ഇ അഹമ്മദിനെതിരെ ഖാഇദേമില്ലത്തിന്റെ മകനെ മത്സരിപ്പിക്കാന്‍ നീക്കം

Posted on: March 13, 2014 12:19 am | Last updated: March 13, 2014 at 12:19 am
SHARE

മലപ്പുറം: മണ്ഡലം ഭാരവാഹികളുടെ എതിര്‍പ്പ് മറികടന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇ അഹമ്മദിനെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെയുള്ള പ്രത്യേക സാഹചര്യം തിരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ മാറ്റുന്നു. ഇ അഹമ്മദിനെതിരെ ഖാഇദേമില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ മകന്‍ മിയാന്‍ ദാവൂദ് ഖാനെ മലപ്പുറത്ത് ഇ അഹമ്മദിനെതിരെ നിര്‍ത്താനുള്ള നീക്കമാണ് നടക്കുന്നത്. അങ്ങനെ വന്നാല്‍ എല്‍ ഡി എഫിന്റെ പിന്തുണകൂടി മിയാന് ലഭിക്കുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്.

സി പി എം സംസ്ഥാന സമിതി അംഗവും മഹിളാ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റുമായ പി കെ സൈനബയെയാണ് മലപ്പുറത്ത് ഇപ്പോഴത്തെ സി പി എം സ്ഥാനാര്‍ഥിയായി കണ്ടത്. എന്നാല്‍ പി കെ സൈനബ മണ്ഡലത്തിന് അപരിചിതയാണെന്നും ദുര്‍ബലയായ സ്ഥാനാര്‍ഥിയാണെന്നും സി പി എം പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, പി കെ സൈനബയെ മാറ്റിയാല്‍ പിന്തുണക്കാമെന്ന് ചില സംഘടനകള്‍ സി പി എം നേതൃത്വത്തിന് ഉറപ്പ് നല്‍കിയതായും പറയുന്നുണ്ട്.
ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലുള്ള അഹമ്മദ്‌വിരുദ്ധ വികാരം മുതലാക്കി മണ്ഡലം പിടിക്കാനാകുമെന്നാണ് സി പി എം നേതൃത്വം കണക്കുകൂട്ടുന്നത്. പി കെ സൈനബയെങ്കില്‍, ദുര്‍ബലയായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മുസ്‌ലിം ലീഗിന് വിജയം എളുപ്പമാക്കിക്കൊടുക്കുകയാണെന്ന ആരോപണത്തിന് ഏണിവെച്ചുകൊടുക്കുകയുമാവും. മാത്രമല്ല, മലപ്പുറത്ത് ഏറെ വോട്ടര്‍മാരുള്ള മുസ്‌ലിം വിഭാഗത്തിന്റെ വോട്ടുകള്‍ പിടിക്കാന്‍ സൈനബക്ക് കഴിയുമെന്ന ധാരണ സി പി എമ്മിനില്ല.
എന്നാല്‍ മിയാന്‍ ദാവൂദ് ഖാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലും അറിയപ്പെടുന്ന വ്യക്തിയാണ്. നേരത്തെ തന്നെ ഇദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ അഹമ്മദ്‌വിരുദ്ധനാണ്. ഇതെല്ലാം കണക്കാക്കുമ്പോള്‍ അഹമ്മദിന് ഏറ്റവും നല്ല എതിരാളി മിയാന്‍ ദാവൂദ് ഖാനാണെന്ന് സി പി എം കണക്കുകൂട്ടുന്നു. അതിനിടെ, പി കെ സൈനബയെ മാറ്റി എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കാന്‍ സി പി എം ശ്രമം നടത്തിയിരുന്നെങ്കിലും അഹമ്മദ് സ്ഥാനാര്‍ഥിയാണെങ്കില്‍ മത്സര രംഗത്തുണ്ടാകില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
എന്നാല്‍ വനിതകള്‍ക്ക് മികച്ച പ്രാതിനിധ്യം എന്ന നിലയില്‍ പി കെ ശ്രീമതിയെ കണ്ണൂരിലും സൈനബയെ മലപ്പുറത്തും നിശ്ചയിച്ച പാര്‍ട്ടിക്ക് ഇതില്‍ നിന്ന് പിറകോട്ടുപോകല്‍ അത്ര എളുപ്പമല്ല. ദേശീയ പാര്‍ട്ടി പദവി തുടരാന്‍ സി പി എമ്മിന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുക അനിവാര്യമായതും അവരെ വിഷമവൃത്തത്തിലാക്കുന്നുണ്ട്.