Connect with us

Ongoing News

പദ്ധതി നിര്‍വഹണ നിരീക്ഷണം; കേരള മാതൃക ലോകശ്രദ്ധ നേടി

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ പദ്ധതി നിര്‍വഹണത്തിലെ മികവ് വിലയിരുത്തല്‍ വിജയകരമായി നിര്‍വഹിക്കുന്നതില്‍ കേരളം ലോകശ്രദ്ധ നേടി. മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാക്കാന്‍ ഇക്കാര്യത്തിലുള്ള കേരളത്തിന്റെ പ്രവര്‍ത്തന പരിപാടികളുടെ വിശദാംശങ്ങള്‍ കൈമാറണമെന്ന് യു എന്‍ ഡി പി സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. യു എന്‍ ഡി പി, ലോകബേങ്ക് എന്നിവ സംയുക്തമായി ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി സി എന്നിവിടങ്ങളില്‍ നടത്തിയ യോഗങ്ങളില്‍ ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തന മാതൃക അവതരിപ്പിച്ച ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണോടാണ് യു എന്‍ ഏജന്‍സി ഇക്കാര്യം അഭ്യര്‍ഥിച്ചത്. പദ്ധതി നിര്‍വഹണത്തിന്റെ നിരീക്ഷണത്തിന്റെയും വിലയിരുത്തലിന്റെയും (പി എം ഇ എസ്) ഭാഗമായി തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ രണ്ട് റിസള്‍ട്ട് ഫ്രെയിം വര്‍ക്ക് ഡോക്‌മെന്റുകള്‍ സംസ്ഥാനം വിജയകരമായി തയ്യാറാക്കുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ 2011-12 മുതല്‍ പി എം ഇ എസ് നടപ്പിലാക്കിവരുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പെര്‍ഫോര്‍മന്‍സ് മാനേജ്‌മെന്റ് ഡിവിഷന്റെ സഹകരണത്തോടെയാണിത്. പി എം ഇ എസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി രണ്ട് ആര്‍ എഫ് ഡികള്‍ തയ്യാറാക്കിയത് കേരളത്തെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലെത്തിച്ചു. ആര്‍ എഫ് ഡി നടപ്പാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ പുതുതായി ഏര്‍പ്പെടുത്താതെ നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിക്കുക എന്ന രീതിയാണ് കേരളം സ്വീകരിച്ചത്. ഇത് വകുപ്പുകളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി. ഈ നടപടിയാണ് സംസ്ഥാനത്തിന്റെ നേട്ടത്തിന്റെ കഥ യു എന്‍ ഡി പി യുടെയും ലോകബേങ്കിന്റെയും മുന്നില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കിയത്.

 

Latest