ സി പി എം അണിനിരത്തിയിരിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം.
എ ഐ സി സി, കെ പി സി സി അംഗങ്ങളാണ് രണ്ട് പേര്‍. പത്തനംതിട്ടയിലും പൊന്നാനിയിലും സ്ഥാനാര്‍ഥികളാക്കിയത് ഇവരെയാണ്. ഇതിലൊന്ന് പെയ്‌മെന്റ് സീറ്റാണെന്ന ആക്ഷേപം ശക്തമാണ്. 2009ല്‍ പൊന്നാനി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെപ്പറ്റിയും ഇതേ രീതിയില്‍ ആരോപണമുയര്‍ന്നിരുന്നു. ഇവര്‍ക്ക് എന്തെങ്കിലും ‘രാഷ്ട്രീയ ബന്ധം’ ഉണ്ടെന്ന് വാദിക്കാം. എന്നാല്‍ ഒരു വിരമിച്ച ഐ എ എസുകാരന്‍; അതും ഏറ്റവുമധികം വിവാദവിധേയയായിരുന്ന രാഷ്ട്രപതിയുടെ ഉപദേഷ്ടാവായിരുന്ന ദേഹം, സ്ഥാനാര്‍ഥിയാകുന്നതിന്റെ അര്‍ഥം എന്താണ്? ഇത്തരം സ്ഥാനാര്‍ഥികളെ വെറുപ്പോടെ ത്യജിച്ചിരുന്ന മണ്ഡലമാണ് എറണാകുളം. പക്ഷേ, ഈ വ്യക്തിയെ സ്ഥാനാര്‍ഥിയാക്കുന്നതിന് ചില ‘വ്യക്തി, കുടുംബ താത്പര്യങ്ങള്‍’ ഉണ്ടെന്നത് ഒരു രഹസ്യമല്ല. നേതാവിനും കുടുംബങ്ങള്‍ക്കും സ്ഥാനങ്ങളും സഹായങ്ങളും നല്‍കുന്ന വ്യക്തി പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ നേതാക്കള്‍ക്കെങ്ങനെ കഴിയും? ഇതിന് കഴിയാത്തവര്‍ നേതാവായി ഇരിക്കുന്നതെന്തിന്? മറ്റാരെയും കിട്ടാത്തതിനാലാണോ എന്നറിയില്ല, പിന്നെ ഒരു സ്ഥാനാര്‍ഥി ഹാസ്യനടനാണ്. ചാര്‍ലി ചാപ്ലിനെപ്പോലെ ശക്തമായ സാമൂഹിക വിമര്‍ശം നടത്തുന്ന രാഷ്ട്രീയ ഹാസ്യമല്ല വിഷയം. മറിച്ച് വന്‍ താരങ്ങളുടെ ഏജന്റായി നിന്ന് തൊഴിലാളികെ ചൂഷണം ചെയ്യുന്നതിന് ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള നടനാണ് ഇദ്ദേഹം. കേരളം കണ്ടിട്ടുള്ള ഏറ്റവും ധീരനായ ഇടതുപക്ഷ കലാകാരനായിരുന്ന തിലകന്റെ ജീവിതം കുളം തോണ്ടാന്‍, സൂപ്പര്‍ താരങ്ങളുടെ ആജ്ഞാനുവര്‍ത്തിയായ ദേഹം. വന്ദ്യവയോധികനും ഇടതുപക്ഷത്തിന്റെ സഹയാത്രികനുമായ ഡോ. സുകുമാര്‍ അഴീക്കോടിനെ പുളിച്ച ഭാഷയില്‍ തെറി പറഞ്ഞതും ഇദ്ദേഹം തന്നെ. തീര്‍ച്ചയായും ഇന്നത്തെ ‘ഇടതുപക്ഷ’ത്തിന് യോജ്യന്‍ തന്നെ ഇദ്ദേഹം.
പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയവരെപ്പറ്റി പറയേണ്ടതില്ല. നേതാവിനോടുള്ള വിധേയത്വം മാത്രമാണ് മാനദണ്ഡം എന്ന് തീര്‍ച്ച. ‘പാര്‍ട്ടിയെ പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ലെ’ന്ന് പറയുന്ന നേതാക്കള്‍ക്ക് ‘ജനങ്ങള്‍ളെപ്പറ്റി ഒരു ചുക്കുമറിയില്ലെ’ന്നാണോ? ഈ തിരഞ്ഞടുപ്പില്‍ എങ്ങനെയെങ്കിലും വിജയിച്ച് ഒരു അവിയല്‍ സംവിധാനത്തില്‍ ‘മന്ത്രി സ്ഥാനം’ തരപ്പെടുത്താമെന്നു കരുതിയാണത്രേ എം എ ബേബി കൊല്ലത്തേക്ക് അങ്കത്തിനിറങ്ങിയത്. ഇത് തന്നെയാണ് പ്രേമചന്ദ്രന്റെയും മോഹം. ബി ജെ പിയിതര സര്‍ക്കാര്‍ വന്നാല്‍ ഇവരില്‍ ആര് ജയിച്ചാലും മന്ത്രിയെന്ന ‘ഭാഗ്യ’വും കൊല്ലത്തിനുണ്ടാകും.
പ്രശ്‌നമതല്ല, വലതുപക്ഷത്ത് കാലുമാറ്റവും കൂറു മാറ്റവുമൊന്നും അത്ര വിഷയമല്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈയവസ്ഥ ഇടതുപക്ഷത്തും വന്നിരിക്കുന്നു എന്ന് കാണണം. ഇടതുപക്ഷത്ത് നിന്ന് ജയിച്ച് എം പിയും എം എല്‍ എയുമായവരും ആകുന്നതിന്റെ തൊട്ടടുത്തെത്തിയവരും നേരെ മറുകണ്ടം ചാടിയ അനുഭവങ്ങള്‍ നമുക്കിന്ന് ധാരാളമായിട്ടുണ്ട്. ഒറ്റപ്പാലം എം പിയായിരുന്ന ശിവരാമന്‍, ആലപ്പുഴ ഡോ. കെ എസ് മനോജ്, ശെല്‍വരാജ്(നെയ്യാറ്റിന്‍കര), സിന്ധു ജോയ്, മഞ്ഞളാംകുഴി അലി, എ പി അബ്ദുല്ലക്കുട്ടി, അല്‍ഫോണ്‍സ് കണ്ണന്താനം, (ഒരു ചോയ്‌സിന് വേണ്ടിയാകണം ടിയാന്‍ ബി ജെ പിയിലേക്ക് പോയി) തുടങ്ങിയവരെല്ലാം വലതുപക്ഷത്തേക്ക് നേരെ പോയി. ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നവരും അതേ വഴി സ്വീകരിച്ചാല്‍ വോട്ട് ചെയ്യുന്നവര്‍ വിഡ്ഢികളാകും. അല്ലെങ്കിലും എന്നും വിഡ്ഢികളാക്കപ്പെടുകയെന്നതാണല്ലോ അവരുടെ വിധി.
വാല്‍ക്കഷ്ണം:
‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ എന്ന പഴമൊഴിക്കൊപ്പം പുതിയ ഒന്നുകൂടി വന്നിരിക്കുന്നു; ‘കൊല്ലത്ത് കൊടുത്താല്‍ എവിടെയും കിട്ടും’