തെരുവ് വിളക്കുകള്‍ സി എഫ് എല്ലാക്കാന്‍ പദ്ധതി

Posted on: March 13, 2014 12:16 am | Last updated: March 13, 2014 at 12:16 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധികളിലെ തെരുവു വിളക്കുകളില്‍ സി എഫ് എല്ലുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. വൈദ്യുത ഉപഭോഗം കുറക്കാന്‍ നിലവിലുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ മാറ്റി പകരം സി എഫ് എല്ലുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.
സംസ്ഥാന വൈദ്യുത വകുപ്പിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്റ് സര്‍വീസസ് ലിമിറ്റഡാണ് പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഇതു സംബന്ധിച്ച പ്രൊപ്പോസല്‍ സര്‍ക്കാറിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സി എഫ് എല്‍ ലാമ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ ഇന്‍വെസ്റ്റ്‌മെന്റും എനര്‍ജി എഫിഷ്യന്റ് സര്‍വീസസ് ലിമിറ്റഡ് തന്നെ നിര്‍വഹിക്കുമെന്നാണ് പ്രൊപ്പോസലില്‍ പറഞ്ഞിരിക്കുന്നത്. എല്‍ ഇ ഡി ലൈറ്റുകള്‍ മാറ്റി സി എഫ് എല്ലുകള്‍ സ്ഥാപിച്ചാല്‍ ഇപ്പോഴുള്ള വൈദ്യുത ഉപഭോഗത്തിന്റെ അമ്പത് ശതമാനം ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലപ്പുറത്തെ പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സി എഫ് എല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്‍ ഇ ഡി ലൈറ്റുകള്‍ക്ക് ഉപയോഗിക്കുന്ന ആട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് മെക്കാനിസം തന്നെയാണ് സി എഫ് എല്‍ ലാമ്പുകള്‍ക്കും ഉപയോഗിക്കുന്നത്. കോര്‍പറേഷനുകളുമായും മുനിസിപ്പാലിറ്റികളുമായും ബന്ധപ്പെട്ട ശേഷമേ ഇവ സ്ഥാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. അതേസമയം തിരുവനന്തപുരം നഗരസഭ നിലവില്‍ വൈദ്യുതി ലാഭിക്കാന്‍ സൗരോര്‍ജം ഉപയോഗിച്ചുള്ള പദ്ധതിക്ക് ജന്റം പദ്ധതി പ്രകാരം അപേക്ഷിച്ചിട്ടുണ്ട്. നിലവിലുള്ള എല്‍ ഇ ഡി ലൈറ്റുകള്‍ തന്നെ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ലാഭിക്കാനാണ് പദ്ധതി.